Image: Express

ആലുവയിൽ ഗുണ്ടാസംഘങ്ങൾ കേന്ദ്രീകരിക്കുന്നു; ഭീതിയിൽ നഗരം

ആലുവ: ഒരു ഇടവേളക്ക് ശേഷം ആലുവയിൽ വീണ്ടും ഗുണ്ടാസംഘം വിലസുന്നു. വിവിധ ഭാഗങ്ങളിലുള്ള ഗുണ്ടകളും അക്രമികളും കുറച്ചുനാളുകളായി ആലുവയിൽ കേന്ദ്രീകരിക്കുന്നുണ്ട്. നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ലോഡ്ജുകളിലും മറ്റും തങ്ങിയാണ് ഓരോ ഗ്യാങുകളും പ്രവർത്തിക്കുന്നത്. നഗരത്തിൽ തെരുവിൽ കഴിയുന്നവരുടെ കൂട്ടത്തിലും ഇത്തരക്കാർ ചേക്കേറിയിട്ടുണ്ട്. പൊലീസ് അടക്കമുള്ളവരുടെ ശ്രദ്ധ തങ്ങളിലേക്ക് വരാതിരിക്കാനാണ് ചെറുകിട  ഗുണ്ടകളും മയക്കുമരുന്ന് ഇടപാടുകാരും പിടിച്ചുപറിക്കാരുമായിട്ടുള്ളവർ തെരുവിൽ തങ്ങി കുറ്റകൃത്യങ്ങൾ നടത്തുന്നത്.

വലിയ സംഘങ്ങളാണ് ലോഡ്ജിലും മറ്റും കേന്ദ്രീകരിച്ച് ക്വട്ടേഷനുകൾ ഏറ്റെടുക്കുന്നത്. ഇവർ വ്യാപാരികൾ അടക്കമുള്ള നഗരവാസികൾക്ക് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. ഇവരിൽ പലരും ഗുണ്ടാപിരിവ് നടത്തുന്നുണ്ട്. ഒരു ഇടവേളക്ക് ശേഷം ആലുവയിൽ വീണ്ടും ഗുണ്ടാസംഘങ്ങൾ വിളയാടുന്നത് സ്വൈര്യജീവിതത്തിന് ഭീഷണിയായിരിക്കുകയാണ്.

ഗുണ്ട സംഘങ്ങളിലുൾപെട്ടിട്ടുളളവരിൽ ഏറെ പേരും മദ്യത്തിന് പുറമെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാണ്. അതുകൊണ്ടുതന്നെ ഇവർ എപ്പോഴും അക്രമകാരികളാകാറുണ്ട്. എന്ത് ചെയ്യാനും ഭയമോ മാറ്റിയോ ഇവർക്കില്ല. പൊലീസ് പിടികൂടിയാൽ പോലും എളുപ്പത്തിൽ ഇവരെ പുറത്തെത്തിക്കാനും ആളുകളുണ്ട്.

രാഷ്‌ട്രീയ സംഘടനകൾക്ക് വരെ ഇത്തരം ഗുണ്ട സംഘങ്ങൾ പ്രിയപ്പെട്ടവരാണ്. ഈ പിൻബലത്താൽ പൊലീസിനെ പോലും വെല്ലുവിളിക്കാനോ ഭീഷണിപ്പെടുത്താനോ ഭയക്കാറില്ല. കോവിഡിന് ശേഷം ലോഡ്ജുകളിൽ പഴയതുപോലെ തിരക്കില്ല. അതിനാൽ തന്നെ ഗുണ്ടാ സംഘങ്ങൾക്കും മയക്കുമരുന്ന് സംഘങ്ങൾക്കും ലോഡ്ജുകൾ സുരക്ഷിത താവളമാണ്. കോവിഡ് വന്നതോടെ പൊലീസ് പരിശോധനകളും ഇവിടെ കുറവാണെന്നതും ഇവർക്ക് തുണയാകുന്നു.

നഗരത്തിലെ മയക്കുമരുന്ന് ഇടപാടുകളിലും ഇവരുള്ളതായി ആരോപണമുണ്ട്​. ഇവരിൽപെട്ടവരാണ് പലപ്പോഴും ഇടനിലക്കാരാകാറുള്ളതത്രേ. മയക്കുമരുന്ന് എത്തിക്കുന്നവർക്ക് പ്രധാനമായും ഗുണ്ടകളെ ഇടനിലക്കാരാക്കുന്നതിനാണ് താൽപര്യം. അതാകുമ്പോൾ ഇടപാടുകാരിൽ നിന്ന് പണം കൃത്യമായി ലഭിക്കും. ഗുണ്ടകളെ ഭയന്ന് ആരും പ്രശ്നങ്ങൾക്ക് നിൽക്കുകയുമില്ല. റെയിൽവേ സ്‌റ്റേഷൻ, സ്വകാര്യ ബസ് സ്‌റ്റാൻഡ്‌, മാർക്കറ്റ്, ടൗൺഹാൾ, സിവിൽ സ്‌റ്റേഷൻ റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഗുണ്ടകളുടെയും മയക്കുമരുന്ന് ഇടപാടുകാരുടെയും പ്രധാന കേന്ദ്രങ്ങൾ. 

Tags:    
News Summary - Goons active in Aluva The city in fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.