കിളിമാനൂർ: അക്ഷയശ്രീ സ്വയംസഹായ സംഘം രൂപവത്കരിച്ച് ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുടെ നേതൃത്വത്തിൽ വീട്ടമ്മമാരെ ഉൾപ്പെടുത്തി ബി.ജെ.പി നിയന്ത്രിത സഹകരണബാങ്കിൽ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ബി.ജെ.പി പ്രവർത്തകനെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പറമ്പ്, നന്ദായ്വനം ചരുവിളവീട്ടിൽ അശോകനാണ് പിടിയിലായത്.
കേസിലെ രണ്ടാം പ്രതിയാണിയാൾ. ഒന്നാം പ്രതിയും ചിറയിൻകീഴ് താലൂക്ക് ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ മുൻ പ്രസിഡന്റുമായ ശിവശങ്കരക്കുറുപ്പ്, മൂന്നാം പ്രതി ശ്രീഗോകുലം ട്രസ്റ്റ് സെക്രട്ടറി അപ്സര എന്നിവർ ഒളിവിലാണെന്നും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.
2020 ആഗസ്റ്റിലാണ് ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ തട്ടിപ്പ് നടന്നത്. ഇവരുടെ നേതൃത്വത്തിൽ നഗരൂർ, കരവാരം പഞ്ചായത്തുകളിലെ വിവി ധ സ്ത്രീകളെ ഉൾപ്പെടുത്തി ‘ശ്രീഗോകുലം ട്രസ്റ്റ്’എന്ന പേരിൽ ഒരു കടലാസ് ട്രസ്റ്റ് രൂപവത്കരിക്കുകയും, ഇതിന്‍റെ മറവിൽ ട്രസ്റ്റ് പ്രസിഡന്റുകൂടിയായ കേസിലെ ഒന്നാം പ്രതി, താൻ പ്രസിഡന്റായിരിക്കുന്ന ചിറയിൻകീഴ് താലൂക്ക് ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ സൊസൈറ്റിയിൽനിന്ന് അക്ഷയശ്രീയിൽ അംഗമായ സ്ത്രീകളുടെ പരസ്പര ജാമ്യത്തിൽ 22.5 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്.
ഈ തട്ടിപ്പിന് മറ്റു രണ്ടു പ്രതികളും ഒത്താശ നൽകിയിരുന്നത്രേ. ഗോശാല തുടങ്ങാനെന്ന വ്യാജേനയാണ് തട്ടിപ്പ് അരങ്ങേറിയത്. ലോൺ കിട്ടിയസമയത്ത് പ്രതികളുടെ നേതൃത്വത്തിൽ ഏതാനും പശുക്കളുമായി ഗോശാല തുടങ്ങിയെങ്കിലും അധികം വൈകാതെ പശുക്കളെ പ്രതികൾ വിറ്റ് സ്ത്രീകളെ വഞ്ചിക്കുകയായിരുന്നത്രേ. ലോൺ തിരിച്ചടവ് മുടങ്ങിയതോടെ അംഗങ്ങളിൽ പലർക്കും സംഘത്തിൽനിന്ന് വായ്പതിരിച്ചടവിനായി നോട്ടീസ് വന്നതോടെയാണ് 45 സ്ത്രീകൾ വഞ്ചിക്കപ്പെട്ടതായി അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.