ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷൻ ലോകനിലവാരത്തിലേക്കുയർത്തുന്നു. 250 കോടി വിനിയോഗിച്ചാണ് മുഖംമിനുക്കുക. സ്റ്റേഷന് പുനര്‍നിര്‍മിക്കുന്നതിനുള്ള വിശദമായ രൂപരേഖ ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഷാജി സക്കറിയ സമർപ്പിച്ചു.
38,972 ചതുരശ്ര അടിയിൽ നിർമിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിൽ 20 ക്വാർട്ടേഴ്സ് യൂനിറ്റ്, മൾട്ടിലെവൽ കാർ പാർക്കിങ്, പിൽഗ്രിം ഷെൽട്ടർ, ആർ.പി.എഫ് ഓഫിസ്, സ്റ്റേഷൻ മാനേജർ, കമേഴ്സ്യൽ എന്നീ വിഭാഗം ബ്ലോക്കുകളും 10 ലിഫ്റ്റ്, 10 എസ്കലേറ്റർ എന്നീ സൗകര്യങ്ങളുമുണ്ടാകും. പരമ്പരാഗതമായ കേരളീയ വാസ്തു ശിൽപ മാതൃകയും ആധുനിക സൗകര്യങ്ങളും ഒത്തിണങ്ങുന്നതാവും പുതിയ സ്റ്റേഷന് കെട്ടിടം.
36 മീറ്റര്‍ വീതിയില്‍ പുതിയ ഫുട്ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍മിക്കും. ആകാശപ്പാതയും വിഭാവനം ചെയ്യുന്നു. ശബരിമല തീര്‍ഥാടകര്‍ക്കായി നാലുനിലകളിലാണ് പില്‍ഗ്രിം സെന്റര്‍ നിര്‍മിക്കുന്നത്. രണ്ട് നിലകള്‍ പൂര്‍ണമായും തീർഥാടകര്‍ക്ക് വിശ്രമത്തിനായി മാറ്റിവെക്കും.
അടുത്ത വർഷം ഫെബ്രുവരിയോടെ നിർമാണ പ്രവർത്തനങ്ങളാരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. റെയിൽവേ ചുമതലപ്പെടുത്തിയ കണ്‍സള്‍ട്ടന്‍സിയാണ് രൂപരേഖ തയാറാക്കിയത്. തറനിരപ്പില്‍നിന്ന് സ്റ്റേഷൻ കെട്ടിടം ഉയര്‍ത്തി നിര്‍മിക്കുന്നതോടെ വെള്ളക്കെട്ട് സാധ്യതകള്‍ പരമാവധി ഒഴിവാക്കാന്‍ കഴിയും. നാലു തൂണുകളിലായി ഉയരുന്ന പുതിയ സ്റ്റേഷന് ആകെ അഞ്ചുനിലകളുള്ളതായിരിക്കും.
ടിക്കറ്റ് കൗണ്ടര്‍ ഒന്നാംനമ്പര്‍ പ്ലാറ്റ്ഫോമിലായിരിക്കും. യാത്രക്കാര്‍ എസ്കലേറ്ററില്‍ മുകളിലെത്തി ടിക്കറ്റെടുത്തുവേണം പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാന്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവിലെ റെയില്‍വേ ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കും. ശബരിമല സീസണ് കഴിഞ്ഞാലുടന്‍ നിര്മാണപ്രവൃത്തികളിലേക്ക് നീങ്ങാനാണ് റെയില്‍വേയുടെ തീരുമാനം.
കൊടിക്കുന്നിൽ സുരേഷ് എം.പി, നഗരസഭ ചെയർപേഴ്സൻ സൂസമ്മ എബ്രഹാം, വൈസ് ചെയർമാൻ മനീഷ് കീഴാമഠത്തിൽ, കൗൺസിലർ കെ. ഷിബു രാജൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.