ആറാട്ടുപുഴ: ഭാര്യവീട്ടിലെത്തിയ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും ബന്ധുക്കളും റിമാൻഡിലായി. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജൻ-ബീന ദമ്പതികളുടെ ഏക മകൻ വിഷ്ണുവാണ് (34) മർദനമേറ്റ് മരിച്ചത്. പ്രതികളായ വിഷ്ണുവിന്റെ ഭാര്യ ആതിര രാജ് (31), ആതിരയുടെ പിതൃ സഹോദരങ്ങളായ തണ്ടാശ്ശേരിൽ ബാബുരാജ് (54), പത്മൻ (41), പൊടിമോൻ (സൂര്യൻ-50) എന്നിവരാണ് റിമാൻഡിലായത്. ആതിര രാജിനെ കൊട്ടാരക്കര സബ് ജയിലിലേക്കും ബാക്കിയുള്ളവരെ മാവേലിക്കര സബ്ജയിലിലേക്കുമാണ് മാറ്റിയത്.
തുടരന്വേഷണഭാഗമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിഷ്ണുവിനെ ക്രൂരമായി മർദിച്ച സമയത്ത് അക്രമം തടയാൻ എത്തിയ അയൽവാസികൾ, വിഷ്ണുവിന്റെ ബന്ധുവായ യുവാവ് എന്നിവരുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തും.
മകളുടെ കണ്മുന്നിൽ വെച്ച് യുവാവിനെ ഭാര്യയും ബന്ധുക്കളും ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവം നാടിനെ ഞെട്ടിച്ചു. വഴക്കിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചെന്നായിരുന്നു ആദ്യം എല്ലാവരും കരുതിയിരുന്നത്. തലക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതോടെയാണ് സംഭവത്തിന്റെ ഗതി മാറുന്നത്. ആതിരയുടെ പിതൃ സഹോദരന്മാരാണ് അക്രമിച്ചത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നത്. എന്നാൽ അമ്മ അച്ഛനെ അടിച്ചെന്ന് ഏഴ് വയസ്സുള്ള ഇവരുടെ മകൾ പൊലീസിന് മൊഴി കൊടുത്തതോടെ അക്രമത്തിൽ ആതിരയുടെ പങ്കും വെളിപ്പെട്ടു. ഒരുകുടുംബത്തിന്റെ ഏക അത്താണിയെയാണ് ദാരുണസംഭവത്തിൽ നഷ്ടമായത്. പിതാവ് നടരാജൻ ഹൃദ്രോഗിയാണ്. തങ്ങളുടെ ഏക മകനെ നഷ്ടപ്പെട്ടതിന്റെ ദുഃഖം നടരാജനും ബീനക്കും സഹിക്കാൻ കഴിയുന്നില്ല. വിഷ്ണുവിന്റെ സംസ്കാര ചടങ്ങുകൾ ഹൃദയഭേദകമായിരുന്നു. തനിക്കിനി അച്ഛൻ ഇല്ലെന്ന് പറഞ്ഞ് സങ്കടം സഹിക്കാനാവാതെ കുഞ്ഞുമനസ്സ് തേങ്ങിക്കരയുന്നത് കണ്ടുനിന്നവരുടെ കണ്ണുനിറച്ചു. നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു വിഷ്ണു. മേസ്തിരി പണിയായിരുന്നു തൊഴിൽ. കുടുംബ ജീവിതം തകർന്നതിന്റെ സങ്കടം മകളോടൊപ്പം സന്തോഷം പങ്കിട്ടാണ് വിഷ്ണു മാറ്റിയിരുന്നത്. മകൾക്കും അച്ഛനെന്ന് പറഞ്ഞാൽ ജീവനായിരുന്നു. ദാരുണ സംഭവശേഷം കുഞ്ഞിന് അച്ഛനും അമ്മയും നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്.
അടിയേറ്റ് ബോധരഹിതനായി വിഷ്ണു
അവധിക്ക് വീട്ടിൽ കൊണ്ടുവന്ന മകളെ തിരികെ ഏൽപ്പിക്കാനാണ് രാത്രിയിൽ തറയിൽ കടവിലെ ഭാര്യവീട്ടിൽ വിഷ്ണു എത്തിയത്. എന്നാൽ അച്ഛനോടൊപ്പം പോകണമെന്ന് വാശിപിടിച്ച് ബൈക്കിൽ നിന്ന് ഇറങ്ങാൻ കുട്ടി കൂട്ടാക്കിയില്ല. ഇതിൽ ദേഷ്യപ്പെട്ട് ആതിര രാജ് മകളെ അടിച്ചു. ഇതേ ചൊല്ലി വിഷ്ണുവും ആതിരയും വഴക്കായി. ഇതിനിടെ വിഷ്ണു ആതിരയെ അടിച്ചു.
ഇത് കണ്ട് സംഭവസ്ഥലത്തുണ്ടായിരുന്ന സമീപവാസികളായ ആതിരയുടെ പിതൃസഹോദരന്മാർ കൂട്ടം ചേർന്ന് വിഷ്ണുവിനെ ക്രൂരമായി മർദിക്കു കയായിരുന്നു. മകളുടെ കണ്മുന്നിൽ വച്ചായിരുന്നു ക്രൂരത.
എന്റെ അച്ഛനെ തല്ലല്ലേ എന്ന് പറഞ്ഞ് മകൾ അലറി കരഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. അടിയേറ്റ് ബോധരഹിതനായി നിലത്തുകിടന്ന വിഷ്ണുവിനെ കെട്ടിപ്പിടിച്ച് മകൾ ഒരുപാട് കരഞ്ഞു. ഏറെ പ്രയാസപ്പെട്ട് കുട്ടിയെ മാറ്റിയശേഷമാണ് വിഷ്ണുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.
സ്കൂളിൽ തുടങ്ങിയ പ്രേമം; ഒടുവിൽ ഭാര്യയുടെ കൈകൊണ്ട് മരണം
കായംകുളത്തെ പ്രമുഖ തുണിക്കടയിലെ ജീവനക്കാരിയാണ് ആതിര. വിഷ്ണുവിന്റെയും ആതിരയുടെയും പ്രേമ വിവാഹമായിരുന്നു. എട്ടാം ക്ലാസിൽ തുടങ്ങിയ പ്രേമം സ്കൂൾ കാലഘട്ടം അവസാനിച്ചിട്ടും തുടർന്നു. തൊട്ടടുത്ത പ്രദേശത്തുകാരായിരുന്നു ഇരുവരും. ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തെങ്കിലും അതെല്ലാം അവഗണിച്ച് ഇരുവരും ഒന്നായി.
ആതിരക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന സംശയമാണ് ഇരുവരും അകലാൻ ഇടയാക്കിയത്. ഒന്നര കൊല്ലമായി ഇവർ പിണങ്ങി കഴിയുകയാണ്. മകളെ വിഷ്ണുവിന്റെ വീട്ടിൽ നിർത്തിയാണ് ആതിര പിണങ്ങി തന്റെ വീട്ടിലേക്ക് പോയത്. പിന്നീടാണ് തുണിക്കടയിൽ ജോലിക്ക് കയറിയത്. മാസങ്ങൾക്ക് ശേഷം കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മകളെ ആതിരക്കൊപ്പം വിട്ടുനൽകിയത്. അവധി ദിവസങ്ങളിൽ വിഷ്ണുവിനൊപ്പം വിട്ടുനൽകണമെന്നുമായിരുന്നു സ്റ്റേഷനിൽ വെച്ച് എടുത്ത ധാരണ.
ഇടക്ക് ഇരുവരും ഒരുമിച്ചെങ്കിലും ആഴ്ചകൾക്ക് ശേഷം വീണ്ടും പഴയപടിയായി. മകൾക്ക് വിഷ്ണുവിനോടൊപ്പം കഴിയാനായിരുന്നു ആഗ്രഹം. മകളെ പൊന്നുപോലെയാണ് വിഷ്ണുവും കുടുംബവും നോക്കിയിരുന്നത്. മകൾ അച്ഛനോടൊപ്പം പോകണമെന്ന് വാശിപിടിക്കുന്നത് പതിവാണ്. മകളുടെ പേരിൽ വിഷ്ണുവും ആതിരയും ഇടക്കിടെ വഴക്കും ഉണ്ടാവാറുണ്ട്. ചൊവ്വാഴ്ചയുണ്ടായ ദാരുണസംഭവത്തിന്റെ പിന്നിലും ഇതാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.