അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെയും ദേശീയപാത 66നെയും ബന്ധിപ്പിച്ച് പക്ഷിച്ചിറകിന്റെ ആകൃതിയിൽ
നിർമിച്ച തോട്ടപ്പള്ളി നാലുചിറപാലം
ദേശീയപാത 66നെയും അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന പാലം കരുമാടിയിൽനിന്ന് തോട്ടപ്പള്ളി കൊട്ടാരവളവ് വരെ ദേശീയപാതക്ക് സമാന്തരപാതയായി മാറും. തോട്ടപ്പള്ളി സ്ൽവേയിൽ ഗതാഗത തടസ്സം ഉണ്ടായാൽ സമാന്തര പാതയായി ഈ പാലം പ്രയോജനപ്പെടുത്താം. കാഴ്ചകൾ കാണുന്നതിന് നടപ്പാതയോട് ചേർത്ത് മധ്യഭാഗത്ത് വിപുലീകരിച്ച പ്രത്യേക ഭാഗം പാലത്തിന്റെ പ്രധാന ആകർഷണമാണ്. പമ്പാനദിയുടെയും സമൃദ്ധമായ നെൽവയലുകളുടെയും അപ്പർ കുട്ടനാടിന്റെയും അതിമനോഹര കാഴ്ചകളാണ് സമ്മാനിക്കുന്നത്. പാലത്തിൽ നിന്നാൽ തോട്ടപ്പള്ളി സ്പിൽവേയും തോട്ടപ്പള്ളി കടപ്പുറത്തെ സൂര്യാസ്തമയവും ലീഡിങ് ചാനലിലെ മനോഹരമായ കാഴ്ചകളും കാണാനാകും.
ആലപ്പുഴ: സംസ്ഥാനത്തെ ആദ്യ എക്സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് പാലമായ തോട്ടപ്പള്ളി നാലുചിറ പാലം പൂർത്തിയായി. ഈ മാസം അവസാനത്തോടെ പാലത്തിന്റെ വൈദ്യുതീകരണ പ്രവർത്തികൾ കെൽട്രോൺ മുഖേന പൂർത്തിയാക്കും. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെയും ദേശീയപാത 66നെയും ബന്ധിപ്പിച്ച് പക്ഷിച്ചിറകിന്റെ ആകൃതിയിൽ നിർമിച്ച പാലം സസ്പെൻഷൻ പാലത്തിന്റെയും സാധാരണ പാലങ്ങളുടെയും സംയോജിത രൂപമാണ്.
കിഫ്ബി ധനസഹായത്താല്‍ നിര്‍മിച്ച ഈ മനോഹരമായ പാലം ആലപ്പുഴയുടെ ടൂറിസം മേഖലയുടെയും കൃഷി-വ്യാവസായിക വികസനം എന്നിവയുടെയും വളര്‍ച്ചക്ക് സഹായകമാകും. 2019ലാണ് പാലം നിർമാണം ആരംഭിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണ ചുമതല. ആദ്യം 38 കോടി രൂപയാണ് പാലം നിർമാണത്തിനായി വകയിരുത്തിയിരുന്നത്. പുതുക്കിയ സാങ്കേതിക അനുമതി പ്രകാരം 60.73 കോടി രൂപയായി.
ജലഗതാഗതം തടസ്സപ്പെടാതിരിക്കാനായി 70 മീറ്ററുള്ള സെന്റർ സ്പാനാണ് ദേശീയ ജലപാതക്ക് കുറുകെ തൂണുകളില്ലാതെ മധ്യത്തില്‍ ഒരുക്കിയിരിക്കുന്നത്. 458 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയുമുണ്ട്. 70 മീറ്റർ വീതമുള്ള മധ്യസ്പാൻ കൂടാതെ, 42 മീറ്റർ വീതമുള്ള രണ്ട് സ്പാനുകൾ, 24.5 മീറ്റർ വീതമുള്ള രണ്ട് സ്പാനുകൾ, 19.8 മീറ്റർ വീതമുള്ള രണ്ട് സ്പാനുകൾ, 12 മീറ്റർ വീതമുള്ള 17 സ്പാനുകള്‍ എന്നിവയുള്ള പാലത്തിന്റെ ആകെ വീതി 11.2 മീറ്ററാണ്. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഏഴാം വാർഡ്, പുറക്കാട് പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ കടന്നുപോകുന്ന പാലം ജില്ലയുടെ ഗതാഗത രംഗത്തിനൊപ്പം വിനോദസഞ്ചാരമേഖലക്കും മുതൽക്കൂട്ടാകും.
പ്രീ സ്ട്രെസ്ഡ് ബോക്സ് ഗർഡർ സാങ്കേതികവിദ്യയും കേബിൾ-സ്റ്റേയ്ഡ് ഡിസൈനും ചേര്‍ന്നുള്ള സങ്കരമാതൃകയാണിത്. പ്രത്യേകതരം കമ്പികൾ ഉപയോഗിച്ച് പാലം വലിച്ച് കെട്ടുന്ന നിർമാണ രീതിയാണ് കേബിള്‍ സ്റ്റേയ്ഡ് ഡിസൈന്‍. ഇതിനെയാണ് എക്സ്ട്രാ ഡോസ്ഡ് പാലങ്ങളെന്ന് പറയുന്നത്.
വാഹനഗതാഗതം തീർത്തും ഇല്ലാത്ത തോട്ടപ്പള്ളിയിലെ നാലുചിറ, ഇല്ലിച്ചിറ, നാലുചിറ പ്രദേശവാസികൾ കടത്തുവള്ളത്തിന്റെ സഹായത്താലാണ് മറുകരയിലെത്തി കൊട്ടാരവളവിലൂടെ ദേശീയപാതയിൽ എത്തിയിരുന്നത്. ദേശീയ ജലപാതയിൽ ലീഡിങ് ചാനലിന് കുറുകെ കൊട്ടാരവളവ് കടത്തിന് സമീപം ദേശീയ ജലപാത മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ പാലം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.