തുറവൂർ: അരൂർ- തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാതയിൽ കുത്തിയതോട് പാലത്തിന് സമാന്തരമായി നിർമിക്കുന്ന താൽക്കാലിക പാലത്തിനെതിരെ ഉയർന്നുവന്ന പരാതിക്ക് പരിഹാരം. ഉയരമില്ലാത്ത പാലം കുത്തിയതോട്ടിലെ മത്സ്യത്തൊഴിലാളികൾക്കും ജലയാത്രികർക്കും ഉണ്ടാക്കുന്ന ദുരിതങ്ങളെക്കുറിച്ച് ഈമാസം 12ന് ‘മാധ്യമം’ നൽകിയ വാർത്തയെത്തതുടർന്നാണ് നടപടി. കോടംതുരുത്തിന്റെ തീരമേഖലയിലുള്ള നൂറുകണക്കിനാളുകൾ ഇപ്പോഴും കുത്തിതോട്ടിലെത്താനും സാധനസാമഗ്രികൾ എത്തിക്കാനും ആശ്രയിക്കുന്ന തീരവാസികൾക്ക് പാലം തടസ്സമാകുമായിരുന്നു.
പ്രതിഷേധവും പരാതികളും ഉയർന്നതോടെ കരാർ കമ്പനി അധികൃതരും ജനപ്രതിനിധികളും ചർച്ചക്ക് തയാറായത് പ്രശ്ന പരിഹാരത്തിന് വഴിയൊരുക്കി. മത്സ്യതൊഴിലാളികളുടെ വള്ളങ്ങൾ കടന്നുപോകാൻ കഴിയുന്നനിലയിൽ ജലനിരപ്പിൽ നിന്നും രണ്ട് മീറ്റർ ഉയർത്തി താൽക്കാലിക പാലം നിർമിക്കും. ഇരുകരകളിലുമുള്ള ലിങ്ക് റോഡുകളിലൂടെയുള്ള വാഹന ഗതാഗതത്തിനും പാലം തടസ്സമാകില്ല.
കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ജി. ജയകുമാർ മുൻകൈ എടുത്ത് ബന്ധപ്പെട്ട അധികാരികളും ജനപ്രതിനിധികളും മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് പരിഹാരമായത്.
ചർച്ചയിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷൈലജൻ കാട്ടിത്തറ, സി.ടി.വിനോദ്, അശോക ബിൽഡ് കോൺ കൺസ്ട്രഷൻ കമ്പനി, ഉദ്യോഗസ്ഥരായ വേണുഗോപാൽ, സദാനന്ദൻ, ജെ.എസ്.എസ് നേതാവ് വി.കെ.അംബർഷൻ, മത്സ്യതൊഴിലാളി സംഘടനാ നേതാക്കളായ സി.വി.ജുഡി,കെ.സുരേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.