ആലുവ: ആന്ധ്രയിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവെത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. ഇടുക്കി തൊടുപുഴ കുമ്മൻകല്ല് തൊട്ടിയിൽ വീട്ടിൽ റസലിനെയാണ് (അമ്മായി റസൽ -36) റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ആയിരക്കണക്കിന് കിലോ കഞ്ചാവാണ് ഇയാൾ കേരളത്തിലെത്തിച്ച് വിതരണം ചെയ്തത്. മൂന്നുദിവസം നീണ്ട പരിശോധനക്കൊടുവിൽ ഇടുക്കി വനമേഖലയിലെ തോപ്രാംകുടി മേലെചാന്നാർ ഭാഗത്തെ ഒളിസങ്കേതത്തിൽനിന്നാണ് ഇയാളെ സാഹസികമായി പിടികൂടിയത്.
രണ്ട് ആഡംബര കാറിൽ കടത്തിയ 105 കിലോ കഞ്ചാവ് മാസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിൽ നവംബറിൽ അങ്കമാലിയിൽനിന്ന് പിടികൂടിയിരുന്നു. തുടർന്ന് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. കഞ്ചാവ് വിതരണത്തിെൻറ പ്രധാന കേന്ദ്രം ഉത്തര ആന്ധ്രയിലെ പാഡേരു ഗ്രാമം ആണെന്ന് മനസ്സിലായി. ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മലയാളികളെക്കുറിച്ച് വിവരം ലഭിച്ചു. സംഘത്തിലെ പ്രധാനികളും മൊത്ത വിതരണക്കാരുമായ ആറുപേരെ നേരത്തേ അറസ്റ്റ് ചെയ്തു.
ഇതിലെ പ്രധാനികളായ തൊടുപുഴ സ്വദേശി അൻസിൽ, പെരുമ്പിള്ളിച്ചിറ സ്വദേശി കുഞ്ഞുമൊയ്തീൻ, വെള്ളത്തോൾ സ്വദേശി ചന്തു എന്നിവരിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ കല്ലൂർക്കാട് ആനിക്കാട് ഭാഗത്ത് വാടകവീട്ടിൽ റസലിെൻറ നേതൃത്വത്തിൽ കഞ്ചാവ് സൂക്ഷിക്കുന്നതായി മനസ്സിലായി.
ഇവിടെനിന്ന് 39 കിലോ കഞ്ചാവ് പിടികൂടി. ഒളിവിൽ പോയ റസൽ ഊട്ടി, ഗോവ, കുളു, മണാലി തുടങ്ങിയ സുഖവാസ കേന്ദ്രങ്ങളിലായിരുന്നു.
ആലുവ നാർകോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ. അശ്വകുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ ടി.എം. സൂഫി, വി.എ. അസീസ്, എസ്.സി.പി.ഒമാരായ ജിമ്മോന്‍ ജോർജ്, പി.എന്‍. രതീശന്, ജില്ല ഡാന്‍സാഫ് അംഗങ്ങളായ പി.എം. ഷാജി, കെ.വി. നിസാര്‍, ടി. ശ്യാംകുമാര്‍, വി.എസ്. രഞ്ജിത്ത്, ജാബിര്‍, മനോജ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.