ആലുവ: സ്പിരിറ്റിന്‍റെയും വ്യാജക്കള്ളിന്‍റെയും കേന്ദ്രമായി ആലുവ. വൻകിട അബ്‌കാരികളുടെയും സ്പിരിറ്റ് ഇടപാടുകാരുടെയും നേതൃത്വത്തിൽ നടക്കുന്ന വിപണിക്കുനേരെ അധികൃതർ കണ്ണടക്കുകയാണെന്ന ആരോപണം ശക്തമാണ്. ആലുവയിൽ ദേശീയപാതയോരത്ത് ഫാമിലി റസ്റ്റാറന്‍റിന്‍റെ മറവിലാണ് വൻകിട സ്പിരിറ്റ് ഇടപാടും വ്യാജക്കള്ള് വിപണനവും നടന്നിരുന്നത്.
ഇത് കണ്ടെത്തേണ്ട പ്രാദേശിക ഉദ്യോഗസ്ഥർ മയക്കം നടിച്ചപ്പോൾ പിടികൂടാൻ തിരുവനന്തപുരത്തുനിന്ന് എക്‌സൈസ് പ്രത്യേക സംഘം വരേണ്ടിവന്നു. സ്പിരിറ്റും മറ്റ് ലഹരി വസ്തുക്കളും ചേർത്ത വ്യാജക്കള്ളിന് വലിയ വിപണിയാണ് ആലുവയിലും സമീപത്തും മാഫിയ ഒരുക്കിയിരിക്കുന്നത്.
കുപ്രസിദ്ധ ഗുണ്ടയുടെ നേതൃത്വത്തിലാണ് സ്പിരിറ്റും മറ്റു വസ്തുക്കളും ഈ സ്ഥലങ്ങളിലേക്ക് കടത്തിക്കൊണ്ടുവരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. ഇത് തടയാൻ പൊലീസും നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ആലുവയിൽ ദേശീയ പാതയോരത്ത് മംഗലപ്പുഴ പാലത്തിനു സമീപം പ്രവർത്തിച്ചുവരുന്ന തോട്ടക്കാട്ടുകര കള്ളുഷാപ്പിൽനിന്ന് 760 ലിറ്റർ സ്പിരിറ്റും മറ്റു വസ്തുക്കളും പിടികൂടിയിരുന്നു. എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധനയും നടന്നത്. കള്ളുഷാപ്പിൽ ഭൂമിക്കടിയിൽ രഹസ്യഅറയുണ്ടാക്കിയാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പിടിക്കപ്പെട്ടാലും കാര്യമായ തുടർ അന്വേഷണങ്ങൾ ഉണ്ടാകാറില്ല. മാഫിയയുടെ കീഴിൽ ജോലിചെയ്യുന്ന ചിലരുടെ അറസ്റ്റിൽ കേസ് ഒതുങ്ങലാണ് പതിവ്.
വ്യാജക്കള്ള്, സ്പിരിറ്റ് കടത്ത് എന്നിവക്ക് പിന്നിലുള്ള അബ്കാരി പ്രമുഖർ, ലഹരി മാഫിയ എന്നിവരെ ഉദ്യോഗസ്ഥർ തന്നെ സുരക്ഷിതരാക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.