നിയമസഭ ചോദ്യങ്ങളിൽ വെട്ടിനിരത്തൽ; വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ നേരിട്ട് മറുപടി ഒഴിവാക്കാൻ ചോദ്യങ്ങളുടെ തരംമാറ്റി

തിരുവനന്തപുരം: സർക്കാറിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിൽ നിർത്തിയ വിവാദ വിഷയങ്ങളിലെ നിയമസഭ ചോദ്യങ്ങൾക്ക് നേരിട്ടുള്ള മറുപടി ഒഴിവാക്കി വെട്ടിനിരത്തൽ. നിയമസഭയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് മറുപടി പറയാൻ പ്രതിപക്ഷ അംഗങ്ങൾ സമർപ്പിച്ച നക്ഷത്രചിഹ്നമിട്ട ചോദ്യനോട്ടീസുകൾ നിയമസഭ സെക്രട്ടേറിയറ്റ് നക്ഷത്രചിഹ്നമില്ലാത്ത ചോദ്യങ്ങളാക്കി മാറ്റി. സമീപകാലത്ത് സർക്കാർ പ്രതിരോധത്തിലായ എ.ഡി.ജി.പി -ആർ.എസ്.എസ് കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ, കാഫിർ സ്ക്രീൻ ഷോട്ട് വിവാദങ്ങളിൽ നൽകിയ 49 ചോദ്യനോട്ടീസുകളാണ് നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മാറ്റിയത്. ഇതോടെ വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിക്ക് സഭയിൽ നേരിട്ട് മറുപടി പറയേണ്ട സാഹചര്യം ഒഴിവായി.

നിയമസഭ സെക്രട്ടേറിയറ്റിന്‍റെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കർക്ക് കത്ത് നൽകി. നിയമസഭ നടപടി ചട്ടം 36, സ്പീക്കറുടെ ഒന്നാം നമ്പര്‍ നിര്‍ദേശം, മുന്‍കാല റൂളിങ്ങുകള്‍ എന്നിവക്ക് വിരുദ്ധമായി 49 ചോദ്യ നോട്ടീസുകള്‍ നക്ഷത്ര ചിഹ്നം ഇടാത്തവയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയും സതീശൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസില്‍ വര്‍ഗീയശക്തികളുടെ ഇടപെടല്‍, എ.ഡി.ജി.പി-ആര്‍എസ്എസ് കൂടിക്കാഴ്ച, തൃശൂര്‍ പൂരം തടസ്സപ്പെട്ട സംഭവം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, എ.ഡി.ജി.പി എന്നിവർക്കെതിരായ ആരോപണങ്ങൾ, പൊലീസ് സേനയിലെ ക്രിമിനല്‍വത്കരണം, സ്വര്‍ണക്കടത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍, കോഴിക്കോട്ടെ മുഹമ്മദ് ആട്ടൂരിന്റെ തിരോധാനം, കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് എന്നീ വിഷയങ്ങളിലെ ചോദ്യങ്ങളാണ് നക്ഷത്ര ചിഹ്നം ഇല്ലാത്തവയാക്കി മാറ്റിയത്.

കെ. ബാബു (തൃപ്പൂണിത്തുറ), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സനീഷ് കുമാര്‍ ജോസഫ്, എ.പി. അനില്‍കുമാര്‍, ഐ.സി. ബാലകൃഷ്ണന്‍, ടി.വി. ഇബ്രാഹിം, എല്‍ദോസ് പി. കുന്നപ്പിള്ളില്‍ എന്നിവർക്ക് നറുക്കെടുപ്പിലൂടെ ഒക്ടോബർ ഏഴിന് സഭയിൽ നേരിട്ട് ചോദ്യങ്ങൾക്ക് മുൻഗണന ലഭിച്ചിരുന്നു. ഇവരുടെ നക്ഷത്രചിഹ്നമിട്ട ചോദ്യനോട്ടീസുകളാണ് വലിയ പരിഗണന ഇല്ലാത്ത വിഭാഗത്തിലേക്ക് മാറ്റിയത്. നക്ഷത്രചിഹ്നം ഇടാത്തവക്ക് രേഖാമൂലം മാത്രമാണ് മറുപടി നൽകുന്നത്. ഇവ സമയബന്ധിതമായി നൽകാറുമില്ല. നക്ഷത്രചിഹ്നം ഇട്ട ചോദ്യങ്ങളിൽ സഭാതലത്തിൽ വരുന്നവയിൽ അംഗങ്ങൾക്ക് ഉപചോദ്യങ്ങൾക്കുള്ള അവസരവും നൽകേണ്ടിവരും.

Tags:    
News Summary - Legislative Assembly Questions reclassified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.