തദ്ദേശതെരഞ്ഞെടുപ്പ് അങ്കത്തിന് രാഷ്ട്രീയ പാർട്ടികൾ അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു. കൈയിലുള്ള സീറ്റ് നഷ്ടപ്പെടാതിരിക്കാനും പുതിയ കോട്ടകൾ പിടിച്ചെടുക്കാനുമുള്ള അടവുകളും തന്ത്രങ്ങളും രൂപപ്പെടുത്തുന്ന തിരക്കിലാണ് വിവിധ ജില്ലകളിലെ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങൾ.
വട്ടിയൂർകാവ് ഉപതെരഞ്ഞെടുപ്പ് മുതൽ അന്വേഷണ ഏജൻസികൾ വരെ നീളുന്ന രാഷ്ട്രീയ ഘടകങ്ങൾ, കോവിഡ്കാല ക്ഷേമക്കിറ്റുകൾ മുതൽ കുടിവെള്ളവും കിടപ്പാടവും വരെ തലനാരിഴകീറി നിറയുന്ന പ്രാദേശിക സ്വാധീനങ്ങൾ... ചൂടേറിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെ വാശിയേറിയ പോരിലേക്കാണ് തലസ്ഥാനത്തെ തദ്ദേശത്തട്ട് കാലൂന്നുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ല യു.ഡി.എഫിനൊപ്പമായിരുന്നു. വട്ടിയൂർകാവ് ഉപതെരഞ്ഞെടുപ്പിൽ പക്ഷേ യു.ഡി.എഫ് മണ്ഡലം ഇടതിനൊപ്പം കൂടി.
ജില്ലാ പഞ്ചായത്തിൽ 26 ഡിവിഷൻ. 11 ബ്ലോക്കുകൾ. 73 ഗ്രാമപഞ്ചായത്തുകൾ. നാല് നിയമസഭാ മണ്ഡലങ്ങളുടെ വലിപ്പവും 100 വാർഡുകളുമുള്ള തിരുവനന്തപുരം കോർപറേഷൻ. നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല മുനിസിപ്പാലിറ്റികൾ എന്നിങ്ങനെയാണ് തദ്ദേശ സ്ഥാപനങ്ങളുടെ നേർചിത്രം.
വട്ടിയൂർക്കാവ് വിജയം സമ്മാനിച്ച ആത്മവിശ്വാസമുണ്ട് ഇടതുമുന്നണിക്ക്. സി.പി.എം മത്സരിക്കുന്ന 100 ൽ 70 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞവട്ടം മേയർ സ്ഥാനാർഥികളടക്കം തോറ്റ സാഹചര്യത്തിൽ കരുതലോടെയാണ് മുന്നൊരുക്കങ്ങൾ. വട്ടിയൂർകാവ് കാല സാഹചര്യങ്ങൾ മാറി എന്നതാണ് യു.ഡി.എഫ് വിലയിരുത്തൽ. രണ്ട് ദിവസത്തിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. 2010 ലെ ആറിൽ നിന്ന് 2015 -ലെ 34 ലേക്കുള്ള വളർച്ച ശക്തിപ്പെടുത്താനാണ് ബി.ജെ.പി ശ്രമം.
2010-15 കാലയളവിലൊഴികെ എല്ലാ ടേമുകളിലും ഇടതുപക്ഷത്തിെൻറ കൈവശമാണ് ജില്ല പഞ്ചായത്ത്. മേൽകൈ തുടരാമെന്നാണ് പ്രതീക്ഷ. 26 ഡിവിഷനുകളിൽ 19 ഉം നേടിയാണ് ഭരണം. 2010 ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഇടതുമുന്നണിയുടെ വികസന വീഴ്ചകൾ തുറന്ന് കാട്ടി ഭരണത്തിലേക്കെത്താനാണ് യു.ഡി.എഫ് ശ്രമം.
നഗരസഭകളുടെയും കാര്യത്തിൽ ജീവൻമരണ പോരാട്ടമാണ് യു.ഡി.എഫിന്. വർക്കല, നെടുമങ്ങാട്, െനയ്യാറ്റിൻകര, ആറ്റിങ്ങൽ എന്നിങ്ങനെ നാല് നഗരസഭകളും ഇടതുമുന്നണിയുടെ കയ്യിലാണ്. രണ്ടെണ്ണമെങ്കിലും പിടിച്ചെടുക്കുക എന്നത് അഭിമാനപ്രശ്നമാണ്. ഒന്നും വിടില്ലെന്ന വാശിയിലാണ് ഇടതുക്യാമ്പ്. ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിൽ 49 ഉം എൽ.ഡി.എഫ് കൈവശമാണ്. 21 യു.ഡി.എഫിന്. മൂന്നിടത്ത് ബി.െജ.പി. 11 ബ്ലോക്ക്കളിൽ 10 ഉം എൽ.ഡി.എഫ് ഭരണത്തിലാണ്. ഒരിടത്ത് യു.ഡി.എഫും.
ത്രിതല പഞ്ചായത്തുകളിൽ ഇടത് ആധിപത്യമുള്ള ജില്ലയിൽ ചരിത്രം തിരുത്തിക്കുറിക്കുമെന്ന പ്രതിജ്ഞയിലാണ് യു.ഡി.എഫ്. ജില്ലയിലെ തദ്ദേശ ചരിത്രം ഇടതുപക്ഷത്തിന് അനുകൂലമാണ്. 1975നുശേഷം കോൺഗ്രസിന് ഭരണം ലഭിക്കാത്ത കോഴിക്കോട് കോർപറേഷനും ഇടതുപക്ഷം മാത്രം ഭരിച്ച ജില്ല പഞ്ചായത്തും ഉദാഹരണങ്ങൾ മാത്രം.
നിലവിൽ ജില്ല പഞ്ചായത്തിലെ 27 ഡിവിഷനുകളിൽ 18ഉം എൽ.ഡി.എഫാണ്. ഒമ്പത് യു.ഡി.എഫിന്. കോർപറേഷനിൽ 75ൽ 50ലും എൽ.ഡി.എഫ് കൗൺസിലർമാരാണ്. യു.ഡി.എഫിന് 18. ബി.ജെ.പിക്ക് ഏഴ്. ജില്ലയിലെ ഏഴ് നഗരസഭകളിൽ ആറിടത്തും എൽ.ഡി.എഫിനാണ് ആധിപത്യം. ഒരിടത്തുമാത്രമാണ് യു.ഡി.എഫ് ഭരണം.
70 ഗ്രാമപഞ്ചായത്തുകളിൽ 48ലും എൽ.ഡി.എഫ് ഭരണം. 22 പഞ്ചായത്തുകളാണ് യു.ഡി.എഫ് ഭരിക്കുന്നത്. ചോറോട്, അഴിയൂർ, ഏറാമല പഞ്ചായത്തുകൾ യു.ഡി.എഫ് ഭരണമായിരുന്നു. എൽ.ജെ.ഡി മുന്നണി മാറിയതോടെ എൽ.ഡി.എഫ് ഭരണത്തിലേറി. 12 ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തിലും എൽ.ഡി.എഫാണ്. കൊടുവള്ളി, വടകര ബ്ലോക്ക് പഞ്ചായത്തുകളിൽ മാത്രമാണ് യു.ഡി.എഫ്. തോടന്നൂർ ബ്ലോക്കിലും എൽ.ജെ.ഡി മുന്നണി മാറ്റത്തോടെ ഭരണം നഷ്ടമായി. ത്രിതല പഞ്ചായത്തുകളിൽ 27 വാർഡുകളിൽ വിജയിച്ച ബി.ജെ.പി മുന്നൂറ് സീറ്റിൽ വിജയിക്കുമെന്ന അവകാശവാദവുമായാണ് രംഗത്തുള്ളത്.
നിയമസഭ തെരഞ്ഞെടുപ്പിൽ തദ്ദേശത്തേക്കാളും കൂടുതൽ വോട്ടുകൾ ഇടതുമുന്നണിക്ക് നേടാനായെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിൽ നേരെ മറിച്ചാണ് സംഭവിച്ചത്. ഇടത് വോട്ടുകൾ യു.ഡി.എഫിലേക്ക് ഒഴുകി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ മേൽക്കോയ്മ യു.ഡി.എഫിന് നിലനിർത്താനാവണമെന്നില്ല. വെൽഫെയർ പാർട്ടിയുമായുള്ള നീക്കപോക്ക് ചിലയിടത്ത് തുണയാകുമെന്ന് യു.ഡി.എഫ് നേതൃത്വം കരുതുന്നുണ്ട്.
വി. മുഹമ്മദലി
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിലും തുടർന്ന് നിയമസഭയിലും ഇടതുമുന്നണി മേൽക്കൈ നേടി. എന്നാൽ ലോക് സഭയിലേക്ക് രാഹുൽ വന്നതോടെ വയനാടൻ മനസ് െപട്ടെന്ന് മാറി. സി.പി.എമ്മിെൻറ സ്വന്തം പഞ്ചായത്തുകൾപോലും രാഹുൽ 'ഇഫക്ടി'ൽ ഒഴുകി പോയി .
തെരഞ്ഞെടുപ്പ് ചൂടിലമരുന്നത് 23 ഗ്രാമപഞ്ചായത്തുകൾ, മൂന്ന് നഗര സഭകൾ, നാല് ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ല പഞ്ചായത്ത്. സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും അവസാന ഘട്ടത്തിൽ.
2015ലെ തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്തും മൂന്ന് ബ്ലോക്കുകളും ഒരു നഗരസഭയും യു.ഡി.എഫ് സ്വന്തമാക്കി. എന്നാൽ 16 പഞ്ചായത്തുകളും രണ്ട് നഗരസഭകളും ഒരു ബ്ലോക്കും എൽ.ഡി.എഫ് പിടിച്ചു. വീരേന്ദ്ര കുമാറിെൻറ എൽ.ജെ.ഡി മുന്നണി മാറി എൽ.ഡി.എഫിൽ വന്നതോടെ കൽപറ്റ നഗരസഭ ഭരണം യു. ഡി. എഫിന് നഷ്ടമായി. നഗരസഭകളായ മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും ഇടത് ഭരണം നേടി.
പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്ത് ഭരണം തുടക്കത്തിൽ ഇടതു മുന്നണിക്കായെങ്കിലും യു.ഡി. എഫ് തിരിച്ചുപിടിച്ചു. പനമരത്ത് യു.ഡി.എഫിന് ലഭിച്ച ഭരണം സി.എം.പിയിലെ മലക്കം മറിച്ചിലിൽ എൽ.ഡി.എഫിനായി. സുൽത്താൻ ബത്തേരി നഗരസഭയിൽ മാണി ഗ്രൂപ്പ് കൗൺസിലറുടെ മറുകണ്ടം ചാടൽ യു.ഡി.എഫ് കണക്കുകുട്ടലുകൾ തകർത്തു.
ജില്ലാ പഞ്ചായത്തിലെ 16ൽ 11 യു.ഡി.എഫും അഞ്ച് എൽ.ഡി.എഫും നേടി. എൽ.ജെ.ഡി മുന്നണി മാറിയപ്പോൾ ജില്ലാ പഞ്ചായത്തിലെ ഏക അംഗം മുസ്ലിം ലീഗിൽ ചേർന്നത് യു.ഡി.എഫിന് നേട്ടമായി. ഗ്രാമപഞ്ചായത്തുകളിൽ ഇടതുമുന്നണിക്കാണ് മേൽക്കൈ. നിയമസഭ തെരെഞ്ഞടുപ്പിൽ മൂന്നിൽ രണ്ടും ഇടതിനായി. ലോക് സഭ തെരഞ്ഞെടുപ്പിൽ പഞ്ചായത്തുകളും നിയോജകമണ്ഡലങ്ങളുമെല്ലാം രാഹുൽ ഇഫക്ടിൽ ഒഴുകി പോയി. എല്ലായിടത്തും യു.ഡി.എഫ് മുന്നേറി.
മാണി ഗ്രൂപ്പിന് വലിയ പരിഗണന നൽകി ഇടതുപക്ഷം സീറ്റ് ചർച്ച പൂർത്തിയാക്കി. യു.ഡി.എഫിൽ ഭൂരിഭാഗം സീറ്റുകളും കോൺഗ്രസും ലീഗും വീതിച്ചെടുക്കുന്നു.
വലതിനൊപ്പം ചേർന്നുനിൽക്കുന്ന കോട്ടയത്തിന് ഇളക്കമുണ്ടാകുമോ? ജോസ് പക്ഷത്തിെൻറ മുന്നണിമാറ്റം പലയിടത്തും കക്ഷിനിലയിൽ മാറ്റം ഉണ്ടാക്കി. എന്നാൽ, ഭരണമാറ്റമില്ല. ഇടതുതരംഗത്തിൽപോലും യു.ഡി.എഫിന് മലപ്പുറത്തിനൊപ്പം മേൽെക്കെ നൽകിയിരുന്നു കോട്ടയം. 2015ൽ 71 ഗ്രാമപഞ്ചായത്തിൽ 43ഉം യു.ഡി.എഫിനായിരുന്നു. എൽ.ഡി.എഫ് 28. ആകെ 1140 വാർഡിൽ 548 യു.ഡി.എഫും 385 എൽ.ഡി.എഫും 72 എണ്ണം ബി.ജെ.പിയും വിജയിച്ചു. 135 സീറ്റ് സ്വതന്ത്രരും നേടി.
ജില്ല പഞ്ചായത്തിൽ 14 സീറ്റിൽ യു.ഡി.എഫും എട്ടിൽ എൽ.ഡി.എഫും ജയിച്ചു. ആറിൽ കേരള കോൺഗ്രസ് എം. പിളർപ്പോടെ നാലുപേർ ജോസിെനാപ്പവും രണ്ടുപേർ ജോസഫിനൊപ്പവുമായി. നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പിൽ ഒമ്പത് നിയമസഭ മണ്ഡലങ്ങളിൽ (ഏറ്റുമാനൂരും വൈക്കവും ഒഴികെ) ഏഴിടത്ത് ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും യു.ഡി.എഫിനായിരുന്നു മുൻതൂക്കം. ഏറ്റുമാനൂരിലെ മൂന്നുപഞ്ചായത്തുകൾ ഇടതിനൊപ്പം നിന്നു. വൈക്കം നഗരസഭയും 11 പഞ്ചായത്തും ഭരിക്കുന്നത് ഇടതുമുന്നണിയാണ്.
ആറ് നഗരസഭകളിൽ അഞ്ചിടത്തും യു.ഡി.എഫ് ഭരണമാണ്. ഒരിടത്ത് എൽ.ഡി.എഫ്. പാലാ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ രണ്ടു പഞ്ചായത്തിെലാഴികെ ഇടതുമുന്നണി മുന്നിലെത്തി. കൊഴുവനാൽ-മുത്തോലി പഞ്ചായത്തുകൾ യു.ഡി.എഫ് പക്ഷത്ത് നിന്നു. കോട്ടയം ലോക്സഭ ഉപതെരഞ്ഞെടുപ്പിലും ഭൂരിപക്ഷം പഞ്ചായത്തുകളിലും മുൻതൂക്കം യു.ഡി.എഫിനായിരുന്നു. ഇപ്പോൾ 11 േബ്ലാക്ക് പഞ്ചായത്തുകളിൽ എട്ടിടത്ത് ഭരണം യു.ഡി.എഫിനാണ്. ജോസ് പോയാൽ ജോസഫ് ഉണ്ടെന്നാണ് യു.ഡി.എഫിെൻറ വിശ്വാസം. അപ്പോഴും എൽ.ഡി.എഫിെൻറ വിജയം വഴി തങ്ങളുെട കരുത്ത് ജോസിനു പ്രതിഫലിപ്പിക്കേണ്ടതുണ്ട്. ബി.ജെ.പി ശക്തി തെളിയിക്കാനുള്ള പോരാട്ടത്തിലാണ്.
തദ്ദേശസ്ഥാപനങ്ങളിലെല്ലാം മുസ്ലിം ലീഗിന് വൻ ഭൂരിപക്ഷമുള്ള ജില്ലയാണ് മലപ്പുറം. 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ രണ്ട് എം.പിമാരും റെേക്കാർഡ് ഭൂരിപക്ഷം നേടി. 16 എം.എൽ.എമാരിൽ 11 പേരും ലീഗുകാർ. ജില്ല പഞ്ചായത്തിൽ 32 ഡിവിഷനുകളിൽ 20ലും ലീഗ് അംഗങ്ങൾ. 12 നഗരസഭകളിൽ ഒമ്പതും യു.ഡി.എഫിനൊപ്പം. എട്ടിടത്തും ലീഗ് അധ്യക്ഷന്മാർ. 15 ബ്ലോക്കുകളിൽ 11ഉം ലീഗിന്. 94 പഞ്ചായത്തുകളിൽ യു.ഡി.എഫ് പക്ഷത്തുള്ളത് 51. കോൺഗ്രസ് പിന്തുണയില്ലാതെ ആറ് പഞ്ചായത്തുകളിൽ ലീഗ് ജയിച്ചു. ഇതടക്കം 57 പഞ്ചായത്തുകൾ യു.ഡി.എഫിനൊപ്പം. 35 പഞ്ചായത്തുകളിലാണ് എൽ.ഡി.എഫ് ഭരണമുള്ളത്. രണ്ടിടത്തുണ്ട് ഇടത് നേതൃത്വത്തിലുള്ള ജനകീയ മുന്നണി.
സി.പി.എം, കോൺഗ്രസിലെ ഒരു വിഭാഗം, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ പിന്തുണയോടെ ജനകീയ മുന്നണിയുണ്ടാക്കിയായിരുന്നു മത്സരം. പറപ്പൂർ, കണ്ണമംഗലം, ചേലേമ്പ്ര പഞ്ചായത്തുകളിലാണ് ഈ സഖ്യമുണ്ടായത്. കണ്ണമംഗലത്ത് ലീഗ് ഒറ്റക്ക് അധികാരത്തിൽ വന്നു. ബാക്കി രണ്ട് പഞ്ചായത്തുകളിലും ജനകീയ മുന്നണി ഭരണമാണ്. അരനൂറ്റാണ്ട് ലീഗ് ഭരിച്ച കൂട്ടിലങ്ങാടി പഞ്ചായത്തിൽ വെൽഫെയർ പാർട്ടി പിന്തുണയോടെ സി.പി.എം ഭരണം പിടിച്ചു. ഇക്കുറി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനുറച്ചാണ് യു.ഡി.എഫ് മുന്നോട്ടുപോകുന്നത്. വെൽഫെയർപാർട്ടിയുമായുള്ള നീക്കുപോക്കുകൾ കൂടുതൽ സഹായകരമാകും. ഭരണനേട്ടങ്ങൾ കാട്ടി വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ഇടത് കേന്ദ്രങ്ങൾ.
ജില്ല പഞ്ചായത്ത് (32 ഡിവിഷൻ) മുസ്ലിം ലീഗ് - 20, കോൺഗ്രസ് - 07, സി.പി.എം - 04, സി.പി.െഎ -ഒന്ന്. നഗരസഭകൾ (12)- യു.ഡി.എഫ് -09. (മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, നിലമ്പൂർ, കോട്ടക്കൽ, പരപ്പനങ്ങാടി, തിരൂരങ്ങാടി, വളാഞ്ചേരി, താനൂർ) എൽ.ഡി.എഫ്-03 (പൊന്നാനി, പെരിന്തൽമണ്ണ, തിരൂർ). ബ്ലോക്ക് പഞ്ചായത്ത് (15)- യു.ഡി.എഫ് -12. സി.പി.എം -03. ഗ്രാമ പഞ്ചായത്തുകൾ (94). യു.ഡി.എഫ് -51. ലീഗ് തനിച്ച് -06. എൽ.ഡി.എഫ് -35. ജനകീയ മുന്നണി -02.
ചുവപ്പ് മായ്ക്കാനും മായാതിരിക്കാനും
സംസ്ഥാനത്ത് എൽ.ഡി.എഫിനെ അധികാരത്തിലെത്തിക്കുന്ന പ്രധാന ജില്ലയാണ് കൊല്ലം. ആകെയുള്ള 11 നിയമസഭാ സീറ്റിലും ഇടതുപക്ഷത്തെ ജയിപ്പിച്ചാണ് അവർ അത് ചെയ്യുന്നത്. ലോക്സഭയിലൊഴികെ സമ്പൂർണാധിപത്യമാണ് ഇടതിന്. ജില്ല പഞ്ചായത്തും കോർപറേഷനും നാല് നഗരസഭകളും 11 േബ്ലാക്ക് പഞ്ചായത്തുകളും 68ൽ 57 ഗ്രാമ പഞ്ചായത്തുകളും അവർക്കൊപ്പമാണ്. ജില്ല പഞ്ചായത്തിൽ 26 ഡിവിഷനുകളിൽ 22ലും കോർപറേഷനിലെ 55 ഡിവിഷനുകളിൽ 37ലും ജയിച്ചതും എൽ.ഡി.എഫ്.
ആർ.എസ്.പി മുന്നണി വിട്ടതോടെ എൽ.ഡി.എഫ് എന്നാൽ സി.പി.എമ്മും സി.പി.െഎയും മാത്രവുമാണ്. ബാക്കിയുള്ളവർ പേരിന് മാത്രം. അതേസമയം, ജില്ലയിൽ ഉൾപ്പെടുന്ന മൂന്ന് ലോക്സഭ സീറ്റുകളിൽ രണ്ടിടത്ത് കോൺഗ്രസ് അംഗങ്ങളാണ്. മുമ്പ് മൂന്നിടത്തും അവരായിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തിലെ ഇൗ മുൻതൂക്കം തന്നെയാണ് ഇടതുപക്ഷം നേരിടുന്ന വെല്ലുവിളി. കൂടുതൽ കിട്ടിയില്ലെങ്കിലും, ഉള്ളത് കുറയാതെ കാക്കണം. എങ്കിൽ മാത്രമേ, നിയമസഭ തെരഞ്ഞെടുപ്പ് നേരിടാനാവൂ. സമീപകാല വിവാദങ്ങൾ തിരിച്ചടിയാവുേമായെന്ന ആശങ്കയുെണ്ടങ്കിലും വികസനം കൊണ്ട് നേരിടാമെന്നാണ് പ്രതീക്ഷ.
സംസ്ഥാന രാഷ്ട്രീയത്തിലെ വിവാദങ്ങൾ നൽകുന്ന വഴിയിലൂടെ കയറി ഇടതുകോട്ടയിൽ വിള്ളലുണ്ടാക്കാമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. ഇതുപോലൊരു അവസരം ഇനി കിട്ടില്ലെന്നും അവർ കരുതുന്നു. തദ്ദേശത്തിൽ കിട്ടുന്ന നേട്ടമെന്തും നിയമസഭയിൽ മുതൽകൂട്ടാവുമെന്നതിനാൽ അതിനുള്ള ശ്രമത്തിലാണവർ. പ്രതീക്ഷ വന്നതിനാൽ സ്ഥാനാർഥി മോഹികളുടെ എണ്ണവും കൂടി. ബി.ജെ.പിക്ക് പലയിടത്തും തദ്ദേശ പ്രതിനിധികളുണ്ടെങ്കിലും ഒരിടത്തും ഭരണമില്ല. ഇത്തവണ ശക്തിതെളിയിക്കാനുള്ള ശ്രമം അവർ നടത്തുന്നു. എൻ.ഡി.എയിലെ പ്രധാനകക്ഷി ബി.ഡി.ജെ.എസാണ്. അവരുടെ പിൻബലം എസ്.എൻ.ഡി.പി യോഗമാണ്. ബി.ജെ.പി ജില്ല പ്രസിഡൻറ് എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറുമാണ്. എന്നാൽ മറ്റൊരു യൂനിയൻ പ്രസിഡൻറ് കെ.പി.സി.സി വൈസ് പ്രസിഡൻറാണ്. കൊല്ലം മേയർ സ്ഥാനം വനിതാ സംവരണമാണ്.
2014ൽ ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശത്തിലും നിയമസഭയിലും മനം മയക്കുന്ന വിജയം നേടിയ ഇടതുമുന്നണിക്ക് കടുത്ത ആഘാതമായിരുന്നു 2019 ലോക്സഭ തെരഞ്ഞെടുപ്പ്. ആ കയ്പ് തീർന്നിട്ടില്ല. ലോക്സഭ ഫലത്തിെൻറ തനിയാവർത്തനമാണ് യു.ഡി.എഫ് പ്രതീക്ഷ. യു.ഡി.എഫ്, പ്രത്യേകിച്ച് കോൺഗ്രസ് നല്ല നീക്കം നടത്തിക്കഴിഞ്ഞു. സ്ഥാനാർഥി നിർണയ സമിതിയും ഏതാണ്ട് സ്ഥാനാർഥി ധാരണയുമായി.
ഇടതുമുന്നണി പലയിടത്തും സ്വതന്ത്രരെ പരീക്ഷിക്കും. തൃശൂർ കോർപറേഷനിൽ ഉൾപ്പെടെ പ്രതിപക്ഷ കക്ഷികളിൽനിന്ന് നേതാക്കളെ അടർത്തിയെടുത്തുള്ള നീക്കവും സജീവം. ഒരു ഗ്രാമപഞ്ചായത്തിൽ ഭരണവും കൊടുങ്ങല്ലൂർ നഗരസഭയിൽ രണ്ടാം കക്ഷിയുമായ ബി.ജെ.പിയും അടിതടയുമായി രംഗത്തുണ്ട്. 2010ൽ 46 സീറ്റുമായി കോര്പറേഷൻ ഭരിച്ച യു.ഡി.എഫ് 2015ൽ 21ലേക്ക് ഒതുങ്ങി. എല്.ഡി.എഫ് ഏഴില്നിന്ന് 23ലേക്കെത്തി. ബി.ജെ.പി രണ്ടിൽനിന്ന് ആറിലേക്കും. ജില്ല പഞ്ചായത്തിൽ 2010ൽ 12 സീറ്റ് ഉണ്ടായിരുന്ന ഇടതുമുന്നണി 29 ഡിവിഷനിൽ 20 നേടിയാണ് 2015ൽ ഭരണത്തിലെത്തിയത്. 86 ഗ്രാമപഞ്ചായത്തിൽ 66 ഇടതുമുന്നണിയും 19 യു.ഡി.എഫും നേടി. ബി.ജെ.പി ഒന്നിലൊതുങ്ങി; അവിണിശേരിയാണത്.
ഏഴ് നഗരസഭകളിൽ ഇരിങ്ങാലക്കുടയിൽ നറുക്കെടുപ്പിലൂടെ ലഭിച്ച ചെയർപേഴ്സൻ സ്ഥാനം മാത്രമാണ് യു.ഡി.എഫ് സമ്പാദ്യം. വടക്കാഞ്ചേരി, ഗുരുവായൂർ, ചാവക്കാട്, ചാലക്കുടി, കുന്നംകുളം, കൊടുങ്ങല്ലൂർ എന്നിവയെല്ലാം ഇടതിനൊപ്പമാണ്. 16 ബ്ലോക്കിൽ മൂന്നിടത്ത് മാത്രമാണ് യു.ഡി.എഫ് ഭരണം.
ലോക്സഭ തെരഞ്ഞെടുപ്പിലെ കണക്ക് ഇടതിന് നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. 66 പഞ്ചായത്തിൽ യു.ഡി.എഫിനാണ് മേൽക്കൈ. ഇടതുമുന്നണിയുടെ വോട്ടാധിപത്യം 15 പഞ്ചായത്തിൽ മാത്രം. ആറിടത്ത് എൻ.ഡി.എക്ക് മുൻതൂക്കം. തൃശൂർ കോര്പറേഷൻ പ്രദേശത്തുമാത്രം 30,000ലേറെ വോട്ടിെൻറ ഭൂരിപക്ഷം യു.ഡി.എഫിനാണ്. എന്.ഡി.എയുടെ പിന്നിൽ ഇടതുമുന്നണി മൂന്നാം സ്ഥാനത്താണ്.
തദ്ദേശത്തിൽ കരിമ്പനനാടിെൻറ ചായ്വ് എന്നും ഇടത്തോട്ടാണ്. ചെെങ്കാടിക്ക് വളക്കൂറുള്ള കർഷകമണ്ണ് അപൂർവമായേ വലതോരം േചർന്നിട്ടുള്ളൂ. 2015ലെ തെരഞ്ഞെടുപ്പിൽ 30 ജില്ലാ ഡിവിഷനുകളിൽ 27ഉം എൽ.ഡി.എഫ് തൂത്തുവാരി. ഗ്രാമപഞ്ചായത്തുകളിൽ ഇടത് മേധാവിത്വം പൂർണം. ആകെ 88 പഞ്ചായത്തുകളിൽ 71ലും എൽ.ഡി.എഫ് ഭരണം, വടകരപ്പതിയിൽ ഇടത് പിന്തുണയോടെ വലതുകര കനാൽ മുന്നണി. േബ്ലാക്ക് പഞ്ചായത്തുകളിൽ മണ്ണാർക്കാടും പട്ടാമ്പിയും ഒഴിച്ച് 11 ഇടത്തും ഇടതുമുന്നണി. നഗരസഭകളിൽ ഒറ്റപ്പാലവും ഷൊർണ്ണൂരും എൽ.ഡി.എഫ്. ചിറ്റൂർ-തത്തമംഗലവും മണ്ണാർക്കാടും പട്ടാമ്പിയും യു.ഡി.എഫിനൊപ്പം. സംസ്ഥാനത്ത് ആദ്യമായി പാലക്കാട് നഗരസഭ ഭരണം ബി.ജെ.പി പിടിച്ചു.
കഴിഞ്ഞതവണ, രണ്ട് ജില്ല ഡിവിഷനുകളിൽ ബി.ജെ.പി, യു.ഡി.എഫിനെ പിന്തള്ളി രണ്ടാംസ്ഥാനത്തുണ്ട്. പഞ്ചായത്ത് ഭരണം 18ലേക്ക് ചുരുങ്ങിയ യു.ഡി.എഫിന് കരിമ്പുഴ പഞ്ചായത്ത് പിന്നീട് നഷ്ടമായി.
വെൽഫെയർ പാർട്ടിക്ക് പാലക്കാട് നഗരസഭയിലും രണ്ട് പഞ്ചായത്തുകളിലും പ്രാതിനിധ്യമുണ്ട്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തിൽനിന്ന് വ്യത്യസ്തമായിരുന്നില്ല നിയമസഭയെങ്കിലും വി.കെ. ശ്രീകണ്ഠനും രമ്യ ഹരിദാസും അട്ടിമറി വിജയം നേടിയ ലോക്സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം തദ്ദേശഭരണ സ്ഥാപനങ്ങളിലും മേൽക്കൈ യു.ഡി.എഫിനായി. മുന്നണിയിലെ ഭിന്നതയും ലീഗിലും കോൺഗ്രസിലുമുള്ള ഉൾപോരുമെല്ലാം ശമിച്ച് യു.ഡി.എഫ് ഏറെക്കുറെ ഒറ്റക്കെട്ടാണ്. സി.പി.എമ്മിലെ പ്രാദേശിക വിഭാഗീയത അടങ്ങിയതിനാൽ എൽ.ഡി.എഫിലും പറയത്തക്ക പ്രശ്നങ്ങളില്ല.
ഗ്രൂപ്പിസത്തിെൻറ നിരാളിപ്പിടുത്തത്തിലും പാലക്കാട് നഗരഭരണം നിലനിർത്താനും സ്വാധീനം വ്യാപിപ്പിക്കാനും അശ്രാന്ത പരിശ്രമത്തിലാണ് ബി.ജെ.പി.
മറുകണ്ടം ചാടിയ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗവും മുൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ പിന്തുണച്ച ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ അപ്രസക്തിയുമാകും ഇക്കുറി സ്വാധീനിക്കുക. വീടിനും കൃഷിക്കുമല്ലാതെ ഭൂമി ഉപയോഗിക്കാനാകില്ലെന്ന സ്ഥിതിക്ക് പരിഹാരമാകാത്തതും മലനാട്ടിൽ പുകഞ്ഞുനിൽക്കുന്നു. ഭൂപ്രശ്നങ്ങളുടെ പേരിൽ കത്തിനിന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയെ കഴിഞ്ഞ തവണ പിന്തുണച്ച സഭാനേതൃത്വം കൈവിട്ടിട്ടുണ്ട്. എൽ.ഡി.എഫുമായി സഖ്യമുണ്ടാക്കിയ സംരക്ഷണ സമിതിയാണ് മരിയാപുരം ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്. ജില്ല പഞ്ചായത്തിൽ രണ്ട് അടക്കം 47 ജനപ്രതിനിധികളെയും ഇവർ നേടി. കേരള കോൺഗ്രസ് രണ്ടു വിഭാഗങ്ങൾക്കും കൂടി 182 ജനപ്രതിനിധികളാണുള്ളത്. ജോസ് കെ. മാണി വിഭാഗം 110 അവകാശപ്പെടുന്നു.
ജോസ് കെ. മാണി വിഭാഗം ചേക്കേറിയതാണ് എൽ.ഡി.എഫ് പ്രതീക്ഷ. സർക്കാരിെൻറ വികസന പ്രവർത്തനങ്ങളിലും. ജോസിെൻറ രാഷ്ട്രീയ താൽപര്യം മാത്രം നോക്കി ജനം വോട്ട് ചെയ്യില്ലെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. എട്ട് ബ്ലോക്ക് പഞ്ചായത്തിൽ ആറും 52 ഗ്രാമപഞ്ചായത്തിൽ 29ഉം യു.ഡി.എഫാണ് ഭരിക്കുന്നത്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടേതടക്കം 23 എൽ.ഡി.എഫിനും. മാറ്റംമറിച്ചിലിനൊടുവിൽ 25 ഇടത്താണ് യു.ഡി.എഫ് ഭരണം. ജില്ലപഞ്ചായത്തിൽ 16ൽ 11 സീറ്റും നേടിയായിരുന്നു യു.ഡി.എഫ് ജയം. നഗരസഭകളായ തൊടുപുഴയും കട്ടപ്പനയും ഭരിക്കുന്നതും യു.ഡി.എഫ്. ജോസ് പക്ഷത്തിെൻറ മാറ്റത്തോടെ കക്ഷി നിലയനുസരിച്ച് രണ്ടിടത്തും ന്യൂനപക്ഷമാണിപ്പോൾ ഭരണസമിതി.
കട്ടപ്പനയിൽ നാലും തൊടുപുഴയിൽ രണ്ടും കൗൺസിലർമാരാണ് ജോസിന്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽ ഒഴികെ മുഴുവൻ പഞ്ചായത്തിലും മുന്നേറിയത് യു.ഡി.എഫാണ്. ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ ജനപ്രതിനിധികളുള്ളത് തൊടുപുഴ നഗരസഭയിലാണ്, എട്ട്. കട്ടപ്പനയിൽ സ്വതന്ത്രനടക്കം മൂന്ന്. ത്രിതല ഗ്രാമപഞ്ചായത്തുകളിലെല്ലാമായി 34 അംഗങ്ങളുണ്ട്. തൊടുപുഴ നഗരസഭയാണ് ബി.ജെ.പി ലക്ഷ്യവും പ്രതീക്ഷയും.
തെരഞ്ഞെടുപ്പ് നിയമസഭയിലേക്കായാലും പാർലമെൻറിലേക്കായാലും യു.ഡി.എഫിനു മേൽക്കൈയുള്ള ജില്ലയാണ് എറണാകുളം. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഈ മേൽക്കൈക്ക് ഇടതു മുന്നണി ഭീഷണി ഉയർത്താറുണ്ട്. പ്രത്യേകിച്ച് ഗ്രാമപഞ്ചായത്തുകളിൽ. പലപ്പോഴും ഇരുമുന്നണിയും തമ്മിലെ സീറ്റ് വ്യത്യാസം ചെറിയ അക്കങ്ങളിൽ ഒതുങ്ങും. അല്ലെങ്കിൽ ഒപ്പത്തിനൊപ്പം. ആത്മവിശ്വാസവുമായാണ് യു.ഡി.എഫ് ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തദ്ദേശ, നിയമസഭ, പാർലമെൻറ് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ കണക്കാണ് അവരുടെ അവകാശവാദങ്ങളുടെ പിൻബലം. എന്നാൽ, തദ്ദേശത്തിൽ ഒപ്പത്തിനൊപ്പവും ചിലപ്പോൾ മുന്നിലും നിൽക്കാൻ കഴിഞ്ഞ ചരിത്രത്തിലാണ് എൽ.ഡി.എഫ് പ്രതീക്ഷ. പതിവുപോലെ ബി.ജെ.പിക്ക് രാഷ്്ട്രീയ പരീക്ഷണം.
ജില്ലയിലെ 82 പഞ്ചായത്തിൽ 42 എൽ.ഡി.എഫിനും 39 യു.ഡി.എഫിനും ഒരിടത്ത് സ്വതന്ത്രർക്കുമാണ് (ട്വൻറി20) ഭരണം. 14 ബ്ലോക്ക് പഞ്ചായത്തിൽ ഒമ്പതെണ്ണം യു.ഡി.എഫിെൻറയും അഞ്ചെണ്ണം എൽ ഡി.എഫിെൻറയും കൈയിൽ. 13 നഗരസഭകളിൽ ഏഴെണ്ണം എൽ.ഡി.എഫും ആറെണ്ണം യു.ഡി.എഫും ഭരിക്കുന്നു. കൊച്ചി കോർപറേഷനിലെ 74 ഡിവിഷനിൽ 38 എണ്ണം യു.ഡി.എഫിനും 34 എണ്ണം എൽ.ഡി.എഫിനും രണ്ടെണ്ണം ബി.ജെ.പിക്കുമാണ്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 14 മണ്ഡലങ്ങളിൽ ഒമ്പതും യു.ഡി.എഫിനായിരുന്നു വിജയം. ലോക്സഭയിലേക്ക് ഹൈബി ഈഡെൻറ വിജയം റെക്കോഡ് ഭൂരിപക്ഷത്തിനായിരുന്നു. കോർപറേഷനിൽ മേയറും പാർട്ടിയും തമ്മിൽ ഏകോപനമുണ്ടായില്ലെന്നും ഇത് നഗരവികസനത്തെ പിന്നോട്ടടിച്ചെന്നുമാണ് പ്രതിപക്ഷ ആരോപണം.
എന്നാൽ, രാഷ്ട്രീയ താൽപര്യത്തോടെ സർക്കാർ കൊച്ചിക്ക് വികസന പദ്ധതികൾ നിഷേധിച്ചെന്ന് യു.ഡി.എഫ് തിരിച്ചടിക്കുന്നു. ജോസ് കെ. മാണി എൽ.ഡി.എഫിലേക്ക് പോയത് കിഴക്കൻ മേഖലകളിൽ യു.ഡി.എഫിനെ ബാധിച്ചേക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ 74 പ്രതിനിധികളാണ് വിജയിച്ചത്.
ഇത്തവണ പ്രകടനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കോർപറേഷനിലെ 25 ഡിവിഷനിലും പെരുമ്പാവൂർ, തൃപ്പൂണിത്തുറ, ഏലൂർ നഗരസഭകളിലും പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
തദ്ദേശവോട്ടിൽ ചുവപ്പാണ് കണ്ണൂരിെൻറ നിറം. മൂന്നിൽ രണ്ടിലേറെ തദ്ദേശ സ്ഥാപനങ്ങളും ഇടത് ഭരണത്തിൽ. ആന്തൂർ നഗരസഭയടക്കം പാർട്ടിഗ്രാമങ്ങളിലെ 11 ഇടത്ത് മരുന്നിന് പോലുമില്ല പ്രതിപക്ഷം. ഒമ്പതിടത്ത് പ്രതിപക്ഷത്ത് ഒരാൾ മാത്രം. ഇടതുപക്ഷത്തിന് ഒരംഗവുമില്ലാത്ത മാട്ടൂൽ പഞ്ചായത്ത് മാത്രമാണ് യു.ഡി.എഫിന് സമ്പൂർണ ആധിപത്യമുള്ള ഒരേയൊരു ഇടം. പ്രചാരണത്തിൽ എൽ.ഡി.എഫ് ഒരു ചുവട് മുന്നിലുമാണ്. ചെങ്കോട്ടകളിലടക്കം കോൺഗ്രസുകാർ രംഗത്തുണ്ടെന്നത് ഇക്കുറി വ്യത്യസ്ത കാഴ്ചയാണ്.
2016 നിയസഭ തെരഞ്ഞെടുപ്പിൽ 11ൽ എട്ടും എൽ.ഡി.എഫിനായിരുന്നു. ലോക്സഭാ അങ്കത്തിൽ പാർട്ടി ഗ്രാമങ്ങളിലടക്കം ഇടത് സ്ഥാനാർഥി പിന്നിലായി. ലക്ഷത്തിന് അടുത്ത ഭൂരിപക്ഷത്തിൽ െക.സുധാകരൻ ജയിച്ചുകയറി. പിണറായി സർക്കാറിെൻറ സംവരണ അട്ടിമറിയിൽ ന്യൂനപക്ഷം അതൃപ്തരാണ്. സ്വർണക്കടത്തും ഇ.ഡി റെയ്ഡും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു. യന്ത്രംപോലെ പ്രവർത്തിക്കുന്ന സി.പി.എമ്മിെൻറ സംഘടനാ ശേഷിയാണ് കണ്ണൂരിൽ കരുത്ത്.
ജോസ് കെ. മാണിയുടെ ഇടതുപ്രവേശം ചെറുപുഴ പഞ്ചായത്തിൽ യു.ഡി.എഫിെന ബാധിക്കാം. അതിനപ്പുറം സ്വാധീനം അവർക്കില്ല. യു.ഡി.എഫിെൻറ പ്രതീക്ഷ കണ്ണൂർ കോർപറേഷനാണ്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വനിത സംവരണമാണ്. ഇപ്പോഴത്തെ വൈസ് പ്രസിഡൻറ് പി.പി ദിവ്യയെയാണ് സി.പി.എം മുന്നോട്ടുവെക്കുന്നത്.
ഒമ്പത് നഗരസഭകളിൽ എട്ടിടത്താണ് തെരഞ്ഞെടുപ്പ്. മട്ടന്നൂർ നഗരസഭക്ക് ഒരു വർഷം ബാക്കിയുണ്ട്. തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി, ആന്തൂർ നഗരസഭകളാണ് എൽ.ഡി.എഫ് പക്ഷത്ത്. തളിപ്പറമ്പ്, ശ്രീകണ്ഠപുരം, പാനൂർ യു.ഡി.എഫിേൻറതാണ്. ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തുകളും എൽ.ഡി.എഫിെൻറ കൈയിലാണ്. 71 ഗ്രാമപഞ്ചായത്തുകളിൽ 53 എണ്ണം ഇടതുഭരണത്തിലാണ്. 18 എണ്ണമാണ് യു.ഡി.എഫിനുള്ളത്. ഫലം നിർണയിക്കാവുന്ന സ്വാധീനം ജില്ലയിൽ ബി.ജെ.പിക്കില്ല. ഘടകകക്ഷിയാക്കിയ ഐ.എൻ.എലിന് എൽ.ഡി.എഫ് മുമ്പത്തേക്കാൾ സീറ്റ് നൽകും. മൂന്ന് സീറ്റ് ജയിച്ച വെൽെഫയർ പാർട്ടിക്ക് യു.ഡി.എഫുമായുള്ള പ്രാദേശിക നീക്കുപോക്കിലാണ് പ്രതീക്ഷ. രണ്ടു സീറ്റുള്ള എസ്.ഡി.പി.ഐയും സാന്നിധ്യമറിയിക്കാനുള്ള മത്സരത്തിലാണ്.
38 ഗ്രാമപഞ്ചായത്തുകളും ആറു ബ്ലോക്കുകളും മൂന്നു നഗരസഭകളും ജില്ലയിലുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ 19 യു.ഡി.എഫും 15 എൽ.ഡി.എഫും രണ്ടു ബി.ജെ.പിയും ഒന്ന് കോൺഗ്രസ് വിമതപക്ഷവും ഭരിക്കുന്നു. മൂന്നു നഗരസഭകളിൽ രണ്ടിടത്ത് എൽ.ഡി.എഫും ഒരിടത്ത് യു.ഡി.എഫുമാണ്. ജില്ല പഞ്ചായത്തിലെ 17 സീറ്റുകളിൽ ബി.ജെ.പിക്കു ലഭിക്കുന്ന സീറ്റുകളുടെ എണ്ണം എൽ.ഡി.എഫ്-യു.ഡി.എഫ് വിജയസാധ്യത നിശ്ചയിക്കുന്ന ഘടകമാണ്.
17 ഡിവിഷനുകളിൽ 2010ൽ എൽ.ഡി.എഫിന് ഒമ്പത് സീറ്റു ലഭിച്ചു. ഒരു സീറ്റ് ബി.ജെ.പിക്ക്. പുത്തിഗെ ഡിവിഷനിൽ ഇടതിനെ തകർത്തായിരുന്നു അത്. 2015ൽ പുത്തിഗെക്ക് പുറമെ, ഇടതുപക്ഷത്തിെൻറ എടനീർ പിടിച്ചു. ഇതോടെ ജില്ല പഞ്ചായത്ത് ഭരണം യു.ഡി.എഫിനായി.
ഇത്തവണ ജില്ല പഞ്ചായത്ത് പിടിക്കാനാണ് ഇടതു ശ്രമം. 38 പഞ്ചായത്തുകളിൽ ലീഗിന് 13ഉം കോൺഗ്രസിന് ആറുമായി 19 എണ്ണമാണ് യു.ഡി.എഫിനുള്ളത്. ആറ് ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും മൂന്നു വീതമാണുള്ളത്. ജില്ലയിലെ മൂന്നു നഗരസഭകളിൽ രണ്ട് എൽ.ഡി.എഫും ഒന്ന് യു.ഡി.ഫും ഭരിക്കുന്നു. 2010ൽ കാഞ്ഞങ്ങാട്, കാസർകോട് നഗരസഭകൾ യു.ഡി.എഫിനായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് അട്ടിമറിയിലൂടെ ഇടതുപക്ഷത്തേക്ക് മാറി. നീലേശ്വരം ഉൾപ്പെടെ ജില്ലയിലെ മൂന്നിൽ രണ്ട് നഗരസഭകൾ ഇടതുപക്ഷത്താണ്.
ലോക്സഭ തെരഞ്ഞെടുപ്പിൽ എല്ലാ പഞ്ചായത്തിലും യു.ഡി.എഫിന് വോട്ടുകൂടി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അനുകൂലമായിരുന്നു പഞ്ചായത്തുകളിലെ വോട്ടിങ് നില. വടക്കൻ മേഖലയിലെ പഞ്ചായത്തുകളിലാണ് ബി.ജെ.പിയുടെ സ്വാധീനം. എന്നാൽ, എൽ.ഡി.എഫിെൻറയോ യു.ഡി.എഫിെൻറയോ പിൻബലമില്ലാതെ ബി.ജെ.പി കൂടുതൽ പഞ്ചായത്തുകളിൽ അധികാരത്തിൽ വരാൻ സാധ്യത കുറവാണ്.
ക്ഷയിച്ച തറവാടുപോലെയാണ് പത്തനംതിട്ടയിൽ യു.ഡി.എഫിെൻറ സ്ഥിതി. പുത്തൻപണക്കാരനെപ്പോലെയാണ് എൽ.ഡി.എഫ്. 2010ലെ തദ്ദേശ തെരെഞ്ഞടുപ്പിൽ 54ൽ 41 പഞ്ചായത്തിലും യു.ഡി.എഫ് ഭരണമായിരുന്നു. എൽ.ഡി.എഫ് 13ൽ ഒതുങ്ങി. മൂന്നു നഗരസഭയിലും യു.ഡി.എഫിനായി ഭരണം. 2015ലെ തദ്ദേശ തെരെഞ്ഞടുപ്പായപ്പോൾ 25 പഞ്ചായത്ത് എൽ.ഡി.എഫിനും 21 എണ്ണം യു.ഡി.എഫിനും എന്ന നിലയായി. നാല് നഗരസഭയിൽ രണ്ട്, രണ്ട്. എട്ട് ബ്ലോക്ക് പഞ്ചായത്തിൽ പകുതിയിടത്ത് എൽ.ഡി.എഫ്. ജില്ല പഞ്ചായത്തിലെ 16ൽ 11സീറ്റും യു.ഡി.എഫിന് നേടാനായി.
നിയമസഭ തെരെഞ്ഞടുപ്പിൽ യു.ഡി.എഫ് കോന്നി സീറ്റിലൊതുങ്ങി. ഉപതെരെഞ്ഞടുപ്പിൽ അതും കളഞ്ഞുകുളിച്ചു. ശബരിമല വിഷയം ആളിക്കത്തിയ പാർലമെൻറ് തെരെഞ്ഞടുപ്പിൽ യു.ഡി.എഫ് കഷ്ടിച്ച് ജയിച്ചു. ഇതിനിടെ പതിയെ വളരുകയാണ് ബി.ജെ.പി. 2010ൽ 62 തദ്ദേശ പ്രതിനിധികൾ അവർക്കുണ്ടായി. 2015ൽ അത് 92 ആയി. മൂന്നു പഞ്ചായത്തിൽ ഭരണവും. ഒരിടത്ത് ഈയിെട നറുക്കെടുപ്പും അവർക്ക് തുണയായി. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിെൻറ നിലപാട് മാറ്റം അണികൾ ഉൾക്കൊണ്ടിട്ടില്ല. അതിനിടെ, ജോസഫ് എം. പുതുശ്ശേരി ജോസഫിനൊപ്പം കൂടിയത് ജോസിന് ക്ഷീണമാകും.
സംസ്ഥാനത്തെ പൊതുരാഷ്ട്രീയ വിവാദങ്ങളല്ലാതെ ജില്ലയുമായി ബന്ധെപ്പട്ട വിവാദങ്ങളില്ല. വികസനമാണ് പ്രധാന ചർച്ച. അഞ്ച് എം.എൽ.എമാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവർത്തനങ്ങളും സൗജന്യകിറ്റ് വിതരണവും ജോസിെൻറ വരവുമെല്ലാം വോട്ടായി മാറുമെന്നാണ് എൽ.ഡി.എഫ് വിശ്വാസം.
വി.ആർ. രാജമോഹൻ
ആരോപണ-പ്രത്യാരോപണങ്ങൾ മാറ്റുരക്കുന്ന ആലപ്പുഴയിൽ ഇരുമുന്നണിയിലും ആത്മവിശ്വാസക്കുറവ് പ്രകടം. എൽ.ഡി.എഫ് വികസന നേട്ടം എണ്ണിപ്പറയുേമ്പാൾ സ്വർണക്കടത്തും ബിനീഷ് കോടിയേരിയും തന്നെയാകും യു.ഡി.എഫ് തിരിച്ചു പ്രയോഗിക്കുക. മൂന്ന് മന്ത്രിമാർ പ്രതിനിധാനം ചെയ്യുന്ന മണ്ഡലങ്ങളുള്ള ആലപ്പുഴയുടെ പൊതുരാഷ്ട്രീയ ചിത്രം ഇടതിനു അനുകൂലമാണ്.
പാർലമെൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയപ്പെട്ട ഏകമണ്ഡലം ആലപ്പുഴയാണ്. അരൂർ ഉപതെരഞ്ഞെടുപ്പിലൂടെ ഷാനിമോൾ അസംബ്ലിയിലെത്തിയതോടെ ജില്ലയിലെ ഏക യു.ഡി.എഫ് പ്രതിനിധിയെന്ന പേരുദോഷം ഹരിപ്പാടുനിന്നുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നീങ്ങിക്കിട്ടി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് വിജയം ആവർത്തിച്ചു.
രൂപവത്കരണകാലം മുതൽ ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫിന് മുൻതൂക്കമുണ്ട്. 23 ഡിവിഷനുള്ള ജില്ല പഞ്ചായത്തിൽ കേരള കോൺഗ്രസ് ജോസ് കെ. മാണി അംഗം കൂടിയെത്തിയതോടെ എൽ.ഡി.എഫിെൻറ അംഗബലം 17ആയി. ഇക്കുറി ജില്ല പഞ്ചായത്ത് വനിതസംവരണമാണ്.
12 ബ്ലോക്ക് പഞ്ചായത്തിൽ പത്തിലും എൽ.ഡി.എഫ് ഭരണമാണ്. തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി, ആര്യാട്, അമ്പലപ്പുഴ, വെളിയനാട്, ചെങ്ങന്നൂർ, മാവേലിക്കര, ഭരണിക്കാവ്, മുതുകുളം എന്നിവയാണ് എൽ.ഡി.എഫിനൊപ്പം.
എന്നാൽ, മുതുകുളത്ത് ഭൂരിപക്ഷമുണ്ടെങ്കിലും നറുക്കെടുപ്പിലൂടെ പ്രസിഡൻറ് പദം യു.ഡി.എഫിനായി. ഹരിപ്പാടും ചമ്പക്കുളവും മാത്രമായിരുന്നു യു.ഡി.എഫിനുള്ളത്. ഇത്തവണ 12 ബ്ലോക്ക് പഞ്ചായത്തിൽ ഏഴും വനിത സംവരണമായതിനാൽ മുന്നണികൾക്ക് അധികാരം പിടിച്ചെടുക്കാൻ പല തന്ത്രവും പയറ്റേണ്ടി വരും.
ആറ് നഗരസഭയിൽ ആലപ്പുഴ, ഹരിപ്പാട്, ചേർത്തല, ചെങ്ങന്നൂർ എന്നിവ യു.ഡി.എഫിനൊപ്പം. മാവേലിക്കരയും കായംകുളവും എൽ.ഡി.എഫിന്. 72 പഞ്ചായത്തുകളിൽ 49 ഇടത്ത് എൽ.ഡി.എഫും 23 ഇടത്ത് യു.ഡി.എഫും ഭരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.