പിടിയിലായ അജിംസ്, അൻസൽ, അഖിൽ വിത്സൺ, ധനേഷ് 

നഗരമധ്യത്തിൽ സി.ഐക്ക് നേരെ ഗുണ്ടാ ആക്രമണം ; നാലംഗ സംഘം പിടിയിൽ

ആലുവ: നഗരമധ്യത്തിൽ സി.ഐക്ക് നേരെ ഗുണ്ടകളുടെ ആക്രമണം. ആലുവ ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷന്‍റെ ചുമതലയുള്ള എടത്തല സി.ഐ നോബിളിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് നാലംഗ സംഘത്തെ പൊലീസ് അറസ്‌റ്റ് ചെയ്തു. ആലുവ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് വ്യാഴാഴ്ച്ച രാത്രിയിലാണ് സംഭവമുണ്ടായത്. മുടിക്കൽ പള്ളിക്കവല നെടിയാൻ വീട്ടിൽ അജിംസ് (33), കണ്ടന്തറ അല്ലപ്ര കൊപ്പറമ്പിൽ അൻസൽ (28), തിരുവാലൂർ കുന്നേൽപ്പള്ളിക്ക് സമീപം കിഴക്കുംതല അഖിൽ വിത്സൺ (31), മുടിക്കൽ നെടുംതോട് പുളിക്കരുകുടി വീട്ടിൽ ധനേഷ് (37) എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്.

ഇവർ സമീപത്തെ ബാറിൽ പോയി മദ്യപിച്ച ശേഷം പണം നൽകിയിരുന്നില്ല. കൂടാതെ ലോഡ്ജിൽ മുറിയെടുത്ത് പരസ്പരം ഏറ്റുമുട്ടുന്നതും പതിവായിരുന്നു. ഇത് സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്ന് അന്വേഷിക്കാൻ ചെന്നപ്പോഴാണ് കാർമ്മൽ ബിൽഡിങിലെ താബോർ ലോഡ്ജിൽ വച്ച്  നാലംഗ സംഘം സി.ഐയെ അക്രമിച്ചത്. അദ്ദേഹത്തിൻറെ വസ്ത്രം വലിച്ചുകീറാൻ ശ്രമിച്ചു. തുടർന്ന് കൂടുതൽ പൊലീസെത്തി ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു.

പ്രതികൾ ലോഡ്ജിൽ തങ്ങി ഗുണ്ടാപ്രവർത്തനം നടത്തിവരികയായിരുന്നു. തട്ടുകടകളിൽ നിന്നും മറ്റും ഭക്ഷണം കഴിച്ച് പണം നൽകാതെ ഭീഷണിപ്പെടുത്തലും പതിവാണ്. ഇവരിൽ പലരും നിരവധി കേസുകളിലെ പ്രതികളാണ്. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടികളാണ് റൂറൽ ജില്ലയിൽ എടുത്തുകൊണ്ടിരുന്നത്. കാപ്പ ചുമത്തി കൂടുതൽ ഗുണ്ടകളെ നാടുകടത്തിയതും ഈ ജില്ലയിൽ നിന്നാണ്. എന്നാൽ, റൂറൽ ജില്ല ആസ്‌ഥാനമായ ആലുവ നഗരത്തിൽ കാലങ്ങളായി തമ്പടിക്കുന്ന ഗുണ്ടകളെയും അക്രമികളെയും നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെടുകയാണ്. അതിൻറെ ഭാഗമാണ് സി.ഐക്ക് നേരെ ആക്രമണം നടത്താൻ ഗുണ്ടകൾ തയ്യാറായതെന്നാണ് ആക്ഷേപം.

Tags:    
News Summary - Goons attack CI in city center; Four arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.