തിരുവനന്തപുരം: മഴയായും രാത്രിമഴയായും മകരമഞ്ഞായും ഇടവപ്പാതിയായും അഭ്രപാളിയില്‍ വിസ്മയം തീര്‍ത്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ ഒാർമയായി. ഭൗതികശരീരം തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മതചടങ്ങ ് ഒഴിവാക്കിയായിരുന്നു സംസ്‌കാരം.
ബുധനാഴ്ച രാവിലെ യൂനിവേഴ്സിറ്റി കോളജിൽ മൃതദേഹം പൊതുദർശനത്തിന് െവച്ചപ്പോൾ സഹപാഠികളും വിദ്യാർഥികളും ചലച്ചിത്ര, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും അന്ത്യാഞ്ജലി അർപ്പിച്ചു. ‘ചൈത്രം ചായം ചാലിച്ചു’, ‘പോക്കുവെയിൽ പൊന്നുരുകി പുഴയിൽ വീണു’, ‘ഒരു വട്ടം കൂടി’, ‘ഇരുളിൻ മഹാനിദ്രയിൽ’ തുടങ്ങി ലെനിൻ സിനിമകളിലെ ശ്രദ്ധേയ ഗാനങ്ങൾ പതിഞ്ഞ ശബ്ദത്തിൽ യൂനിവേഴ്സിറ്റി കോളജിനെ ദുഃഖസാന്ദ്രമാക്കി.
സിനിമാ ജീവിതവുമായി അഭേദ്യബന്ധമുള്ള കലാഭവൻ തിയറ്ററിനു മുൻവശം ലെനിെൻറ സിനിമകളുടെ പേരും രംഗങ്ങളും മുദ്രണം ചെയ്ത ഫ്ലക്സ് ഒരുക്കിയാണ് അന്ത്യയാത്രയെ വരവേറ്റത്. തിയറ്റർ അങ്കണത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ വെള്ളിത്തിരയിലെ ലെനിെൻറ മുഖവും പാട്ടുകളും തെളിഞ്ഞു. മന്ത്രിമാരും ജനപ്രതിനിധികളും സിനിമാ, സാംസ്‌കാരിക പ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. പിന്നീട് വിലാപയാത്രയായി ശാന്തികവാടത്തിലേക്ക്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എം. വിജയകുമാർ തുടങ്ങിയവർ ശാന്തികവാടത്തിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.