ആലുവ: ബസിൽനിന്ന് ഇറങ്ങുന്നതിനു മുമ്പ് കണ്ടക്ടർ പിന്നിലെ വാതിൽ അടച്ച് വാഹനം മുന്നോട്ടെടുത്തതിനെ തുടർന്ന് വിദ്യാർഥി അപകടത്തിൽപ്പെട്ട സംഭവത്തിൽ ബസ് ജീവനക്കാരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.
കെ.എൽ 40 ബി 8190 നമ്പർ ഐഷമോൾ ബസിലെ ബസ് കണ്ടക്ടർ ആന്റോ റാഫി, ഡ്രൈവർ എം.എച്ച്. ഷമീർ എന്നിവരുടെ ലൈസൻസാണ് ജോയന്റ് ആർ.ടി.ഒ ബി. ഷഫീഖ് 20 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്.
വിദ്യാധിരാജ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിക്കാണ് പരിക്കേറ്റത്. ഒമ്പതിന് വൈകീട്ട് 4.30ന് ആലുവ പമ്പ് കവലയിലായിരുന്നു അപകടം. ഇറങ്ങുന്നതിന് മുമ്പ് വാതിലടച്ചതോടെ കുട്ടി വാതിലിൽ കുടുങ്ങിപ്പോയി. ഏകദേശം 50 മീറ്ററോളം കുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് വാഹനം മുന്നോട്ട് പോവുകയും ചെയ്തു. പാതിഭാഗം ബസിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു കുട്ടി. സംഭവം കണ്ട് വഴിയാത്രക്കാരും ബസിലെ മറ്റ് യാത്രക്കാരും ഒച്ചെവച്ച് വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ കുട്ടിയെ പുറത്താക്കി വേണ്ട ചികിത്സ നൽകാതെ ഓടിച്ചുപോവുകയാണ് ചെയ്തത്. ഗുരുതര പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ബസ് ജീവനക്കാർക്കെതിരെ കുട്ടിയുടെ രക്ഷിതാക്കൾ പരാതി ജോ.ആർ.ടി.ഒക്ക് പരാതി നൽകിയിരുന്നു. ആലുവ കോമ്പാറ റൂട്ടിൽ സർവിസ് നടത്തുന്ന ബസാണ് നിയമലംഘനം നടത്തിയത്.
പരാതി ലഭിച്ചതിനെത്തുടർന്ന് ആലുവ ജോയന്റ് ആർ.ടി.ഒ ബി.ഷെഫീക്കിന്റെ നിർദേശ പ്രകാരം എ.എം.വി.ഐ സന്തോഷ് കുമാർ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തി. അന്വേഷണത്തിൽ ജീവനക്കാർ കുറ്റക്കാരെന്ന് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.