ആലുവ: ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി - കമ്പനിപ്പടി റോഡിൽ മാലിന്യം നിറയുന്നു. ചവർപാടം ഭാഗത്താണ് വിവിധ ഭാഗങ്ങളിൽ മാലിന്യം കൂടി കിടക്കുന്നത്.
ഈ റോഡിലൂടെ സഞ്ചാരം ദുസ്സഹമായി മാറിയിട്ടുണ്ട്. മാലിന്യസഞ്ചികളുടെ എണ്ണം ദിനം പ്രതി പെരുകിയിരിക്കുകയാണ്. മൂക്ക് പൊത്താതെ നടക്കാൻ പറ്റാത്ത സ്ഥ്തിയാണുള്ളത്. നിരവധി വാഹനങ്ങളും, യാത്രക്കാരും പോകുന്ന റോഡാണിത്.
അറവ് മാലിന്യങ്ങൾ, കോഴിക്കടകളിലെ മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ തുടങ്ങിയവയും ഇവിടെ എത്തുന്നുണ്ട്. മാലിന്യത്തിൽനിന്ന് തീറ്റ തേടി തെരുവ് നായ്ക്കളും, എലികളും ഇവിടെ എത്തുന്നുണ്ട്. ഒറ്റപ്പെട്ട യാത്രക്കാരെ തെരുവ് നായ്ക്കൾ ആക്രമിക്കുന്നത് പതിവാണ്.
കാലങ്ങളോളം കൃഷി നിലച്ചുകിടന്നിരുന്ന ചവർപാടത്ത് ഏതാനും വർഷങ്ങൾക്ക് മുമ്പ് വീണ്ടും കൃഷി ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി റോഡരികിൽ പൂക്കൃഷിയും നടന്നിരുന്നു. ഇതോടെ നിരവധിയാളുകൾ സായാഹ്നങ്ങളിൽ ഇവിടേക്ക് എത്തിയിരുന്നു.
ജില്ല പഞ്ചായത്ത് റോഡ് നവീകരിക്കുകയും ചെയ്തു. ഇവിടെ എത്തുന്നവർക്ക് വിശ്രമിക്കാൻ ചാരുബഞ്ചുകളും സ്ഥാപിച്ചു. എന്നാൽ, വിവിധ കാരണങ്ങളാൽ കുറച്ചുവർഷമായി വീണ്ടും കൃഷി നിലച്ചിരിക്കുകയാണ്. ഇതോടെയാണ് മാലിന്യം പ്രശ്നം വീണ്ടും ഉടലെടുത്തത്. മാലിന്യം നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.