പ്രകൃതിയുടെ വരദാനമായി പച്ചത്തുരുത്തുകൾ

അരൂർ: വേമ്പനാട്ട് കായലിൽ അങ്ങിങ്ങ് കാണുന്ന പച്ചത്തുരുത്തുകൾ അരൂരിന് കിട്ടിയ പ്രകൃതിയുടെ വരദാനമാണ്. വേമ്പനാട്ട് കായൽ ചുറ്റിക്കിടക്കുന്ന അരൂർ മണ്ഡലത്തിലെ 10 പഞ്ചായത്തിലും ചെറുതും വലുതുമായ അനേകം തുരുത്തുകളുണ്ട്. പാണാവള്ളി ഗ്രാമപഞ്ചായത്തിലെ ജനവാസമുള്ള അഞ്ചുതുരുത്ത് മുതൽ കായൽദ്വീപായ പെരുമ്പളം പഞ്ചായത്തുവരെ ഈ ഗണത്തിൽപെടും. നഗരജീവിതത്തിന്റെ മടുപ്പേറും തിരക്കുകളിൽ നിന്നൊഴിഞ്ഞ്, സ്വച്ഛവും ശാന്തവുമായ അന്തരീക്ഷത്തിൽ ഒഴിവുകാലം ആസ്വദിക്കാൻ സ്വദേശികൾക്കൊപ്പം വിദേശയാത്രികരും എത്തുന്ന ഇടമായി കായൽ തുരുത്തുകൾ മാറിയിട്ട് വർഷങ്ങൾ ഏറെയായി.

തുരുത്തുകളിലെ വിനോദസഞ്ചാര സാധ്യതകൾ കണ്ടറിഞ്ഞ റിസോർട്ട് മാഫിയ, തുരുത്തുകൾ വാങ്ങിക്കൂട്ടാൻ ഒരിടക്ക് കടുത്ത മത്സരമായിരുന്നു. എന്നാൽ, തീരദേശ പരിപാലന നിയമം ഇടിത്തീപോലെ കടന്നുവന്ന് പദ്ധതികളെ തകിടം മറിച്ചു. വേമ്പനാട്ട് കായലിലെ നെടിയതുരുത്തിൽ പണിതുയർത്തിയ കാപ്പികോ റിസോർട്ട് അതിനൊരു ഉദാഹരണം മാത്രം. അമ്പതിലേറെ വില്ലകൾ, വമ്പൻ കോൺഫറൻസ് ഹാൾ, ഏക്കറുകൾ പരന്നുകിടക്കുന്ന നീന്തൽക്കുളം.....

അക്ഷരാർഥത്തിൽ ഒരു സ്വപ്നലോകം തന്നെ വേമ്പനാട്ട് കായലിലെ നെടിയതുരുത്തിൽ റിസോർട്ട് മായിക പ്രപഞ്ചം മാഫിയ പണിതുയർത്തി. ഈ മൾട്ടി സ്റ്റാർ റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ചിട്ട് വർഷങ്ങൾ ഏറെയായി. തുരുത്തും ഇതിനോടനുബന്ധിച്ച് കൈയേറി ഉണ്ടാക്കിയ സ്ഥലത്തും പണിതുകൂട്ടിയ അനധികൃത കെട്ടിടങ്ങളാണ് പൊളിച്ചുനീക്കാൻ കോടതി ഉത്തരവിട്ടത്. പല കായൽ ദ്വീപുകളും ഇത്തരത്തിൽ റിസോർട്ട് മാഫിയകളുടെ കൈകളിൽപെട്ട് ദ്വീപുനിവാസികളെ ഒഴിപ്പിച്ചശേഷം തുടർനിർമാണം നിലച്ചിരിക്കുകയാണ്.

കായൽ നടുവിലെ പച്ചത്തുരുത്തുകൾ പലവിധ ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ നിമിത്തം ഉയർന്നുവന്നതായിരിക്കാം. ഇവ എങ്ങനെ ചിലജന്മികളുടെ കൈകളിൽ അകപ്പെട്ടു എന്നത് ഗവേഷണ വിഷയമാണ്. സദാസമയവും കുളിർകാറ്റ് വീശുന്ന പച്ചത്തുരുത്തുകൾ വിദേശികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. പലയിനം ദേശാടനപ്പക്ഷികളും ചേക്കേറുന്ന ശാന്തമായ ഇടം കൂടിയാണ് ഇവ.

ജൈവ വൈവിധ്യത്താൽ അനുഗൃഹീതമായ ഈ കുളിരേകും ദ്വീപുകളിലേക്ക് ഒട്ടേറെ സഞ്ചാരികളെ പണ്ടുമുതലേ ആകർഷിച്ചിരുന്നു. വമ്പൻ കെട്ടിടങ്ങൾ ഒഴിവാക്കി താൽക്കാലിക നിർമിതികൾ നടത്തി വിനോദസഞ്ചാരം പുഷ്ടിപ്പെടുത്തി ഉത്തരവാദ ടൂറിസം തുരുത്തുകളിൽ വികസിപ്പിക്കാൻ കുടുംബശ്രീ യൂനിറ്റുകളുമായി സഹകരിച്ച് ഗ്രാമപഞ്ചായത്തുകൾ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യണം.

Tags:    
News Summary - Greens are nature's gift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.