ആലുവ: പ്രവാസി വ്യവസായിയിൽനിന്ന് മരുമകൻ 108 കോടി തട്ടിയെടുത്ത കേസ് ഉന്നത ഉദ്യോഗസ്ഥർ ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം. മരുമകൻ കാസർകോട് സ്വദേശി മുഹമ്മദ് ഹാഫിസ്, സുഹൃത്ത് അക്ഷയ് തോമസ് വൈദ്യൻ എന്നിവർക്കെതിരെ ആലുവ സ്വദേശി അബ്ദുൽ ലാഹിർ ഹസനാണ് പരാതി നൽകിയിരുന്നത്.
ആലുവ റൂറൽ ക്രൈംബ്രാഞ്ചും പ്രോസിക്യൂഷനും പ്രതികൾക്ക് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച് പരാതിക്കാരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ എറണാകുളം റേഞ്ച് ഡി.ഐ.ജിക്ക് നിർദേശം നൽകിയിട്ടുണ്ട്. ജനുവരി 18ന് നൽകിയ പരാതിയിൽ ബുധനാഴ്ചയാണ് അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഉത്തരവിറക്കിയത്. ഡി.ഐ.ജി എ. ശ്രീനിവാസിനാണ് അന്വേഷണച്ചുമതല.
നവംബറിൽ നൽകിയ പരാതിയിൽ ഒരു നടപടിയുമുണ്ടായില്ല. പലപ്പോഴായി തട്ടിയെടുത്ത പണത്തിന് പുറമെ മകൾക്ക് നൽകിയ 1000 പവൻ, വജ്രാഭരണങ്ങൾ, ഒന്നരക്കോടിയുടെ കാർ, കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങൾ എന്നിവ തട്ടിയെടുത്തുവെന്നാണ് പരാതി. ആലുവ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കായിരുന്നു അന്വേഷണ ചുമതല. രണ്ടു മാസം പിന്നിട്ടെങ്കിലും പ്രതികളെ കസ്റ്റഡിയിലെടുക്കാൻ നടപടിയുണ്ടായില്ല.
മുഹമ്മദ് ഹാഫിസ് തട്ടിയെടുത്ത ഒന്നരക്കോടിയുടെ കാറും പൊലീസിന് കണ്ടെത്താനായില്ല. ഹാഫിസിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന ഗുരുതര ആരോപണവും മുഖ്യമന്ത്രിക്കയച്ച കത്തിലുണ്ട്. ഉന്നത ഇടപെടലാണ് പൊലീസ് ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പ്രതിക്ക് അനുകൂലമായി നിലപാടെടുക്കാൻ കാരണമെന്നാണ് പരാതിക്കാരൻ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.