ആലുവ: തുരുത്ത് റെയിൽവേ നടപ്പാലം പുനർനിർമാണവുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജറെ ബെന്നി ബഹനാൻ എം.പി സന്ദർശിച്ചു. അപകടാവസ്ഥയിലായ ആലുവ തുരുത്ത് നടപ്പാലം പുനർനിർമാണം ഉൾപ്പെടെയുള്ള ചാലക്കുടി പാർലമെൻറ് മണ്ഡലത്തിലെ റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ വികസനപ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് ജനറൽ മാനേജർ ജോൺ തോമസിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ചെന്നൈയിലെ ദക്ഷിണ റെയിൽവേ ജനറൽ മാനേജറുടെ ഓഫിസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. അപകടാവസ്ഥയിലായ തുരുത്ത് റെയിൽവേ ഫുട്പാത്ത് പുനർനിർമിക്കേണ്ടത് നഗരസഭയുടെയോ പഞ്ചായത്തിെൻറയോ ചുമതലയിൽപ്പെട്ട കാര്യമല്ലെന്ന് ജനറൽ മാനേജറെ അറിയിച്ചു. മുൻകാലങ്ങളിൽ ചെയ്തതുപോലെ സ്വന്തം ഫണ്ടിൽനിന്ന് പണം മുടക്കി നാട്ടുകാർക്ക് സുരക്ഷിത യാത്ര ഉറപ്പുവരുത്തേണ്ടത് റെയിൽവേയുടെ ബാധ്യതയാണ്.
തദ്ദേശ സ്ഥാപനങ്ങൾ പണം കെട്ടിവെക്കാത്തതിനാൽ ഈ മാസം ഒമ്പതുമുതൽ നടപ്പാത അടച്ചുപൂട്ടുമെന്ന റെയിൽവേയുടെ നിലപാട് സ്വീകാര്യമല്ലെന്നും എം.പി ജനറൽ മാനേജറെ അറിയിച്ചു. കൂടാതെ, ആലുവ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിെൻറ പടിഞ്ഞാറുനിന്ന് ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് കടക്കുന്നതിന് പുതിയ പ്രവേശന കവാടം തുറക്കുക, അങ്കമാലി-ചമ്പന്നൂർ റെയിൽവേ മേൽപാലം, ആലുവ-പുറയാർ റെയിൽവേ മേൽപാലം, അമ്പാട്ടുകാവ് റെയിൽവേ അടിപ്പാത എന്നിവയുടെ നിർമാണം ആരംഭിക്കുക, രണ്ടുവർഷം മുമ്പ് അടച്ചിട്ട പുറയാർ ഗാന്ധിപുരം റെയിൽവേ അടിപ്പാത അടിയന്തരമായി തുറക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
ചാലക്കുടി പാർലമെൻറ് മണ്ഡലത്തിെൻറ പരിധിയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളായ അങ്കമാലി, ചാലക്കുടി എന്നിവിടങ്ങളിൽ പല സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ് ട്രെയിനുകൾക്കും സ്റ്റോപ് അനുവദിച്ചിട്ടില്ല. പാലരുവി, ധൻബാദ്, രാജ്യറാണി, ഏറനാട്, അമൃത, നേത്രാവതി ട്രെയിനുകൾക്ക് അങ്കമാലി, ചാലക്കുടി റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. എം.പി ഉന്നയിച്ച വികസനാവശ്യങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ജനറൽ മാനേജർ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.