ആലുവ: കോവിഡ് മഹാമാരി തീർത്ത ദുരിതങ്ങൾക്കിടയിൽ ആലുവ മണപ്പുറത്ത് വീണ്ടും മഹാശിവരാത്രി. നിയന്ത്രണങ്ങളോടെയുള്ള പിതൃതർപ്പണത്തിന് മണപ്പുറം ഒരുങ്ങി. മണപ്പുറം ശിവക്ഷേത്രത്തിൽ ചൊവ്വാഴ്ച പുലർച്ച ചടങ്ങുകൾക്ക് തുടക്കമാകും. ശിവക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് ചേന്നാസ് മനക്കൽ നാരായണൻ നമ്പൂതിരിപ്പാടും മേൽശാന്തി മുല്ലപ്പിള്ളി മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാടും മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട് 6.30ന് ദീപാരാധന. രാത്രി 12ന് ശേഷമാണ് ശിവരാത്രി വിളക്ക്.
ബലിതർപ്പണത്തിനും ക്ഷേത്രദർശനത്തിനും വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ മുതൽ ഭക്തരെത്തി ഒറ്റക്കൊറ്റക്ക് ബലിതർപ്പണം നടത്തുമെങ്കിലും ഉച്ചമുതലായിരിക്കും കൂട്ടമായി മണപ്പുറത്തേക്കെത്തുക. സന്ധ്യകഴിയുന്നതോടെ തിരക്ക് കൂടും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശിവരാത്രി ബലിതർപ്പണം നടക്കാറുണ്ടെങ്കിലും ആലുവ മണപ്പുറത്തിനാണ് പ്രാധാന്യം. അതിനാൽ തന്നെ നാനാദിക്കുകളിൽനിന്ന് ഭക്തർ ആലുവയിൽ എത്തും.
ബലിതര്‍പ്പണത്തിന് 150ഓളം ബലിത്തറകളാണ് ലേലം ചെയ്ത് നൽകിയത്. ശിവരാത്രി നാളായ ചൊവ്വാഴ്ച രാത്രിയിലാണ് ഔദ്യോഗികമായി ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുക. ബലിതർപ്പണം ബുധനാഴ്ച ഉച്ചക്ക് 12വരെ നീളും.
തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ക്രമീകരണം ഏർപ്പെടുത്തുന്നത്. ബലിതർപ്പണം നടത്തുന്ന പെരിയാർ തീരത്ത് അപകടമുണ്ടാകാതിരിക്കാനും ക്രമീകരണം ചെയ്തിട്ടുണ്ട്. കുടിവെള്ള വിതരണത്തിനും വിപുല സംവിധാനമുണ്ട്.
വിവിധ ഭാഗങ്ങളിൽനിന്ന് മണപ്പുറത്തേക്ക് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവിസുണ്ട്. ഇതിനായി മണപ്പുറത്തുതന്നെ താൽക്കാലിക സ്റ്റാൻഡും പ്രവർത്തിക്കുന്നുണ്ട്.
ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് നിലമ്പൂർ റോഡ്-കോട്ടയം പ്രതിദിന എക്സ്പ്രസ് ട്രെയിനിന് വിവിധയിടങ്ങളിൽ പ്രത്യേക സ്റ്റോപ് അനുവദിച്ചു. ചൊവ്വാഴ്ച നിലമ്പൂരിൽനിന്ന് പുറപ്പെടുന്ന 16325 നമ്പർ ട്രെയിനിന് മുള്ളൂർക്കര (5.20), ഒല്ലൂർ (5.52), നെല്ലായി (6.17), ഡിവൈൻ നഗർ (6.36), കൊരട്ടി അങ്ങാടി (6.40), ചൊവ്വര (6.58) എന്നിങ്ങനെയാണ് വിവിധ സ്റ്റോപ്പുകളിൽ നിർത്തുന്ന സമയം. ബുധനാഴ്ച കോട്ടയത്തുനിന്ന് നിലമ്പൂരിലേക്ക് പുറപ്പെടുന്ന 16326 നമ്പർ ട്രെയിനിന് ചൊവ്വര (7.17), കൊരട്ടി അങ്ങാടി (7.33), ഡിവൈൻ നഗർ (7.38), നെല്ലായി (7.58), ഒല്ലൂർ (8.15), മുള്ളൂർക്കര (9.00) എന്നിവിടങ്ങളിൽ നിർത്തും. ഒരു മിനിറ്റാണ് ട്രെയിൻ നിർത്തുന്ന സമയം.
ദുരിതങ്ങൾക്കിടയിൽ കടന്നുവന്ന ശിവരാത്രി തിരക്കിലാണ് ആലുവ നഗരം. മണപ്പുറത്തും നഗരത്തിലും ഉത്സവത്തിന്റെ ഒരുക്കം പൂർത്തിയായിട്ടുണ്ട്. ബലിതർപ്പണം നടക്കുന്ന ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആലുവ ജനലക്ഷങ്ങളാൽ നിറയും. കോവിഡ് മാനദണ്ഡം പാലിച്ചാണ് ഈ വർഷവും മണപ്പുറത്ത് ബലിതർപ്പണം. എന്നാൽ, ഒരു മാസം നീളുന്ന വ്യാപാരമേള ഉണ്ടാകില്ല. അതിനാൽ കൂടുതൽ ജനത്തിരക്ക് മണപ്പുറത്ത് ഉണ്ടാകാനിടയില്ല.
ചൊവ്വാഴ്ച ഉച്ചമുതൽ ബുധനാഴ്ച ഉച്ചവരെയാണ് ബലിതർപ്പണം. തിരക്ക് നിയന്ത്രിക്കാൻ വേണ്ടത്ര സൗകര്യങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. വെർച്വൽ ക്യൂ, ബാരിക്കേഡ് ക്യൂ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ശിവക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായും പ്രത്യേകം ക്യൂ സംവിധാനം ഒരുക്കിയിട്ടുണ്ട്.
പെരിയാറില്‍ കുളിക്കാനിറങ്ങുന്നവരുടെ സുരക്ഷക്ക് അഗ്നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധരുടെയും സ്കൂബ ടീമിന്റെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. റൂറല്‍ എസ്.പി കാര്‍ത്തികിന്റെ നേതൃത്വത്തില്‍ പൊലീസ് സേനയും സജ്ജമായിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി, ആലുവ നഗരസഭ എന്നിവര്‍ സംയുക്തമായി വിവിധ കേന്ദ്രങ്ങളില്‍ കുടിവെള്ള വിതരണത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഗ്നിരക്ഷാസേന, ആശുപത്രി സേവനങ്ങളും ലഭ്യമായിരിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആലുവ ശിവരാത്രി ഡ്യൂട്ടിക്ക് കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
മഹാശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് ബലിതർപ്പണത്തിനെത്തുന്ന ഭക്തരുടെ സുരക്ഷക്ക് പ്രത്യേക സംവിധാനമൊരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു. ആലുവ മണപ്പുറത്തെ അവസാനവട്ട ഒരുക്കം വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിന് പുറമെ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വിമുക്തഭടന്മാരെയും നിയോഗിച്ചിട്ടുണ്ട്. പിതൃബലിക്ക് ബലിത്തറകളെല്ലാം സജ്ജമാണ്. കടവുകളെല്ലാം നവീകരിച്ചു. സുരക്ഷ ക്രമീകരണങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് സംതൃപ്തി പ്രകടിപ്പിച്ചു. പുഴയിലെ ജലനിരപ്പ് ഉയരുമ്പോൾ മുകളിലെ മാലിന്യം കരയിലേക്ക് ശേഖരിക്കുന്ന സംവിധാനം ഉടൻ സ്ഥാപിക്കും. ശിവരാത്രി ആഘോഷം കഴിഞ്ഞാണ് പദ്ധതി നടപ്പാക്കുക.
2020ലേതിന് സമാനമായ ഭക്തജനങ്ങൾ മണപ്പുറത്തെത്തുമെന്നാണ് കരുതുന്നത്. അതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളെല്ലാം വിവിധ വകുപ്പുകളുമായി ചേർന്ന് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണപ്പുറം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഒ.ജി. ബിജു, മണപ്പുറം ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് എം.എൻ. നീലകണ്ഠൻ, സെക്രട്ടറി എം.ജി. ഗോപാലകൃഷ്ണൻ എന്നിവരും ദേവസ്വം പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.
ശിവരാത്രി ബലിതർപ്പണത്തിന് 150 ബലിത്തറ ഉണ്ടാകും. മുന്നറിയിപ്പ് ബോർഡുകൾ നൽകി പുഴയിലും മണപ്പുറത്തും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പന്തൽ, വാച്ച് ടവർ, 10 ബയോ ടോയ്ലറ്റുകൾ, സ്ത്രീകൾക്ക് വസ്ത്രം മാറാൻ പ്രത്യേകം മുറികൾ എന്നിവ ദേവസ്വം ബോർഡ് തയാറാക്കിയിട്ടുണ്ട്. ഭക്തജനങ്ങൾക്ക് സൗജന്യ ചുക്കുവെള്ളം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.