ചെങ്ങന്നൂർ: മാന്നാർ ഗ്രാമപഞ്ചായത്തിൽ സെക്രട്ടറിമാർ വാഴുന്നില്ല. നിലവിലുള്ള എൽ.ഡി.എഫ് ഭരണസമിതി വന്നശേഷം 34 മാസത്തിനുള്ളിൽ ഏഴ് സെക്രട്ടറിമാരാണ് ഇവിടെ വന്നുപോയത്. ഇപ്പോഴത്തെ സെക്രട്ടറി ടി. ഉല്ലാസ്കുമാർ ജൂലൈ 13നെത്തി ഒക്ടോബർ 26 മുതൽ മൂന്നുമാസത്തെ അവധിയിൽ പ്രവേശിച്ചു. അദ്ദേഹത്തിന് അടുത്തവർഷം മേയ് 31വരെ ജോലിയിൽ തുടരാമെന്നിരിക്കെ ജനുവരി 26ന് സ്വയം ജോലിയിൽനിന്ന് വിരമിക്കുകയാണ്.
നിത്യേന കുറഞ്ഞത് മുപ്പതോളം പുതിയ ഫയലുകളിൽ തീരുമാനമെടുക്കേണ്ട ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരാണ് ഇങ്ങനെ മാറിനിൽക്കുന്നത്. ഇത് വികസന പ്രവർത്തനങ്ങളുടെ സുഗമമായ തുടർച്ച ഇല്ലാതാക്കുന്നു. പ്രതിപക്ഷമായ യു.ഡി.എഫ് ഭരണപക്ഷത്തിന്റെ അമിത ഇടപെടലുകളാണ് സെക്രട്ടറിമാരുടെ കസേര ഉറക്കാത്തതിന് പിന്നിലെന്ന് ആരോപിക്കുന്നു. എന്നാൽ, അവരവരുടേതായ സ്വകാര്യ പ്രശ്നങ്ങൾ കാരണമാണ് മടങ്ങുന്നതെന്ന് ഭരണപക്ഷം വിശദീകരിക്കുന്നു.
വിരമിക്കാറാവുന്ന സമയത്ത് ഉദ്യോഗസ്ഥരെ ഇവിടേക്ക് നിയോഗിക്കുന്നതുകാരണം പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്നുള്ള പണം ആനുകൂല്യങ്ങൾക്ക് നൽകേണ്ട അവസ്ഥ സംജാതമാകുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്ന് പഞ്ചായത്ത് അംഗങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.