ആലുവ മാർക്കറ്റ് ഭാഗത്തെ കൈയേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ വനിത ജീവനക്കാരെ തടയുന്നു
ആലുവ: മാർക്കറ്റ് ഭാഗത്തെ കൈയേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ വനിത ജീവനക്കാർക്ക് വധ ഭീഷണി. മാർക്കറ്റിന്റെ മുൻ വശം മുതൽ സീമാസ് വരെയുള്ള സർവിസ് റോഡിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കാനാണ് നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരടക്കം എത്തിയത്.
ഒരു വനിത ഹെൽത്ത് ഇൻസ്പെക്ടറും രണ്ട് വനിത ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും നഗരസഭ തൊഴിലാളികളുമാണ് വാഹനങ്ങൾ ഉൾപ്പെടെ എത്തിയത്. ശനിയാഴ്ച രാവിടെ 8.30 ഓടെയാണ് സംഭവം. റോഡിലും മറ്റും കൈയേറിവെച്ചിരുന്ന സാധനങ്ങൾ നീക്കം ചെയ്യാനെത്തിയ ജീവനക്കാരെ സംഘം ചേർന്നെത്തിയ കച്ചവടക്കാർ തടയുകയായിരുന്നു. തുടർന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.
വനിത ജീവനക്കാരുടെ നേർക്ക് അസഭ്യം പറയുകയുമായിരുന്നു. ഇതേതുടർന്ന് ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചെങ്കിലും തിരിഞ്ഞ് നോക്കിയില്ലെന്ന് ആക്ഷേപമുണ്ട്. കച്ചവടക്കാരുടെ എതിർപ്പിനെ ശക്തമായി നേരിട്ട ജീവനക്കാർ കൈയേറ്റം ഒഴിപ്പിച്ചാണ് മടങ്ങിയത്.
കഴിഞ്ഞയാഴ്ച ഇത്തരത്തിൽ ഒഴിപ്പിച്ചിരുന്നു. എന്നാൽ, കച്ചവടക്കാർ വീണ്ടും എത്തുകയായിരുന്നു.
വ്യാപാരികൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ജീവനക്കാർ റൂറൽ എസ്.പിക്ക് പരാതി നൽകി. ഭീഷണിപ്പെടുത്തുന്നവരുടെ വിഡിയോ, ഫോട്ടോ എന്നിവ സഹിതമാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.