ചേർത്തല: സമൂഹവിവാഹത്തിന് സംഘാടകർ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ച് വേദിയിൽ പ്രതിഷേധമുയർന്നതോടെ ചടങ്ങ് അലങ്കോലമായി. ഒടുവിൽ പൊലീസ് സംരക്ഷണത്തിൽ എട്ട് വധൂവരന്മാരുടെ വിവാഹം നടത്തി പരിപാടി അവസാനിപ്പിക്കേണ്ടി വന്നു. 27 വധൂവരന്മാർ പിന്മാറി.
ചേർത്തല വാരനാട് അഖിലാഞ്ജലി ഓഡിറ്റോറിയമാണ് നാടകീയ രംഗങ്ങൾക്ക് വേദിയായത്. ചേർത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന സൽസ്നേഹഭവൻ സൊസൈറ്റി സംഘടിപ്പിച്ചതായിരുന്നു സമൂഹവിവാഹം.
35 വധൂവരന്മാരുടെ വിവാഹമാണ് നിശ്ചയിച്ചിരുന്നതെങ്കിലും പണവും നൽകുമെന്ന വാക്ക് സംഘാടകർ പാലിച്ചില്ലെന്ന് ആരോപിച്ച് 27 ജോടി ചടങ്ങിൽനിന്ന് പിന്മാറുകയായിരുന്നു. തർക്കവും ബഹളവും നീണ്ടപ്പോൾ പൊലീസ് ഇടപെട്ടാണ് ബാക്കിയുള്ളവരുടെ വിവാഹം നടത്തിയത്.
സംഘാടക രക്ഷാധികാരി ഡോ. ബിജു കൈപ്പാറേടൻ, പ്രസിഡന്റ് എ.ആർ. ബാബു, മറ്റ് ഭാരവാഹികളായ കെ. അനിരുദ്ധൻ, സനിത സജി, അപർണ ഷൈൻകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സമൂഹ വിവാഹത്തിന് ഒരുക്കം നടത്തിയത്.
ഇവർ താലിമാലയും രണ്ടുലക്ഷം രൂപയും വാഗ്ദാനം ചെയ്താണ് വധൂവരന്മാരെ സംഘടിപ്പിച്ചതെന്നാണ് ആരോപണം. ഇടുക്കിയിലെ മുതുവാൻ മന്നാൻ സമുദായത്തിൽ നിന്നുമാത്രം 22 ജോടി ഉണ്ടായിരുന്നു. വിവാഹത്തിനെത്തിയപ്പോഴാണ് താലിയും വധൂവരന്മാർക്കുള്ള വസ്ത്രങ്ങളും മാത്രമാണെന്നറിയുന്നത്. പ്രശ്നം രൂക്ഷമായതോടെ ചേർത്തല പൊലീസ് സ്റ്റേഷനിൽ 22 ജോടിയും സംഘാടകർക്കെതിരെ പരാതി നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ ഓഡിറ്റോറിയത്തിലെത്തി എസ്.ഐയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പായില്ല. തുടർന്ന്, ആദിവാസി നേതാക്കളും പ്രവർത്തകരും വേദിയിൽ കയറി മുദ്രാവാക്യം വിളിച്ചു. ഇവരെ ഡിവൈ.എസ്.പി മധു ബാബുവിന്റെ നേതൃത്വത്തിൽ താഴെയിറക്കി.
സ്ഥിതി ശാന്തമായപ്പോഴാണ് എട്ട് ജോടിയുടെ വിവാഹം നടത്തിയത്. അതേസമയം, വിവാഹത്തിന് പണം നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നില്ലെന്ന് സംഘാടക പ്രസിഡന്റ് എ.ആർ. ബാബു പറഞ്ഞു. ഇങ്ങനെ നൽകിയിരുന്നെങ്കിൽ 70 ലക്ഷം രൂപ കണ്ടെത്തണമായിരുന്നു. ഇതെങ്ങനെ സാധ്യമാകുമെന്നും അദ്ദേഹം ചോദിച്ചു.
ആദിവാസി വധൂവരന്മാരെ പ്രതിനിധാനം ചെയ്ത് 65 ഓളം പേർ ഇടുക്കിയിൽനിന്ന് എത്തിയിരുന്നു. ഇവർ വന്ന വാഹനങ്ങളുടെ വാടകപോലും സംഘാടകർ നൽകിയില്ലെന്നുപറഞ്ഞ് ഓഡിറ്റോറിയം പരിസരത്തും ചേർത്തല സ്റ്റേഷനിലും പ്രതിഷേധിച്ചു. ഒടുവിൽ പൊലീസ് ഇടപെടലിൽ വാഹനവാടകയായി 25,000 രൂപ സംഘാടകർ കൊടുത്തശേഷമാണ് ആദിവാസികൾ മടങ്ങിയത്. സംഘാടകർക്കെതിരെ മാനനഷ്ടത്തിനും ധനനഷ്ടത്തിനും കേസ് കൊടുക്കുമെന്ന് സമുദായനേതാക്കൾ പറഞ്ഞു.
ചടങ്ങിൽ സംബന്ധിക്കാൻ വിവിധ രാഷ്ട്രീയ-സാമുദായിക-സംഘടന നേതാക്കൾ എത്തിയിരുന്നെങ്കിലും സംഭവം വഷളാണെന്നറിഞ്ഞതോടെ തടിതപ്പി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.