ആറാട്ടുപുഴ: മണിവേലിക്കടവ് സൂനാമി കോളനിക്കാരുടെ മനസ്സിൽ സങ്കടത്തിന്റെ സൂനാമിത്തിരകൾ ഇനിയും അടങ്ങിയിട്ടില്ല. ടൗൺഷിപ്പിൽ സൂനാമി ബാധിതരെ പുനരധിവസിപ്പിക്കുമെന്ന് ഉറപ്പ് നൽകിയവർ അവരോട് കാട്ടിയത് കൊടുംക്രൂരത. കോളനികളിൽ ഒന്നര പതിറ്റാണ്ടിലേറെയായി നരകതുല്യജീവിതം നയിക്കുകയാണ് ഇവർ. ദുർബലമായ വീടുകളാണ് ഇവർക്ക് നിത്യദുരിതം സമ്മാനിക്കുന്നത്.
ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ മണിവേലിക്കടവ് സൂനാമി കോളനിയിൽ 65 കുടുംബമാണ് മൂന്ന് സെന്റ് വീതം സ്ഥലത്ത് കഴിയുന്നത്. ദുരന്തത്തിന്റെ നീറുന്ന വേദനകൾക്ക് 26ന് 19 വർഷം പൂർത്തിയാകുമ്പോൾ അധികാരികൾ തങ്ങളോട് കാട്ടിയ വഞ്ചനയുടെ കഥകളാണ് പറയാനുള്ളത്. തറയിൽകടവ്, പെരുമ്പുള്ളി ഭാഗങ്ങളിൽ കഴിഞ്ഞ മത്സ്യത്തൊഴിലാളികളായ കുടുംബങ്ങളെയാണ് കടൽത്തീരത്തുനിന്ന് അകലെ കായംകുളം കായലിനു മറുകരയുള്ള മണിവേലിൽകടവിൽ പുനരധിവസിപ്പിച്ചത്. കേരളത്തിലെ പ്രമുഖ പത്രമാണ് വീടുകൾ നിർമിച്ചത്. നിർമാണത്തിനിടെ തന്നെ ഗുരുതരമായ പിഴവുകൾ അധികാരികളോട് പറഞ്ഞിരുന്നെങ്കിലും ആരും ഗൗരവത്തിലെടുത്തില്ല. പുനരധിവാസവുമായി ബന്ധപ്പെട്ട് സംഘടനകളും സ്ഥാപനങ്ങളും ഏറ്റെടുത്ത പ്രവർത്തനങ്ങൾ പരിശോധിക്കാൻ സർക്കാർ സംവിധാനം നിലവിൽ ഉണ്ടായിരുന്നില്ല. വീടിന്റെ അടിത്തറ നിറച്ചത് മുറ്റത്ത് കുളംകുഴിച്ച് മണ്ണെടുത്തും തെങ്ങുംകുറ്റിയും പാഴ്മരങ്ങൾ ഇട്ടുമാണ്. തോട്ടിലെ ഓര് വെള്ളമാണ് സിമന്റ് കൂട്ടാനും നിർമാണത്തിനും ഉപയോഗിച്ചത്. ആവശ്യത്തിന് കമ്പിയും സിമൻറും ചേർത്തിട്ടില്ലെന്നും ബോധ്യപ്പെടുന്ന തെളിവുകളുമുണ്ട്. വീടിന്റെ രൂപം മാത്രമേയുള്ളൂവെന്ന് താമസം തുടങ്ങിയ അന്നുമുതൽ ബോധ്യമായി.
ഒരു വർഷത്തിനുള്ളിൽ തന്നെ വീടുകൾ ചോരാൻ തുടങ്ങി. ആണി അടിച്ചാൽ ഭിത്തി മുഴുവൻ ഇളകിവീഴുന്ന അവസ്ഥയിൽ മരണപ്പെട്ടവരുടെ ചിത്രം തൂക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായി. ദുരിതം സഹിക്കാനാകാതെ പ്രതിഷേധവുമായി കോളനിവാസികൾ രംഗത്തുവന്നു. പ്രത്യേക ഫണ്ട് കണ്ടെത്തി മുഴുവൻ വീടുകൾക്കും ഷീറ്റ് മേഞ്ഞ മേൽക്കൂര നിർമിച്ചു നൽകിയാണ് ചോർച്ച പരിഹരിച്ചത്. എന്നാൽ, പ്രശ്നങ്ങൾ അതുകൊണ്ട് അവസാനിച്ചില്ല. മേൽക്കൂരയുടെ കോൺക്രീറ്റ് ഇളകി വീഴുക, തറ പൊട്ടിപൊളിയുക തുടങ്ങിയ പ്രശ്നങ്ങൾ ഏറിവന്നു. സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച് പരിസരം മുഴുവൻ മാലിന്യം നിറയുന്ന പ്രശ്നം വേറെയും. കോളനിയിലെ ജീവിതം ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോൾ ജീവിതസമ്പാദ്യത്തിൽ നല്ലൊരു പങ്കും ഇവർ വീട് അറ്റകുറ്റപ്പണിക്ക് ചെലവഴിച്ചു. അടുത്തിടെയാണ് കട്ടിലിൽ കിടന്ന വയോധികയുടെ ദേഹത്ത് മേൽക്കൂരയുടെ കോൺക്രീറ്റ് പാളി ഇളകിവീണത്. ഭാഗ്യത്തിലാണ് രക്ഷപ്പെട്ടത്. നിരവധി പേരാണ് വീട് ഉപേക്ഷിച്ച് തീരത്തേക്ക് മടങ്ങിപ്പോയത്. ദുർബലമായ വീടുകൾ പൊളിച്ച് നീക്കി വാസയോഗ്യമായ വീട് നിർമിച്ച് നൽകണമെന്ന് അധികാരികളോട് കേണപേക്ഷിക്കുകയാണ് കോളനിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.