ആലുവ: പെരിയാറിൽ വിസ്മയം തീർത്ത് 70കാരിയുടെ സാഹസിക നീന്തൽ. രണ്ടുകൈയും പിറകിൽ ബന്ധിച്ച് നടത്തിയ നീന്തലിൽ പങ്കുചേർന്ന് 11കാരനും 38കാരിയും. ആലുവ തായിക്കാട്ടുകര സ്വദേശിനി മനക്കപ്പറമ്പിൽ ആരിഫയാണ് 70ാം വയസ്സിൽ ചെറുപ്പക്കാരെ വെല്ലുന്ന സാഹസിക പ്രകടനത്തിലൂടെ പെരിയാറിനെ കീഴടക്കിയത്. 780 മീറ്ററോളം പുഴയുടെ കുറുകെ നീന്തിക്കടന്നു. ആരിഫയുടെ കൂടെ ദേശം കുന്നുംപുറം ലക്ഷ്യയിൽ ഭരത് കൃഷ്ണ (11), ചൂർണിക്കര അശോകപുരം സ്വദേശിനി ചെലക്കാട്ടുപറമ്പിൽ ധന്യ (38) എന്നിവരും രണ്ടുകൈയും പിറകിൽ ബന്ധിച്ചുള്ള സാഹസിക നീന്തലിൽ പങ്കെടുത്തു.
പെരിയാറിൽ സാഹസിക നീന്തൽ പരിശീലനം നൽകുന്ന വാളശ്ശേരിയിൽ റിവർ സ്വിമ്മിങ് ക്ലബിലെ പരിശീലകൻ സജി വാളശ്ശേരിയുടെ ശിക്ഷണത്തിലാണ് ഇവർ നീന്തൽ പരിശീലിച്ചത്.
ഞായറാഴ്ച രാവിലെ എട്ടിന് ആലുവ മണ്ഡപം കടവിൽനിന്ന് ആരംഭിച്ച നീന്തൽ 780 മീറ്റർ ആലുവ പെരിയാറിൽ കുറുകെ നീന്തി മണപ്പുറം ദേശം കടവിൽ എത്തി. റൊഗേഷനിസ്റ്റ് സ്കൂൾ പ്രിൻസിപ്പൽ ഫാ. പ്രേദോഷിന്റെ പ്രാർഥനക്ക് ശേഷം അൻവർ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ഹോസ്പിറ്റൽ സ്ഥാപകൻ ഡോ. ഹൈദർ അലി നീന്തൽ ഫ്ലാഗ്ഓഫ് ചെയ്തു. 8.45ന് മണപ്പുറം ദേശം കടവിൽ നീന്തിയെത്തി.
ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, റൊഗേഷനിസ്റ്റ് സ്കൂൾ മാനേജർ ഫാ. ദേവസ്യേ, മുൻ കുടുംബശ്രീ ചെയർപേഴ്സൻ റംല റഷീദ്, ചെങ്ങമനാട് പഞ്ചായത്ത് 17ാം വാർഡ് അംഗം ലത ഗംഗാധരൻ, ഡോ. റംല ഹൈദരലി, ജനപ്രതിനിധികൾ, സി.ഡി.എസ് അംഗങ്ങൾ, മറ്റു പ്രമുഖർ, നീന്തിയവരുടെ കുടുംബാംഗങ്ങൾ, വാളശ്ശേരിൽ റിവർ സ്വിമ്മിങ് ക്ലബ് അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഐഡിയൽ റിലീഫ് വിങ് ബോട്ടിന്റെ അകമ്പടിയോടെ രണ്ട് വള്ളം, ലൈഫ് ജാക്കറ്റ് ബോയെ, ആംബുലൻസ് തുടങ്ങിയ സുരക്ഷക്രമീകരണങ്ങളോടെയായിരുന്നു നീന്തൽ പ്രകടനം. പരിശീലകൻ സജി വാളശ്ശേരിയും ഇവരോടൊപ്പം നീന്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.