ആലുവ: അഭിഭാഷകനെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചുണങ്ങംവേലി എരുമത്തല ചൊല്ലുങ്ങൽ വീട്ടിൽ സുരേഷാണ് (ഡാൻസർ സുരേഷ് -37) പിടിയിലായത്. ആലുവ കോടതിയിലെ അഭിഭാഷകനായ വാഴക്കുളം കീൻപടി സ്വദേശി ശരത്ചന്ദ്രനെ ആക്രമിച്ചാണ് പണവും സ്വർണമാലയും മൊബൈൽ ഫോണും കവർന്നത്. ഫെബ്രുവരി 16ന് രാത്രി 11ഓടെ ദേശീയപാത ബൈപാസിൽ മെട്രോ സ്റ്റേഷൻ കവാടത്തിനടുത്താണ് സംഭവം. വീട്ടിൽ പോകുന്നതിനായി ഈ ഭാഗത്തുനിന്ന് ശരത് ചന്ദ്രൻ ഓട്ടോയിൽ കയറുകയായിരുന്നു.
ഓട്ടോ കുറച്ചുനീങ്ങിയപ്പോൾ മറ്റ് മൂന്ന് പേർ ഓട്ടോയിൽ കയറുകയും ഡ്രൈവറും ഈ മൂന്ന് പേരും ചേർന്ന് ശരത് ചന്ദ്രനെ മർദിക്കുകയുമായിരുന്നു. കൈയിൽ ഉണ്ടായിരുന്ന 15,000 രൂപയുടെ മൊബൈൽ ഫോണും സ്വർണമാലയും 8200 രൂപയടങ്ങുന്ന പഴ്സും വാച്ചും പിടിച്ചുവാങ്ങുകയായിരുന്നു. പിന്നീട്, ഇവർ കടന്നുകളഞ്ഞു. ഈ മാസം രണ്ടിനാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളുടെ സി.സി ടി.വി ദൃശ്യങ്ങളടക്കം ലഭിച്ചിട്ടും പ്രതികളെ പിടികൂടാൻ പൊലീസ് തയാറാകുന്നില്ലെന്ന് പരാതിക്കാരൻ വീണ്ടും ആരോപിച്ചിരുന്നു. ഇതേതുടർന്നാണ് ഇപ്പോൾ പ്രതികളിൽ ഒരാളെ പിടികൂടിയത്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.