ആലുവ: കിൻഫ്ര കുടിവെള്ള പദ്ധതിക്കെതിരെ പരിസ്ഥിതിപ്രവർത്തകരും രംഗത്ത്. പെരിയാറിലെ ജലം വ്യവസായത്തിന് എടുക്കുന്നത് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുമെന്നാണ് ഇവരുടെ ആരോപണം. കിൻഫ്രയുടെ നേതൃത്വത്തിൽ വ്യവസായ ആവശ്യത്തിന് വ്യാപാരാടിസ്ഥാനത്തിൽ വെള്ളം നൽകുന്നതിന് പെരിയാറിൽനിന്ന് പമ്പുചെയ്യാനുള്ള വലിയ പദ്ധതിയാണ് രൂപംകൊള്ളുന്നത്. നിലവിലെ ആലുവയിലെ ജലശുചീകരണ പ്ലാന്‍റിനും ചൊവ്വര ജലശുചീകരണ പ്ലാന്‍റിനും ഇടയിൽ പെരിയാറിെൻറ തോട്ടുമുഖം ഭാഗത്താണ് കിൻഫ്ര പദ്ധതിയുടെ പമ്പ് സ്ഥാപിക്കുന്നത്.
പെരിയാറിെൻറ ഇരുകരയിലുമായി നിലവിലെ മുന്നൂറിലേറെ വ്യവസായങ്ങൾക്കും എറണാകുളം ഇടുക്കി, കോട്ടയം ഭാഗത്ത് നാൽപത് ലക്ഷത്തിലധികം പേർക്ക് കുടിവെള്ള വിതരണത്തിനും ലിഫ്റ്റ് ഇറിഗേഷൻ വഴി കൃഷിക്കും വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറിവരുന്നത് തടുക്കാനുമുള്ള ജലംപോലും പെരിയാറിൽനിന്ന് ലഭിക്കാത്ത സാഹചര്യമാണ് ഇന്നുള്ളത്. അടിത്തട്ടിലെ മണൽ നഷ്ടപ്പെട്ട പെരിയാർ ചളി കലങ്ങി ഒഴുകുന്നതും നിരന്തരമായി കാണുന്നുണ്ട്.
ഇപ്പോൾതന്നെ ജല ദൗർലഭ്യം അനുഭവിക്കുകയാണ്. പൂർണമായ പതനത്തിലേക്ക് പെരിയാറിനെ നയിക്കുന്ന ഈ പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറുകയും കിൻഫ്രയുടെ ജല ലഭ്യതക്ക് ബദൽ സംവിധാനം കണ്ടെത്തുകയുമാണ് വേണ്ടതെന്നും ഇവർ പറഞ്ഞു. ആലുവ പരിസ്ഥിതി സംരക്ഷണസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഈ പ്രശ്നം പരിശോധിക്കാനും പഠിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിെൻറ ഭാഗമായി വിദഗ്ധ സമിതി ഈ മാസം മൂന്നിന് രാവിലെ 10ന് പെരിയാറിന്റെ തോട്ടുമുഖം മഹിളാലയം കവല ഭാഗത്ത് സന്ദർശനം നടത്തും. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. സി.എം. ജോയി, സമുദ്ര ശാസ്ത്രജ്ഞൻ ഡോ. ജോമോൻ ജോസഫ്, സി.ആർ. നീലകണ്ഠൻ, സംഘം പ്രസിഡന്‍റ് ചിന്നൻ ടി. പൈനാടത്ത് എന്നിവരാണ് സംഘത്തിലുണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.