കൊല്ലം: മാതാവിനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം തടവ്. തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിന് രണ്ടാം പ്രതിക്ക് മൂന്നുവർഷം കഠിനതടവും വിധിച്ചു. പട്ടത്താനം നീതി നഗർ പ്ലാമൂട്ടിൽ കിഴക്കതിൽ സാവിത്രിയമ്മയെ കൊലപ്പെടുത്തിയ കേസിലാണ് മകൻ സുനിൽകുമാറിനെയും കൂട്ടാളി കുട്ടനെയും ശിക്ഷിച്ചത്. പ്രതികൾ 50,000 രൂപ വീതം പിഴയൊടുക്കണം.
സാവിത്രിയമ്മയും മകനും ഒരുമിച്ചാണ് പട്ടത്താനത്തെ വീട്ടിൽ താമസിച്ചിരുന്നത്. സാവിത്രിയുടെ ഉടമസ്ഥതയിലുള്ള അപ്സര ജങ്ഷനിലെ വസ്തുവിന്റെ ഓഹരി ആവശ്യപ്പെട്ട് സുനിൽ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു വന്നിരുന്നു. വീടും വസ്തുവും മൂത്തമകൾ ലാലിക്ക് എഴുതി നൽകാൻ തീരുമാനിച്ചതായി സാവിത്രിയമ്മ പറഞ്ഞതിനെതുടർന്ന് 2019 സെപ്റ്റംബർ മൂന്നിനാണ് സുനിൽ കടുംകൈ ചെയ്തത്. വൈകുന്നേരം വീടിന്റെ ഹാൾ മുറിയിൽ മാതാവിനെ മർദിച്ച് നിലത്ത് വീഴ്ത്തിയ ഇയാൾ തലക്കും മുഖത്തും ഗുരുതരമായി പരിക്കേൽപിച്ചു.
തുടർന്ന് സാവിത്രി ധരിച്ചിരുന്ന നേര്യത് കൊണ്ട് കഴുത്തിൽ മുറുക്കി. മരിക്കാത്തതിനെതുടർന്ന് വീടിന്റെ ഉത്തരത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്താനും ശ്രമിച്ചു. ബോധരഹിതയായി കിടന്ന സാവിത്രിയമ്മയുടെ മരണം ഉറപ്പിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. ഇതിനായി അടുത്തദിവസം പുലർച്ചയോടെ സുഹൃത്തായ കുട്ടനെ വിളിച്ചുവരുത്തി വീട്ടുവളപ്പിൽ കുഴികുഴിച്ചു. സാവിത്രിയമ്മയുടെ ശരീരം കുഴിയിലിട്ട് മൂടുകയായിരുന്നു. അമ്മയെ കാണാനില്ലെന്ന് കാട്ടി ലാലി സെപ്റ്റംബർ 13ന് പരാതിയെ നൽകിയതിനെതുടർന്നാണ് കേസെടുത്തതും പ്രതികളെ പിടികൂടിയതും. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.