ആലുവ: മാർക്കറ്റിൽ മലിനജലവും മാലിന്യവും കെട്ടിക്കിടക്കുന്നു. മഴവെള്ളം കൂടിയായതോടെ വലിയ മാലിന്യക്കുളം രൂപപ്പെട്ട അവസ്ഥയാണ്. ചീഞ്ഞ പച്ചക്കറി അടക്കം ആധുനിക മാർക്കറ്റ് പദ്ധതി പ്രദേശത്ത് കുന്നുകൂടി കിടക്കുകയാണ്. ഇതിനിടെ മാർക്കറ്റിലെ ഒരു അന്തർ സംസ്ഥാന തൊഴിലാളിക്ക് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർക്കറ്റിലെ കായക്കച്ചവട സ്ഥാപനത്തിലെ തൊഴിലാളിയാണിയാൾ. മാർക്കറ്റിനോട് ചേർന്ന ഇലഞ്ഞിക്കായി റോഡിലാണ് ഇയാൾ താമസിക്കുന്നത്.
ആധുനിക മാർക്കറ്റ് നിർമാണ പദ്ധതി പ്രദേശത്താണ് മാലിന്യം നിറഞ്ഞിരിക്കുന്നത്. മാർക്കറ്റിലെ മാലിന്യങ്ങൾക്ക് പുറമെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുവരെ മാലിന്യം കൊണ്ടിടുന്നുണ്ട്. മാർക്കറ്റിൽനിന്നുള്ള മാലിന്യനീക്കം നാളുകളായി നിലച്ച മട്ടാണ്. മാലിന്യം നിറഞ്ഞ പ്രദേശത്തോട് ചേർന്നാണ് മത്സ്യ മൊത്തക്കച്ചവടം. മീൻ വാങ്ങാനെത്തുന്ന ചെറുകിട വ്യാപാരികൾക്കും മൊത്തക്കച്ചവടക്കാർക്കും മാലിന്യപ്രശ്നം ദുരിതമായിട്ടുണ്ട്. തൊട്ടടുത്ത മാർക്കറ്റ് മസ്ജിദിൽ പ്രാർഥനക്കത്തെുന്നവർക്കും ദുർഗന്ധവും കൊതുകുശല്യവും ബുദ്ധിമുട്ടാണ്. വർഷങ്ങൾക്ക് മുമ്പ് ആധുനിക മാർക്കറ്റ് കെട്ടിടം നിർമിക്കുന്നതിനായി ഇവിടെയുണ്ടായിരുന്ന പഴയ പ്രധാന കെട്ടിടം പൊളിച്ച് നീക്കിയിരുന്നു. എന്നാൽ, പുതിയ കെട്ടിടം നിർമാണം ആരംഭിക്കാനായില്ല. ഇതോടെ ഈ ഭാഗം മാർക്കറ്റിലെയും മറ്റും മാലിന്യം തള്ളാനുള്ള സ്ഥലമായി മാറി. മാർക്കറ്റിൽ മാലിന്യം കെട്ടിക്കിടക്കുന്നത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് വ്യാപാരികൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.