തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസ് ; ക്വട്ടേഷൻ കൊടുത്തയാൾ പിടിയിൽ

ആലുവ:  ദേശീയപാതയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസിൽ ക്വട്ടേഷൻ കൊടുത്തയാൾ പിടിയിൽ. പാലക്കാട് തൃത്താല ആനിക്കര പയ്യാറ്റിൽ വീട്ടിൽ മുജീബ് (44) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഏലൂർ മഞ്ഞുമ്മൽ കലച്ചൂർ റോഡിൽ വാടകക്കു താമസിച്ചുവരികയാണ്. പ്രതിക്ക് വേണ്ടി കാറിൽ കൊണ്ടുവന്ന ഹാൻസ് തട്ടിയെടുക്കാൻ പ്രതി തന്നെ ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ഹാൻസും കാറും തട്ടിയെടുത്ത ശേഷം മറിച്ചു വിൽക്കുകയിരുന്നു മുജീബിന്‍റെ ലക്ഷ്യം. എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രധാന ഹാൻസ് മൊത്ത വിതരണക്കാരനാണ് മുജീബ്.

കഴിഞ്ഞ 31ന് പുലർച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് ഹാൻസുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ ഏഴംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ച ശേഷം ഇയാളെ കളമശേരിയിൽ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നും ഹാൻസ് ആലുവയിൽ എത്തിച്ചപ്പോഴാണ് സംഘം തട്ടിക്കൊണ്ട് പോയത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന മുജീബിനെ കളമശേരിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

മുജീബിന്‍റെ കാറിലും വീട്ടിലുമായി സൂക്ഷിച്ച അഞ്ച് ചാക്ക് ഹാൻസ് പൊലീസ് പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു. ഇയാൾ ഇതിന് മുൻപും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘത്തിലെ അൻസാബ്, അരുൺ, അജിത് എന്നിവരെ കൊല്ലത്ത് നിന്നും അറസ്റ്റ് ചെയ്തിരുന്നു.

ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃതത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ എസ്.എച്ച്.ഒ എൽ.അനിൽകുമാർ, എസ്.ഐ പി.എസ്.ബാബു, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.ബി.സജീവ് എന്നിവരാണുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി പറഞ്ഞു. 

Tags:    
News Summary - Kidnapping car and driver at gunpoint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.