എസ്.എസ്.എൽ.സി പരീക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥികളെ മാതാപിതാക്കൾ കൂട്ടിക്കൊണ്ടുപോകുന്നു.
ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ ഹയർസെക്കൻഡറി
സ്കൂളിൽനിന്നുള്ള ദൃശ്യം
ആലപ്പുഴ: സാധാരണ ആഹ്ലാദാരവങ്ങളോടെയാണ് വിദ്യാർഥികൾ സ്കൂളിന്റെ പടിയിറങ്ങുന്നത്. കടുത്തനിയന്ത്രണം പാലിച്ച് എസ്.എസ്.എൽ.സി പരീക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥികൾ സ്നേഹപ്രകടനങ്ങൾക്കും ആഘോഷത്തിനും ഒപ്പംകൂടാതെയാണ് വീട്ടിലേക്ക് മടങ്ങിയത്. പൊലീസിന്റെ മേൽനോട്ടത്തിൽ മാതാപിതാക്കളുടെ ‘കരുതൽ’ ഒരുക്കിയാണ് അവർ പുറത്തിറങ്ങിയത്.
വർഷങ്ങളോളം കൂടെ പഠിച്ച കൂട്ടുകാരെ വേർപിരിയുന്നതിന്റെ സങ്കടം’ പലരുടെയും മുഖത്ത് തെളിഞ്ഞിരുന്നു. അവസാനദിനത്തിൽ ലഹരി ഉപയോഗവും വിദ്യാർഥികൾ തമ്മിലുള്ള സംഘർഷസാധ്യതയും കണക്കിലെടുത്ത് കടുത്ത നിയന്ത്രണമാണ് ഏർപെടുത്തിയത്. പൊലീസ്, എക്സൈസ് വകുപ്പുകളുടെ കർശന പരിശോധനയുമുണ്ടായിരുന്നു.
ജില്ലയിൽ 199 കേന്ദ്രത്തിലായി 21,144 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്. ജീവശാസ്ത്രമായിരുന്നു അവസാന ദിവസത്തെ പരീക്ഷ. അത്ര എളുപ്പമല്ലായിരുന്നെന്നായിരുന്നു വിദ്യാർഥികളുടെ അഭിപ്രായം.
മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി വിദ്യാർഥികളെ കൂട്ടുകൊണ്ടുപോകാൻ രക്ഷിതാക്കളും എത്തിയിരുന്നു. രാവിലെ 9.30ന് പരീക്ഷ തുടങ്ങിയപ്പോൾ തന്നെ രക്ഷിതാക്കൾ പുറത്തുകാത്തുനിൽക്കുന്നുണ്ടായിരുന്നു.
പരീക്ഷയുടെ പതിവ് നടപടിക്രമത്തിന്റെ ഭാഗമായി 11.10ന് ആദ്യബെല്ലടിച്ചു. പിന്നാലെ പ്രധാനാധ്യാപിക മൈക്കിലൂടെ വിളിച്ചുപറഞ്ഞു.
പരീക്ഷകഴിഞ്ഞാലുടൻ ആരും ചാടി പുറത്തിറങ്ങരുത്. ഇൻവിജിലേറ്റർമാരുടെ നിർദേശമനുസരിച്ച് ഓരോക്ലാസ് മുറിയിലെയും വിദ്യാർഥികൾ വരിവരിയായി ഇറങ്ങണം. ആദ്യം പെൺകുട്ടികളുടെ മാതാപിതാക്കളെത്തി കൂട്ടിക്കൊണ്ട് പോകണം. അവർ ഇറങ്ങിയശേഷം ആൺകുട്ടികളും. ആരും സ്കൂൾ മുറ്റത്തും പരിസരത്തും നിൽക്കാൻ പാടില്ല. മാതാപിതാക്കളെത്തിയിട്ടില്ലാത്തവർ ക്ലാസ് വിട്ട് പോകരുത്.
ഇതിന് പിന്നാലെ അവസാന ബെല്ലടിച്ചിട്ടും കലപില കൂട്ടേണ്ട ക്ലാസ് മുറികളിൽ നിശ്ശബ്ദത. വരിവരിയായി പുറത്തേക്കിറങ്ങിയവരെ കൈവീശി കാണിച്ച് മാതാപിതാക്കൾ. വിദ്യാർഥികളെല്ലാം സ്കൂൾവിട്ട് പോയെന്ന് ഉറപ്പാക്കാൻ പൊലീസും നിലയുറപ്പിച്ചിരുന്നു. ചിലരെ ക്ലാസ് മുറിയിൽ തന്നെ ഇരുത്തി. മാതാപിതാക്കൾ വന്നിട്ടാണ് അവരെ പറഞ്ഞയച്ചത്. ബസ്സ്റ്റോപ്പിൽ നിൽക്കുന്നവർ ബസിൽ കയറിപ്പോയെന്ന് ഉറപ്പാക്കിയാണ് അധ്യാപകർ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.