ഹോമിയോ ആശുപത്രിക്കായി ചൂർണിക്കരയുടെ കാത്തിരിപ്പ്

ചൂർണിക്കര പഞ്ചായത്ത് ഹോമിയോ ആശുപത്രിക്ക്​ അശോകപുരത്ത് നിർമിച്ച കെട്ടിടം

ഹോമിയോ ആശുപത്രിക്കായി ചൂർണിക്കരയുടെ കാത്തിരിപ്പ്

ആലുവ: ഹോമിയോ ആശുപത്രിക്ക്​ ചൂർണിക്കരയുടെ കാത്തിരിപ്പ് നീളുന്നു. ഡിസ്പെൻസറിക്ക്​ കെട്ടിടമടക്കം സൗകര്യങ്ങൾ തയാറായിട്ട് വർഷങ്ങളായി. എന്നാൽ, അധികാരികൾ തുടർ നടപടി സ്വീകരിക്കാത്തതാണ് കാരണം. ഏഴാം വാർഡിൽ അശോകപുരത്താണ് കെട്ടിടം.

ഇവിടെ മഹിള സമാജത്തി​െൻറ ഒമ്പത് സെൻറ് ഭൂമി സൗജന്യമായി പഞ്ചായത്തിനു വിട്ട് നൽകിയിരുന്നു. പകരം അവിടെ നിർമിക്കുന്ന കെട്ടിടത്തിൽ ഒരുഭാഗത്ത് സർക്കാർ ഹോമിയോ ആശുപത്രി അനുവദിക്കണമെന്നതായിരുന്നു ധാരണ. തുടർന്ന് ജില്ല പഞ്ചായത്ത് ഫണ്ട്​ ഉപയോഗിച്ച് കെട്ടിടം പണിതു.

മുകളിലത്തെ നില മഹിള സമാജത്തിന് നൽകി. താഴെ ഒരു ഭാഗത്ത് അംഗൻവാടിയും ആരംഭിച്ചു. ഇതിനോട് ചേർന്നാണ്, ഹോമിയോ ആശുപത്രിക്കാവശ്യമായ രീതിയിൽ പണി തീർത്തത്. ആശുപത്രിക്കായി കഴിഞ്ഞ മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്ന ശൈലജയെ അന്നത്തെ പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാറും വാർഡ് അംഗവും നിലവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ രാജി സന്തോഷും സന്ദർശിച്ചിരുന്നു.

നിരന്തര പരിശ്രമത്തിന് ശേഷം ഹോമിയോ അനുവദിക്കേണ്ട പഞ്ചായത്തുകളുടെ പട്ടികയിൽ ചൂർണിക്കരയും ഉൾപ്പെട്ടിരുന്നു. ആശുപത്രിക്ക് ആവശ്യമായ ഫർണിച്ചറുകൾ വാങ്ങാൻ പഞ്ചായത്ത് ബജറ്റിൽ തുക വകയിരുത്തുകയും ചെയ്തിരുന്നു.

എന്നാൽ, ഇതുവരെ തുടർ നടപടി ആയിട്ടില്ല. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും പഞ്ചായത്തിനെ സർക്കാർ അവഗണിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഫർണിച്ചർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചായത്ത് തയാറാണെന്നും ആവശ്യത്തിന് ജീവനക്കാരടക്കമുള്ളവ അനുവദിച്ച് ഹോമിയോ ആശുപത്രി ആരംഭിക്കാൻ സർക്കാർ തയാറാകണമെന്നും പഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷ് ആവശ്യപ്പെട്ടു.

Tags:    
News Summary - Churnikara's wait for Homoeo Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.