വാട്സ്ആപ് ചാറ്റിലൂടെ ബന്ധം തുടങ്ങി, തുടക്കത്തിൽ ചെറുതുക നിക്ഷേപിച്ചു; നീലകാന്ത് തട്ടിയത് 56.50 ലക്ഷം രൂപ

അങ്കമാലി: ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയിൽനിന്ന് 56.50 ലക്ഷം രൂപ തട്ടാൻ വഴിയൊരുക്കിയത് വാട്സാപ് ചാറ്റിലൂടെയുള്ള ബന്ധം. ദുബൈയിൽ സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശി കാർത്തിക് നീലകാന്ത് ജാനി (49)യാണ് പണം തട്ടിയത്. ഇയാളെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു.

വാട്സ്ആപ് വഴി ബന്ധം സ്ഥാപിച്ച ശേഷം തട്ടിപ്പുസംഘം കറുകുറ്റി സ്വദേശിക്ക് ഒരു ലിങ്ക് അയച്ചുകൊടുക്കുകയായിരുന്നു. ഈ ലിങ്കിലൂടെ ആപ് ഇൻസ്റ്റാൾ ചെയ്തു. ഓരോ ലെവൽ കഴിയുമ്പോൾ നിക്ഷേപവും ലാഭവും വർധിക്കുമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തിൽ ചെറിയ തുകകൾ നിക്ഷേപിച്ചു. അതിന് കൃത്യമായി ലാഭവിഹിതവും നൽകി. പല അക്കൗണ്ടുകൾ വഴിയാണ് ഇവർ ലാഭമെന്ന പേരിൽ പണം നൽകിയിരുന്നത്. ഇതുപോലെ തട്ടിപ്പിനിരയാകുന്നവർ നിക്ഷേപിക്കുന്ന തുകയായിരുന്നു അത്. വിശ്വാസം വന്നതോടെ കൂടുതൽ തുക നിക്ഷേപിച്ചു. നിക്ഷേപത്തുകയും കോടികളുടെ ലാഭവും ആപ്പിലെ ഡിസ്പ്ലേയിൽ പ്രദർശിപ്പിച്ചുകൊണ്ടിരുന്നു. അത് പിൻവലിക്കാൻ ശ്രമിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.

നിക്ഷേപവും ലാഭവും പിൻവലിക്കുന്നതിന് ലക്ഷങ്ങൾ സംഘം ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്താനായത്. സമാന കുറ്റകൃത്യത്തിന് ഇയാൾക്കെതിരെ മുംബൈയിൽ നാല് കേസുകളുണ്ട്. ഇൻസ്പെക്ടർ ആർ.വി. അരുൺകുമാർ, എസ്.ഐ കെ.എ. വിൽസൻ, സീനിയർ സി.പി.ഒ എം.ആർ. മിഥുൻ, സി.പി.ഒ മുഹമ്മദ് ഷെരീഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - angamaly online scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.