ആലുവ: പ്രവർത്തകരുടെ ആകാംക്ഷയും ആവേശവുമില്ലാതെ വോട്ടെണ്ണൽ കേന്ദ്രം. ചാലക്കുടി ലോക്സഭ മണ്ഡലം വോട്ടെണ്ണൽ കേന്ദ്രമായ ആലുവ യു.സി കോളജ് പരിസരമാണ് രാവിലെ മുതൽ ശാന്തമായി കിടന്നത്. വോട്ടെണ്ണൽ അവസാനിക്കും വരെ ഒരു മുന്നണിയുടെയും നേതാക്കളോ പ്രവർത്തകരോ ഇവിടെ എത്തിയിരുന്നില്ല. കൗണ്ടിങ് ഏജൻറുമാർ മാത്രമാണെത്തിയത്. അവർ ഓരോരുത്തരും തങ്ങളുടെ ഭാഗത്തെ എണ്ണം പൂർത്തിയായതിനനുസരിച്ച് തിരിച്ച് പോകുകയും ചെയ്തു. തുടക്കം മുതൽ യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ ലീഡ് ചെയ്തിരുന്നു. എന്നിട്ടും യു.ഡി.എഫ് ഏജൻറുമാർ പോലും തമ്പടിച്ചില്ല. വോട്ടെണ്ണൽ പൂർത്തിയായ ശേഷം 2.30ഓടെയാണ് ബെന്നി ബഹനാൻ ഇവിടെയെത്തിയത്. വോട്ടെണ്ണൽ കേന്ദ്രത്തിൽ കയറിയ അദ്ദേഹം നടപടികൾ പൂർത്തിയാക്കി 3.15ഓടെ പുറത്തേക്ക്. തുടർന്ന്, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുറന്ന ജീപ്പിൽ, പ്രവർത്തകരുടെ അകമ്പടിയോടെ ആലുവയിലെത്തിയ അദ്ദേഹത്തിന് യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
അൻവർ സാദത്ത് എം.എൽ.എ, യു.ഡി.എഫ് ചെയർമാൻ ലത്തീഫ് പൂഴിത്തറ, കൺവീനർ എം.കെ.എ. ലത്തീഫ്, നേതാക്കളായ അഡ്വ. പി.ബി. സുനീർ, അക്സർ മുട്ടം, എം.എസ്. ഹാഷിം, ബാബു പുത്തനങ്ങാടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടർന്ന് പ്രവർത്തകരുടെ അകമ്പടിയോടെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടർമാരെ അഭിവാദ്യം ചെയ്ത് കുന്നത്തുനാട് മണ്ഡലത്തിലേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.