ആലുവ: ദേശീയപാതയിൽ ഗതാഗത കുരുക്ക് രൂക്ഷമായി. റോഡിലെ അസൗകര്യങ്ങൾ മൂലം പൊതുവിലുള്ള കുരുക്കിന് പുറമെ മംഗലപ്പുഴ പാലത്തിലെ അറ്റകുറ്റപ്പണി തുടങ്ങിയതോടെ റോഡിൽ കുരുക്കോട് കുരുക്കായി. മാർത്താണ്ഡ വർമ്മ പാലത്തിന്റെ വലുപ്പക്കുറവും റോഡ് വികസനം നിലച്ചതുമാണ് പ്രധാന പ്രതിസന്ധി. ഇതുമൂലം ആലുവ മേഖലയിൽ ഗതാഗതക്കുരുക്ക് നിത്യ സംഭവമായി. വർഷങ്ങളായി ദേശീയപാതയിലും സമീപ റോഡുകളിലും സ്ഥിരമായി ഗതാഗത തടസ്സം നേരിടുന്നുണ്ട്. ആലുവയും സമീപ പ്രദേശങ്ങളുമാണ് ഇതുമൂലം കൂടുതൽ ദുരിതമനുഭവിക്കുന്നത്.
ദേശീയപാതയിലെ മാർത്താണ്ഡവർമ, മംഗലപ്പുഴ പാലങ്ങളാണ് പ്രശ്നങ്ങൾക്ക് പ്രധാനകാരണം. വീതി കുറവടക്കമുള്ള പ്രശ്നങ്ങൾ മൂലം ഇരു പാലങ്ങളിലും പൊതുവിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. മാർത്താണ്ഡവർമ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കണമെന്ന് കാലങ്ങളായി ആവശ്യമുയരുന്നുണ്ട്. എന്നാൽ, ഇതുവരെ തീരുമാനമൊന്നുമായില്ല. വർഷങ്ങൾക്ക് മുമ്പ് ദേശീയപാത അധികൃതർ കാണിച്ച വീഴ്ചയാണ് ആലുവയിലെ പ്രശ്നങ്ങൾക്ക് പ്രധാന കാരണം. മാർത്താണ്ഡവർമ പാലത്തിന് സമാന്തരമായി കിഴക്ക് ഭാഗത്ത് ഒരു പാലം നിർമിച്ചിരുന്നു.
ഇതിന്റെ പേരിൽ ദേശീയപാത നാലുവരിയാക്കിയപ്പോൾ അതിനോടനുബന്ധിച്ച് പണിയേണ്ടിയിരുന്ന പാലം ഒഴിവാക്കി. രാജഭരണകാലത്ത് നിർമിച്ച മാർത്താണ്ഡവർമ പാലത്തിന് നിലവിൽ 82 വയസ്സുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പേ പാലത്തിന്റെ വീതികുറവ് മൂലം ഗതാഗതം പ്രതിസന്ധിയിലായിരുന്നു. കാലപ്പഴക്കം മൂലം ദ്രവിച്ച് കമ്പികൾ പുറത്തുവന്ന നിലയിലായ പാലം, സമാന്തര പാലം പൂർത്തിയാകുമ്പോൾ പൊളിച്ച് പുതിയത് പണിയാൻ തീരുമാനമുണ്ടായിരുന്നു. എന്നാൽ, ഈ നീക്കവും അധികൃതർ അട്ടിമറിച്ചു. പാലം പൊളിക്കേണ്ടതില്ലെന്ന് തീരുമാനിച്ച ദേശീയപാത അധികൃതർ പാലം ബലപ്പെടുത്തി വീണ്ടും ഉപയോഗിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
തോട്ടക്കാട്ടുകരക്കും പറവൂർകവലക്കും ഇടയിൽ റോഡ് വികസനം നിലച്ചുപോയതാണ് ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് മറ്റൊരു കാരണം. രണ്ട് പതിറ്റാണ്ടോളമായി ഇവിടെ വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുത്തിട്ട്. എന്നാൽ, യാതൊരു തുടർനടപടികളും ഉണ്ടായില്ല. ഇരു കവലകൾക്കുമിടയിൽ റോഡ് വളവുകളുള്ളതും കുപ്പികഴുത്ത് പോലെ നേർത്തതുമാണ്.
ഇതിനാൽ തന്നെ ഈ ഭാഗത്ത് നിന്നും വാഹനങ്ങൾ കടന്നുപോകാൻ ഏറെ സമയമെടുക്കുന്നുണ്ട്. ദേശീയപാതയിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്നും ആവശ്യമുയർന്നിരുന്നു. എന്നാൽ, അത് എങ്ങുമെത്തിയിട്ടില്ല. മംഗലപുഴ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇവിടെ ഒരു വരി ഗതാഗതമാണുള്ളത്. അതിനാൽ തന്നെ പറമ്പയം വരെ പലപ്പോഴും ഗതാഗത കുരുക്ക് നീളുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.