ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ്, തൊട്ടാൽ പണികിട്ടും; കെണിയൊരുക്കി ലിങ്കുകൾ
text_fieldsആലപ്പുഴ: ജില്ലയിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപകം. ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ മാത്രം സാമ്പത്തികതട്ടിപ്പിനിരയായ 15ലധികം പരാതികൾ. ഇതിൽ ഏഴ് കേസുകളിലായി മാത്രം 50 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തി. ആലപ്പുഴ നോർത്ത് സ്റ്റേഷൻ പരിധിയിൽ യുവതിയിൽനിന്ന് 12ലക്ഷം കവർന്നതാണ് ഒടുവിലത്തെ സംഭവം.
വീട്ടിലിരുന്ന് ജോലിചെയ്ത് പണം സമ്പാദിക്കാമെന്ന ഓൺലൈൻ പരസ്യത്തിൽ വഞ്ചിക്കപ്പെട്ടത് ആലപ്പുഴ ആറാട്ടുവഴി സ്വദേശിയായ 31കാരിയാണ്. ഒറ്റദിവസം യുവതിയിൽനിന്ന് കവർന്നത് 12ലക്ഷം രൂപ. സംഭവത്തിൽ മലപ്പുറം ഏറനാട് പൂക്കോട്ടൂർ അറവുങ്കര മേനാട്ട് കുഴിയിൽ എം.കെ. ഉമ്മർ അലി (34), പൂക്കോട്ടൂർ അറവുങ്കര പനമ്പള്ളി മീത്തൽ വീട്ടിൽ പി.എം. ഷെമീർ അലി (34), പൂക്കോട്ടൂർ വെള്ളൂർ വെള്ളത്തൊടി വീട്ടിൽ വി. അക്ബർ (32), കാവനൂർ ഇരുവേറ്റി മാതയംപുറത്ത് വീട്ടിൽ വി.കെ. മുഹമ്മദ് റിഷാദ് (19) എന്നിവർ അറസ്റ്റിലായിരുന്നു. ജോലി വാഗ്ദാനം നൽകി യുവതിയുടെ വാട്ട്സ് ആപ്പിൽ എത്തിയ സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം.
ലിങ്കിൽ ക്ലിക്ക് ചെയ്താൽ കിട്ടുന്ന ടാസ്ക്കിലൂടെയാണ് പണം തട്ടിയെടുത്തത്. ആലപ്പുഴയിലെ വീട് വിറ്റ് ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണമാണ് യുവതിക്ക് നഷ്ടമായത്. തട്ടിപ്പ് വർധിച്ച സാഹചര്യത്തിൽ വാട്ട്സ് ആപിലടക്കം എത്തുന്ന ആവശ്യമില്ലാത്ത ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. പണം നഷ്ടമായി ഒരുമണിക്കൂറിനുള്ളിൽ ‘1930’ എന്ന നമ്പരിലേക്ക് വിളിച്ചാൽ പൊലീസ് സഹായത്തോടെ തിരികെ കിട്ടാനുള്ള സാധ്യത ഏറെയാണ്.
കരുതൽ, ജാഗ്രത
പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരുടെയും പേരിൽ വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് വീഡിയോകോൾ വഴിയും ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപകമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. വ്യാജ വിഡിയോ കോളുകൾ, ഫോൺ കോളുകൾ, വാട്സ് ആപ്പ്, ടെലിഗ്രാം മെസേജുകൾ എന്നിവ കണ്ട് ഭയപ്പെടാതെ വിവരം സൈബർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയാണ് വേണ്ടതെന്നും പൊലീസ് വ്യക്തമാക്കി. ..
തട്ടിപ്പ് രീതി ഇങ്ങനെ...
- യൂനിഫോം അണിഞ്ഞെത്തുന്ന പൊലീസ്, എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വ്യാജ വിഡിയോകോളിലൂടെ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ഭീഷണിപ്പെടുത്തൽ. വെർച്വൽ അറസ്റ്റ് ചെയ്തുവെന്ന് തെറ്റിദ്ധരിപ്പിച്ച് കേസിൽനിന്ന് ഒഴിവാക്കാൻ പണം ആവശ്യപ്പെടൽ.
- ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്നാണെന്ന വ്യാജേന വിളിച്ച് നിങ്ങളുടെ മൊബൈൽ നമ്പർ രാജ്യദ്രോഹ /തീവ്രവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിൽനിന്ന് ഒഴിവാക്കുന്നതിനായി ഓൺലൈനിലൂടെ പണം കൈമാറണമെന്നും ആവശ്യപ്പെടൽ.
- നിങ്ങൾ വിദേശത്തേക്ക് അയച്ചതും വന്നതുമായ പാഴ്സലിൽ മയക്കുമരുന്ന് കണ്ടെത്തിയെന്ന് പറഞ്ഞ് വിളിച്ചശേഷം കേസിൽനിന്ന് ഒഴിവാക്കാൻ പണം ആവശ്യപ്പെടൽ.
- ഓൺലൈൻ ഷെയർ ട്രേഡിങ്, ബിറ്റ്കോയിൻ നിക്ഷേപം, ക്രിപ്റ്റോ കറൻസി തുടങ്ങിയ മേഖലയിൽ നിങ്ങൾക്കുവേണ്ടി നിക്ഷേപം നടത്തി വൻസാമ്പത്തിക ലാഭം നേടിത്തരാമെന്ന വാഗ്ദാനവുമായെത്തുന്ന ഫോൺ കോളുകൾ.
- കുറഞ്ഞ മണിക്കൂറുകൾ വീട്ടിലിരുന്ന് ജോലി ചെയ്ത് പതിനായിരങ്ങൾ സമ്പാദിക്കാമെന്ന വാഗ്ദാനവുമായെത്തുന്ന ഫോൺകോളുകൾ.
നിങ്ങൾക്കും ഉത്തരവാദിത്തം
ഓഹരിവിപണിയിൽ പണം നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട സ്ഥാപനം സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. സെബിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത കമ്പനികളിലൂടെ മാത്രം നിക്ഷേപം നടത്തുക. വിദേശത്തേക്ക് നിങ്ങൾ അയക്കുന്ന പാഴ്സലുകളിൽ മയക്കുമരുന്ന് അടക്കമുള്ള വസ്തുക്കൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന തരത്തിലുള്ള ഫോൺ കോളുകളിൽ പ്രതികരിക്കാതിരിക്കുക. ഈ വിവരം പൊലീസ് സൈബർ വിഭാഗത്തെ അറിയിക്കുക.
സൈബർ ഹെൽപ് ഡെസ്ക് നമ്പർ: 1930
സൈബർ പൊലീസ് ആലപ്പുഴ: 04772230804. 9497976000, 9497981288.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.