ആലുവ: നമ്പറില്ലാതെയും മറ്റുതരത്തിലുള്ള നിയമ ലംഘനങ്ങൾ നടത്തിയും പായുന്ന ബൈക്കുകൾക്ക് വലവിരിച്ച് മോട്ടോർ വാഹന വകുപ്പ്. വ്യാഴാഴ്ച രണ്ട് ബൈക്കുകളാണ് പ്രത്യേക എൻഫോഴ്സ്മെൻറ് സംഘം ആലുവയിൽനിന്ന് പിടികൂടിയത്. യു.സി ഭാഗത്ത് പാർക്ക് ചെയ്തിരുന്ന നമ്പർ പ്ലേറ്റിൽ പ്രശ്നങ്ങളുള്ള വേഗമേറിയ ബൈക്ക് കണ്ടെത്തിയത്. മുൻവശത്ത് നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിന്റെ പിൻവശത്തെ നമ്പർ പ്ലേറ്റ് വായിക്കാൻ കഴിയാത്ത വിധം മടക്കിവെച്ചിരിക്കുകയായിരുന്നു. എന്നാൽ, ബൈക്ക് ഇവിടെ കൊണ്ടുവെച്ച ആളെ കണ്ടെത്താനായില്ല.
ഇതേ തുടർന്ന് നമ്പർ പരിശോധിച്ച് ഉടമ വെണ്ണല സ്വദേശി അഫ്സലിനെ കണ്ടെത്തി. ഇയാൾ സുഹൃത്തിന് വിറ്റ വാഹനമാണെന്നാണ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ, പേര് മാറ്റിയിരുന്നില്ല. ബൈക്ക് കസ്റ്റഡിയിൽ എടുത്ത് ഗുഡ്സ് ഓട്ടോറിക്ഷയിൽ കയറ്റി ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
നഗരത്തിൽ നിരീക്ഷണം നടത്തുന്നതിനിടെ മറ്റൊരു ബൈക്ക് നമ്പർ പ്ലേറ്റില്ലാതെ പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പിന്തുടർന്ന് ബാങ്ക് കവലയിൽ കടത്തുകടവ് റോഡിൽ വെച്ച് പിടികൂടി. കൊച്ചുകടവ്സ്വദേശി അർജുൻ എന്ന യുവാവാണ് ബൈക്ക് ഓടിച്ചിരുന്നത്. ബന്ധുവിന്റെ വാഹനമാണെന്നാണ് ഇയാൾ പറഞ്ഞത്.
അപകടത്തെ തുടർന്ന് ഷോറൂമിൽ പണി കഴിഞ്ഞ് ഇറക്കിയതാണെന്നും അതാണ് നമ്പർ പ്ലേറ്റ് ഇല്ലാതിരുന്നതെന്നുമാണ് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ, ഉദ്യോഗസ്ഥർ കൂടുതൽ ചോദ്യം ചെയ്തപ്പോൾ പണികഴിഞ്ഞ് ഇറക്കിയത് രണ്ടാഴ്ച മുമ്പാണെന്ന് ഇയാൾ പറഞ്ഞു. പിറകുവശത്ത് മഡ്ഗാഡോ നമ്പർ പ്ലേറ്റോ വെക്കാനുള്ള സ്റ്റാൻഡോ ഉണ്ടായിരുന്നില്ല. ഇതും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. എം.വി.ഐ ജയരാജ്, എ.എം.വി.ഐ നിഷാന്ത്, ഡ്രൈവർ ജിലേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.