ആലുവ: സിറ്റി ബസുകൾ യാത്രക്കാർക്ക് ദുരിതമാകുന്നു. ബസുകളുടെ മരണപ്പാച്ചിലും, ആലുവയിൽ നഗരം ചുറ്റാതെ ട്രിപ്പ് അവസാനിപ്പിക്കുന്നതുമാണ് പ്രധാന തലവേദന. നഗരത്തിലും ദേശീയപാതയിലും മരണ വേഗതയിലാണ് ബസുകൾ പായുന്നത്. ബസുകളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിട്ടും മത്സരത്തിന് യാതൊരു കുറവുമില്ല. ഇത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. നഗരസഭ ബസ് സ്റ്റാൻഡിൽ നിന്ന് ട്രിപ്പ് ആരംഭിക്കുന്ന ബസുകൾ വീതി കുറഞ്ഞ മാർക്കറ്റ് റോഡിലൂടെ അമിത വേഗതയിലാണ് ബാങ്ക് കവലയിലെത്തുന്നത്.
ഇക്കാര്യത്തിൽ മറ്റ് റൂട്ടുകളിലോടുന്ന ബസുകളും പിന്നിലല്ല. ബാങ്ക് കവല കഴിഞ്ഞും ബന്ധുകൾ മരണപ്പാച്ചിൽ തുടരുകയാണ്. മറ്റ് വാഹനങ്ങളെ മറികടക്കാൻ റോഡിന്‍റെ വലതു വശത്തേക്ക് കയറിയോടുന്ന ബസുകൾ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങളെ ഗൗനിക്കാറില്ല. ദേശീയപാതയിലും മരണപ്പാച്ചിലിന് കുറവില്ല. ഇതിനെതിരെ പ്രതികരിക്കുന്ന യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നതും വഴിയിൽ ഇറക്കി വിടുന്നതും പതിവായിട്ടുണ്ട്. ബസുകളിൽ അമിത ശബ്ദത്തിൽ പാട്ട് വക്കുന്നതും പതിവാണ്.
എണാണാകുളത്ത് നിന്നും ആലുവയിലത്തെുന്ന പല സിറ്റി ബസുകളും നഗരം ചുറ്റൽ ഒഴിവാക്കുന്നതായും പരാതികളുണ്ട്. നിയമവിരുദ്ധമായി ബസുകൾ റൂട്ട് മാറി ഓടുന്നതിനാൽ യാത്രക്കാർ പെരുവഴിയിലാകുന്നു. പെർമിറ്റിന് വിരുദ്ധമായി സർവീസ് നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടും ട്രാഫിക് പൊലീസോ, വാഹന വകുപ്പോ നടപടികൾ എടുക്കുന്നില്ല. എറണാകുളത്ത് നിന്ന് വരുന്ന ബസുകൾ ദേശീയപാതയിലെ പുളിഞ്ചോട് കവലയിൽ നിന്ന് സർവീസ് റോഡിലൂടെ ബൈപാസ് കവലവഴി നഗരത്തിൽ കയറി ബാങ്ക് കവല, പമ്പ് കവല, സീനത്ത്, പഴയ ബസ് സ്‌റ്റാൻഡ്, മസ്ജിദ് റോഡ്, മാർക്കറ്റ് റോഡ് വഴി സ്‌റ്റാൻഡിലെത്തേണ്ടതാണ്.
തിരിച്ച് മാർക്കറ്റ് റോഡ്, ബാങ്ക് കവല, പമ്പ് കവല, റെയിൽവേ സ്റ്റേഷൻ റോഡ്, മസ്ജിദ് റോഡ്, എറണാകുളം റോഡ് വഴിയാണ് ദേശീയപാതയിലെത്തി എറണാകുളം ഭാഗത്തേക്ക് പോകേണ്ടത്. എന്നാൽ, ബൈപാസിൽ മേൽപാലം വന്നതോടെ ഇതിന് താഴെയുള്ള അടിപാത വഴി സർവീസ് റോഡിൽ നിന്നും മാർക്കറ്റ് പരിസരത്ത് വച്ച് സ്‌റ്റാൻഡിലേക്ക് എളുപ്പം കയറാൻ കഴിയുമായിരുന്നു. ഇത് മുതലെടുത്ത് സിറ്റി ബസ്സുകൾ ഇത്തരത്തിൽ സ്‌റ്റാൻഡിലേക്ക് കയറിയിരുന്നു.
എന്നാൽ, ഇതിനെതിരെ പരാതികൾ വന്നതോടെ അത് തടഞ്ഞു. എന്നാൽ, ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിൽ സീമാസ് ഭാഗത്ത് എത്തുന്ന ചില ബസുകൾ യാത്രക്കാരെ മുഴുവൻ ഇവിടെ ഇറക്കി വിടുകയാണ്. ഇതുമൂലം നഗരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പോകേണ്ടവർ മറ്റ് ബസുകളിൽ കയറി വീണ്ടും ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ടി വരികയാണ്. ഇതിനെതിരെ പ്രതികരിക്കുന്നവരെ നഗരം ചുറ്റാൻ പോകുന്ന ബസുകളിൽ കയറ്റി വിടും. ഒരേ സമയം സർവീസ് റോഡിൽ എത്തുന്ന ബസുകളിലെ മുഴുവൻ യാത്രക്കാരെയും ഒരു ബസിലേക്ക് മാറ്റി കയറ്റുകയാണ് പതിവ്. ഇത് വൃദ്ധരായ യാത്രക്കാരെയും വനിത യാത്രക്കാരെയും വലക്കുകയാണ്.
ധൃതി പിടിച്ചാണ് യാത്രക്കാരെ മാറ്റി കയറ്റുന്നത്. അതിനാൽ തന്നെ വേഗത്തിൽ ബസുകളിൽ നിന്നിറങ്ങി മറ്റു ബസുകളിൽ കയറുന്ന യാത്രക്കാർ പലപ്പോഴും അപകടങ്ങളിൽ പെടുന്നതും പതിവാണ്. വേഗം കയറിയില്ലെങ്കിൽ യാത്രക്കാരെ ബസ് ജിവനക്കാർ ചീത്ത വിളിക്കലും ഭീഷണിപെടുത്തലുമുണ്ട്. ബസുകളുടെ റൂട്ട് തെറ്റിക്കൽ മൂലം നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ, കോളജുകൾ, മജിസ്േട്രറ്റ് കോടതി, സബ്ട്രഷറി, വിവിധ പോലിസ് ഓഫീസുകൾ, പൊതുമരാമത്ത് വകുപ്പിൻറെ വിവിധ ഓഫീസുകൾ, ഇ.എസ്.ഐ ഡിസ്പെൻസറി, എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള തൊഴിൽ പരിശീലന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് വരുന്നവർ കൂടുതൽ ദുരിതമനുഭവിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.