ക്രൂരതക്ക്​ അവസാനമില്ല; ലീലയുടെ താൽക്കാലിക ഷെഡും പൊളിച്ചു, സഹോദരപുത്രനെതിരെ കേസ്

പറവൂർ: പെരുമ്പടന്ന വാടാപ്പിള്ളിപ്പറമ്പ് ലീല (56) താമസിച്ച വീട് പൊളിച്ച് മാസങ്ങൾ പിന്നിടുംമുമ്പേ ഇവർ അന്തിയുറങ്ങിയിരുന്ന താൽക്കാലിക ഷെഡും പൊളിച്ചുകളഞ്ഞു. സംഭവത്തിൽ സഹോദരപുത്രൻ രമേശിനെതിരെ ലീല പൊലീസിൽ പരാതി നൽകി.

ലീല താമസിച്ച വീട് കഴിഞ്ഞ ഒക്ടോബറിൽ രമേഷ് മണ്ണുമാന്തിയന്ത്രം കൊണ്ട് പൊളിച്ചുകളഞ്ഞിരുന്നു. ആ സംഭവത്തിൽ രമേശിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു. അന്തിയുറങ്ങാൻ ഇടമില്ലാതായ ലീലക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ താൽക്കാലിക ഷെഡ് ഒരുക്കുകയും ചെയ്തു. പൊളിച്ചുകളഞ്ഞ വീടിന് സമീപം നിർമിച്ച ഷീറ്റ് മേഞ്ഞ താൽക്കാലിക ഷെഡിലായിരുന്നു അഞ്ചുമാസമായി ലീലയുടെ താമസം. ഇതാണ് ഇപ്പോൾ പൊളിച്ചത്.

ആദ്യം പൊളിച്ച വീട്ടിൽ രമേശിനും കുടുംബത്തിനുമൊപ്പം അവിവാഹിതയായ ലീലയും താമസിച്ചിരുന്നു. ആ വീടിരുന്ന സ്ഥലം ലീലയുടെ സഹോദരനും രമേശിന്‍റെ അച്ഛനുമായ പരേതനായ കൃഷ്‌ണന്‍റെ പേരിലാണ്. എന്നാൽ, പൊളിച്ചുകളഞ്ഞ വീട് ലീലയുടെ മറ്റൊരു സഹോദരൻ പരേതനായ ശിവന്‍റെ പേരിലായിരുന്നു.

ലീലക്കും സഹോദരങ്ങൾക്കും അവകാശമുള്ള ഏഴുസെന്റ് പെരുമ്പടന്നയിൽതന്നെ മറ്റൊരിടത്ത് ഉണ്ടായിരുന്നു. അതിൽ രമേശിന്‍റെ പിതാവിന്‍റെ ഒഴികെ സഹോദരങ്ങളുടെ വീതം ലീലക്ക്​ നൽകിയിരുന്നു. അവിടെ ആറുസെന്‍റിൽ ലീലക്കായി ടൗൺ മർച്ചന്‍റ്​സ്​ അസോസിയേഷൻ പുതിയ വീട് നിർമിക്കുന്നുണ്ട്. വീടിന്‍റെ തറ നിർമാണം പൂർത്തീകരിച്ചു. താൽക്കാലിക ഷെഡ് പൊളിച്ചതിനെത്തുടർന്ന്​ ലീല ബന്ധുവീട്ടിൽ അഭയം തേടി.

Tags:    
News Summary - Leela's temporary shed also demolished, case against nephew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.