ആലപ്പുഴ: ജില്ലയിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപകം. ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ മാത്രം സാമ്പത്തികതട്ടിപ്പിനിരയായ 15ലധികം പരാതികൾ. ഇതിൽ ഏഴ് കേസുകളിലായി മാത്രം 50 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തി. ആലപ്പുഴ നോർത്ത് സ്റ്റേഷൻ പരിധിയിൽ യുവതിയിൽനിന്ന് 12ലക്ഷം കവർന്നതാണ് ഒടുവിലത്തെ സംഭവം.
വീട്ടിലിരുന്ന് ജോലിചെയ്ത് പണം സമ്പാദിക്കാമെന്ന ഓൺലൈൻ പരസ്യത്തിൽ വഞ്ചിക്കപ്പെട്ടത് ആലപ്പുഴ ആറാട്ടുവഴി സ്വദേശിയായ 31കാരിയാണ്. ഒറ്റദിവസം യുവതിയിൽനിന്ന് കവർന്നത് 12ലക്ഷം രൂപ. സംഭവത്തിൽ മലപ്പുറം ഏറനാട് പൂക്കോട്ടൂർ അറവുങ്കര മേനാട്ട് കുഴിയിൽ എം.കെ. ഉമ്മർ അലി (34), പൂക്കോട്ടൂർ അറവുങ്കര പനമ്പള്ളി മീത്തൽ വീട്ടിൽ പി.എം. ഷെമീർ അലി (34), പൂക്കോട്ടൂർ വെള്ളൂർ വെള്ളത്തൊടി വീട്ടിൽ വി. അക്ബർ (32), കാവനൂർ ഇരുവേറ്റി മാതയംപുറത്ത് വീട്ടിൽ വി.കെ. മുഹമ്മദ് റിഷാദ് (19) എന്നിവർ അറസ്റ്റിലായിരുന്നു. ജോലി വാഗ്ദാനം നൽകി യുവതിയുടെ വാട്ട്സ് ആപ്പിൽ എത്തിയ സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം.
ലിങ്കിൽ ക്ലിക്ക് ചെയ്താൽ കിട്ടുന്ന ടാസ്ക്കിലൂടെയാണ് പണം തട്ടിയെടുത്തത്. ആലപ്പുഴയിലെ വീട് വിറ്റ് ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണമാണ് യുവതിക്ക് നഷ്ടമായത്. തട്ടിപ്പ് വർധിച്ച സാഹചര്യത്തിൽ വാട്ട്സ് ആപിലടക്കം എത്തുന്ന ആവശ്യമില്ലാത്ത ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. പണം നഷ്ടമായി ഒരുമണിക്കൂറിനുള്ളിൽ ‘1930’ എന്ന നമ്പരിലേക്ക് വിളിച്ചാൽ പൊലീസ് സഹായത്തോടെ തിരികെ കിട്ടാനുള്ള സാധ്യത ഏറെയാണ്.
പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരുടെയും പേരിൽ വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് വീഡിയോകോൾ വഴിയും ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപകമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. വ്യാജ വിഡിയോ കോളുകൾ, ഫോൺ കോളുകൾ, വാട്സ് ആപ്പ്, ടെലിഗ്രാം മെസേജുകൾ എന്നിവ കണ്ട് ഭയപ്പെടാതെ വിവരം സൈബർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയാണ് വേണ്ടതെന്നും പൊലീസ് വ്യക്തമാക്കി. ..
ഓഹരിവിപണിയിൽ പണം നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട സ്ഥാപനം സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. സെബിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത കമ്പനികളിലൂടെ മാത്രം നിക്ഷേപം നടത്തുക. വിദേശത്തേക്ക് നിങ്ങൾ അയക്കുന്ന പാഴ്സലുകളിൽ മയക്കുമരുന്ന് അടക്കമുള്ള വസ്തുക്കൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന തരത്തിലുള്ള ഫോൺ കോളുകളിൽ പ്രതികരിക്കാതിരിക്കുക. ഈ വിവരം പൊലീസ് സൈബർ വിഭാഗത്തെ അറിയിക്കുക.
സൈബർ ഹെൽപ് ഡെസ്ക് നമ്പർ: 1930
സൈബർ പൊലീസ് ആലപ്പുഴ: 04772230804. 9497976000, 9497981288.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.