ആലപ്പുഴ: ഡെങ്കി കേസുകളും മരണങ്ങളും വർധിച്ച സാഹചര്യത്തിൽ രോഗലക്ഷണങ്ങൾ അവഗണിക്കാതെ കൃത്യസമയത്ത് ശരിയായചികിത്സ തേടണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. അപായ സൂചനകൾ തിരിച്ചറിഞ്ഞ് അടിയന്തര ചികിത്സാസഹായം ഉറപ്പാക്കുന്നത് മരണം ഒഴിവാക്കാൻ സഹായിക്കും.
പനി, കഠിനമായ ദേഹവേദന, തലവേദന കണ്ണിന് പിറകിൽ വേദന സന്ധിവേദന തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രാരംഭലക്ഷണങ്ങൾ. രോഗബാധിതർ ചികിത്സയോടൊപ്പം പരിപൂർണ വിശ്രമം എടുക്കണം.
തുടർച്ചയായ ചർദി, വയറുവേദന, ശരീരത്തിൽ ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം ഉണ്ടാവുക, കറുത്ത മലം, ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കുക, കഠിനമായ ക്ഷീണം ശ്വാസതടസ്സം, രക്തസമ്മർദം താഴുക എന്നിവ അപായ സൂചനകളാണ്. കുഞ്ഞുങ്ങൾക്ക് രോഗബാധ ഉണ്ടായാൽ ശരീരോഷ്മാവ് കുറയ്ക്കാൻ ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി നൽകുക. തിളപ്പിച്ചാറിയ വെള്ളവും മറ്റ് പാനീയങ്ങളും പോഷകാഹാരവും നൽകുക. ജലാംശം ശരീരത്തിൽ കുറയുന്നതിന്റെ സൂചനകൾ ഉണ്ടെങ്കിൽ തിരിച്ചറിയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
കുഞ്ഞുങ്ങളുടെ ഉയർന്ന ശരീര താപനില കുറയാതിരിക്കുക, ആഹാരം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനുമുള്ള അസ്വസ്ഥത നാവ്, വായ,ചുണ്ട് എന്നിവ വരണ്ടു കാണുക, മയക്കം, ക്ഷീണത്തോടെ ഉറക്കം തൂങ്ങി ഇരിക്കുക, മൂത്രത്തിന്റെ അളവ് കുറയുക കഠിനമായ കാല് വേദന, ചർദിൽ വയറുവേദന, മോണ പോലെയുള്ള ശരീര ഭാഗങ്ങളിൽനിന്ന് രക്തസ്രാവം ഉണ്ടാവുക, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് അടിയന്തരമായി ഡോക്ടറെ കാണേണ്ടതാണ്. പനി മാറിയാലും മൂന്നുനാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കട്ടിയുള്ള കഞ്ഞിവെള്ളം കരിക്കിൻ വെള്ളം പഴ ചാറുകൾ മറ്റു പാനീയങ്ങൾ തിളപ്പിച്ചാറിയ വെള്ളം എന്നിവ ധാരാളം കുടിക്കണം. സ്വയം ചികിത്സ പാടില്ല. ഡോക്ടറുടെ നിർദേശം ഇല്ലാതെ വേദനസംഹാരികൾ പോലെയുള്ള മരുന്നുകൾ വാങ്ങി കഴിക്കരുതെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.