ആലുവ: സി.പി.ഐ കൂടി പങ്കാളികളായ സംസ്ഥാന സർക്കാരിനെതിരെ പ്രമേയവുമായി ഇടതുപക്ഷ വിദ്യാർഥി സംഘടനയായ എ.ഐ.എസ്.എഫ്. എ.ഐ.എസ്.എഫ് കാലടി സംസ്‌കൃത സർവ്വകലാശാല യൂനിറ്റ് സമ്മേളനത്തിലാണ് ഇടതുപക്ഷ സർക്കാരിനെതിരെയുള്ള പ്രമേയം പാസാക്കിയത്.
ഏപ്രിൽ ഒന്നിന് സർക്കാർ പുറത്തിറക്കിയ അധ്യാപക നിയമന ഭേദഗതി ഉത്തരവിനെതിരെയുള്ള പ്രമേയം ഗവേഷകനും എ.ഐ.എസ്.എഫ് ജില്ല വൈസ് പ്രസിഡന്‍റുമായ അനസ് കരീമാണ് അവതരിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളെയും ഗവേഷകരെയും പ്രതികൂലമായി ബാധിക്കുന്ന നിയമമാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളുടെയും ഗവേഷകരുടെയും അധ്യാപന സ്വപ്നമാണ് പുതിയ നിയമം മൂലം തകരുന്നതെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി.
പുതിയ അധ്യാപക തസ്തിക രൂപപ്പെടുന്നതിന് മുമ്പുണ്ടായിരുന്ന ഒമ്പത് മണിക്കൂർ വർക്കിങ് അവർ എന്നത് 16 മണിക്കൂർ എന്നാക്കി മാറ്റിയതോടെ അധ്യാപക തസ്തിക നിരോധന നിയമമാണ് സർക്കാർ നടപ്പിലാക്കുന്നത്. അധ്യാപക തൊഴിൽ നിരോധന നിയമം പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്നുമാണ് പ്രമേയത്തിലൂടെ എ.ഐ.എസ്.എഫ് ആവശ്യപ്പെട്ടത്.
സംസ്ഥാന സെക്രട്ടറി ജെ.അരുൺ ബാബു ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെതിരെയും പ്രമേയം പാസാക്കി. ഇന്ത്യ ചരിത്രത്തെ വർഗീയവത്കരിക്കുന്ന സംഘപരിവാർ ഭരണകൂട നീക്കം അപലപനീയമാണ്. വാഗൺ ട്രാജഡിയിലും മലബാർ സമരത്തിലും രക്തസാക്ഷികളായ 387 സമര പോരാളികളെ രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്നും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ പുറത്താക്കിയതിനെതിരെയും പ്രമേയത്തിൽ രൂക്ഷവിമർശനമുയർന്നു. ഷംനയാണ് കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവ് നടത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.
എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി എം.ആർ. ഹരികൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം എ.എ. സഹദ്, മനാഫ്, സാദിഖ് എൻ. മുഹമ്മദ്, ഗോകുൽ, വിനിഷ, നിമ ഹരിദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : ഷംന (പ്രസി.), ഗോകുൽ (വൈസ് പ്രസി.), റിൻഷാദ് (സെക്ര.), നിമ ഹരിദാസ് (ജോ. സെക്ര.). അൻസ, കൃപ, വിനിഷ, സുമി (എക്സി. കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.