മാരാരിക്കുളം: ജലസംഭരണി വൈദ്യുതീകരണത്തിന് പഞ്ചായത്തിന് കത്ത് നൽകാൻ കലക്ടർ ആവശ്യപ്പെട്ടിട്ട് രണ്ടാഴ്ചയായിട്ടും ജല അതോറിറ്റി നൽകുന്നില്ല. കോടികൾ ചെലവഴിച്ച് നിർമിച്ച കാട്ടൂരിലെ ടാങ്ക് പ്രവർത്തിപ്പിക്കാനാവുന്നില്ല.
മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി കാട്ടൂരിലെ ടാങ്ക് പ്രവർത്തിപ്പിക്കാനാണ് കിഫ്ബി ഫണ്ട് ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നത് കണക്കിലെടുത്ത് കലക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ വൈദ്യുതീകരണത്തിന്റെ ചെലവ് താൽക്കാലികമായി പഞ്ചായത്ത് വഹിക്കാൻ ധാരണയായത്.
കോടികൾ ചെലവഴിച്ച് ടാങ്ക് നിർമിച്ചെങ്കിലും വൈദ്യുതീകരണം നടത്തിയിരുന്നില്ല. ഇതിന് പ്രത്യേക പദ്ധതി തയാറാക്കിയെങ്കിലും അനുമതി വൈകി.
ഇതേ തുടർന്നാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് തനത് ഫണ്ടിൽനിന്നു വൈദ്യുതീകരണം പൂർത്തിയാക്കാനും പിന്നീട് ജല അതോറിറ്റി ഫണ്ട് ലഭ്യമാകുമ്പോൾ പഞ്ചായത്തിന് നൽകണമെന്നുമായിരുന്നു ധാരണ. ഇതിനായി ജല അതോറിറ്റി പഞ്ചായത്തിന് രേഖാമൂലം കത്ത് നൽകാനും നിർദേശിച്ചിരുന്നു. എന്നാൽ, രണ്ടാഴ്ചയായിട്ടും ഇതുവരെ കത്ത് ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത പറഞ്ഞു. കത്ത് ലഭിച്ചാൽ മാത്രമേ ഫണ്ട് അനുവദിക്കാൻ കഴിയൂവെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.