തുറവൂർ: തുറവൂർ, കുത്തിയതോട് പഞ്ചായത്ത് പ്രദേശങ്ങളിലെ പള്ളിത്തോട് പാടശേഖരങ്ങളിൽ വെള്ളിയാഴ്ച ഉപ്പുവെള്ളം കയറ്റിയതിനെ തുടർന്ന് സംഘർഷം. പുലർച്ചെ മൂന്നുമണിക്കാണ് കൊച്ചുവാവക്കാട് മോട്ടോർ പുരയിൽ സ്ഥാപിച്ച പുറം ബണ്ട് പാടശേഖര സമിതി പ്രവർത്തകർ തകർത്തതെന്ന് സമരക്കാർ ആരോപിക്കുന്നു. ഇതിനെ ചോദ്യം ചെയ്ത് സമരക്കാർ എത്തിയത് സംഘർഷത്തിനിടയാക്കി.
പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും കൃഷി ഓഫിസറും കുത്തിയതോട് പോലീസും സംഘർഷസ്ഥലത്തെത്തി. കെ.പി.എം.എസ് നേതാക്കളുമായി ചർച്ച നടത്തുകയും പുറംബണ്ട് പുനസ്ഥാപിക്കുവാൻ നടപടി ഉണ്ടാക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണി വരെ നടപടിയൊന്നും ഉണ്ടായില്ല. ഇന്ന് രണ്ടാം ശനിയും തുടർന്ന് ഞായറാഴ്ചയും ഒഴിവു ദിവസങ്ങളാണ്. ഈ ദിവസങ്ങളിൽ ഉദ്യോഗസ്ഥ നടപടി ഉണ്ടാകാത്ത തക്കം നോക്കി ഉപ്പുവെള്ളം കയറ്റുന്നതിന് അവസരം ഒരുക്കിയിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
പാടശേഖരങ്ങളിലെ പുറംബണ്ട് മുറിക്കുകയോ ഉപ്പുവെള്ളം കയറ്റുകയോ ചെയ്യരുതെന്നാണ് ഹൈകോടതി, ജില്ലാ കലക്ടർ എന്നിവരുടെ ഉത്തരവ്. ഇതാണ് ലംഘിച്ചത്. മത്സ്യമാഫിയക്ക് മത്സ്യ കൃഷി നടത്തുന്നതിനു പ്രാദേശിക ഉദ്യോഗസ്ഥരും പഞ്ചായത്ത് ജനപ്രതിനിധികളും കൂട്ടുനിൽക്കുകയാണെന്ന് സമരസമിതി നേതാക്കളായ കെ.ടി.സുരേന്ദ്രൻ, യു.വി.സന്തോഷ്, പി. പി. ധർമ്മജൻ, സി.ആർ.സജീവ്, വി.സി.അനീഷ്, എൻ.പി. അശോകൻ, സുഹരാജ്, അനീഷ് മാധവൻ, എ. അജിത്കുമാർ എന്നിവർ ആരോപിച്ചു.
തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിലെ പൊക്കാളി നിലങ്ങളിൽ ഉപ്പുവെള്ളം കയറ്റുന്നതിനെതിരെ മൂന്നുവർഷമായി കെ.പി.എം.എസിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ സമരത്തിലാണ്. സർക്കാർ നയമായ ‘ഒരു മീനും ഒരു നെല്ലും പദ്ധതി’ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെയാണ് സമരം. മത്സ്യകൃഷി കഴിഞ്ഞാൽ നെൽകൃഷി നടത്തണമെന്നാണ് വ്യവസ്ഥ. നെൽകൃഷി നടത്തിയില്ലെങ്കിൽ പാടശേഖരം ഉപ്പുവെള്ളം കയറ്റാതെ വെറുതെ ഇടണം. എന്നാൽ രണ്ടു മാസങ്ങൾക്കു മുൻപ് ഉപ്പുവെള്ളം പാടശേഖരത്തിലേക്ക് തുറന്നു വിട്ടത് പ്രതിഷേധത്തിനും സംഘർഷത്തിനും ഇടയാക്കിയിരുന്നു. പ്രദേശത്തെ വീടുകളിൽ ഉപ്പുവെള്ളം കയറി ജനജീവിതം സ്തംഭിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.