ആലുവ: ഒമ്പതു മാസത്തെ പരിശീലനം പൂർത്തിയാക്കി ഒന്നാമനായി അർജുൻ എത്തി, റൂറൽ പൊലീസിന്റെ ഡോഗ് സ്ക്വാഡിന് കരുത്തു പകരാൻ. സ്ഫോടക വസ്തുക്കൾ കണ്ടുപിടിക്കുന്നതിന് മിടുക്കനാണ് ബെൽജിയൻ മാലിനോയിസ് ഇനത്തിൽപ്പെട്ട ഈ നായ്കുട്ടി. കഴിഞ്ഞ ദിവസമാണ് കേരള പൊലീസ് അക്കാദമിയിലെ പരിശീലനത്തിന് ശേഷം സ്വർണ മെഡലോടെ അർജുൻ റൂറൽ പൊലീസിന്റെ കെ9 സ്ക്വാഡിൽ അംഗമായത്.
ഇതോടെ ഈ ഇനത്തിൽപ്പെട്ട രണ്ടു നായ്ക്കളായി സ്ക്വാഡിൽ. കൂടാതെ മൂന്ന് ലാബും, ഒരു ബീഗിളും ഉൾപ്പെടെ ആറ് ശ്വാനൻമാരാണ് പൊലീസിന് സഹായികളാകുന്നത്. ഭയം കൂടാത ദുരന്തമുഖത്ത് പാഞ്ഞ് കയറുകയെന്നത് ബെൽജിയൻ മാലിനോയ്സിന്റെ പ്രത്യേകതയാണ്. സ്ഫോടക വസ്തുക്കൾ കണ്ടെത്തിക്കഴിഞ്ഞാൽ അനങ്ങാതെ സേനക്ക് വിവരം നൽകാൻ ഇവർക്ക് കഴിയുമെന്ന് ജില്ല പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. പാസിങ് ഔട്ടിന് ശേഷം ആദ്യം ജില്ല പൊലീസ് ആസ്ഥാനത്താണ് അർജുൻ എത്തിയത്. എൽദോ ജോയി, കെ.എം. ഹരികൃഷ്ണൻ എന്നീ ഉദ്യോഗസ്ഥരാണ് അർജുന്റെ പരിശീലകർ. എ.എസ്.ഐ പി.എൻ. സോമന്റെ നേതൃത്വത്തിൽ 12 പേരാണ് കെ 9 സ്ക്വാഡിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.