മട്ടാഞ്ചേരി: കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച റേഷൻ ഭക്ഷ്യധാന്യങ്ങൾ പൊലീസ് പിടികൂടി. കപ്പലണ്ടിമുക്കിൽ പ്രവർത്തിക്കുന്ന രാജ് കുമാർ എന്ന ലൈസൻസിയുടെ എ.ആർ.ഡി 65 നമ്പർ റേഷൻ കടയിൽനിന്ന് സൈപ്ലകോയുടെ ചാക്കിൽനിന്ന് സാധാരണ ചാക്കിലേക്ക് മറിച്ച് നിറച്ച് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ച ധാന്യങ്ങളാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരി അസി.കമീഷണർ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
വെള്ളിയാഴ്ച്ച രാവിലെ ഏഴോടെ പെട്ടി ഓട്ടോയിൽ കടത്താനായിരുന്നു ശ്രമം. പൊലീസ് അറിയിച്ചതിനെ തുടർന്ന് കൊച്ചി സിറ്റി റേഷനിങ് ഓഫിസർ ആർ. ബൽരാജ്, റേഷനിങ് ഇൻസ്പെക്ടർ ആർ.വൈ. സതീഷ് കുമാർ എന്നിവരെത്തി പരിശോധന നടത്തുകയും ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കട സസ്പെൻഡ് ചെയ്യുകയും ചെയ്തു.
അവശ്യ വസ്തു നിയമപ്രകാരം പൊലീസ് ലൈസൻസിയെ അറസ്റ്റ് ചെയ്യുകയും ധാന്യങ്ങൾ കടത്താൻ ഉപയോഗിച്ച വാഹനം പിടിച്ചെടുക്കുകയും ചെയ്തു. സസ്പെൻഡ് ചെയ്യപ്പെട്ട കടയെ പറ്റി നേരത്തേ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ഇ- പോസ് മെഷീൻ കാർഡ് ഉടമകളുടെ വീടുകളിൽ കൊണ്ടുപോയി വിരൽ പതിപ്പിച്ച ശേഷം അവർക്ക് പണം നൽകി റേഷൻ സാധനങ്ങൾ റേഷൻ കടയുടമ എടുക്കുന്നുവെന്ന ആക്ഷേപമാണ് ഉയർന്നത്.
ഇതിനെതിരെ റേഷൻ വ്യാപാരികളിൽനിന്ന് തന്നെ പ്രതിഷേധം ഉയർന്നു. സിറ്റി റേഷനിങ് ഓഫിസർ ഉൾപ്പെടെയുള്ളവരോട് ഇത് സംബന്ധിച്ച് പല തവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നുമുള്ള ആക്ഷേപവുമുണ്ട്. ഇതേ രീതിയിൽ തട്ടിപ്പ് നടത്തുന്ന മറ്റ് പല കടകളും സിറ്റി റേഷനിങ് ഓഫിസ് പരിധിയിലുണ്ടെന്നാണ് പറയുന്നത്.
ഏത് കടയിൽനിന്നും സാധനം വാങ്ങാമെന്ന പോർട്ടബിലിറ്റി സംവിധാനം ഇത്തരക്കാർ ദുരുപയോഗം ചെയ്യുകയാണെന്നാണ് ആക്ഷേപം. സാധാരണയായി ഒരു കടയിൽ അഞ്ഞൂറോ അതിൽ താഴയോ കാർഡുകളാണുള്ളതെന്നിരിക്കെ ഇത്തരം കടയിൽ വരുന്ന കാർഡുകളുടെ എണ്ണം ആയിരത്തോളമാണ്.
അനർഹർ കൈവശം വെച്ചിരിക്കുന്ന കാർഡുകൾ വീടുകൾ കയറി പരിശോധിച്ച് റദ്ദ് ചെയ്താൽ ഒരു പരിധി വരെ ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ കഴിയുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. ഇതിനായി കൊച്ചിയിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കണമെന്ന ആവശ്യവും ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.