ദേശം: ജല അതോറിറ്റിയും ജലസേചന വകുപ്പും റോഡ് നിർമാണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ വീഴ്ച വരുത്തുന്നതായി വ്യാപക ആക്ഷേപം. ദേശം - കാലടി റൂട്ടിൽ ബി.എം.ബി.സി നിലവാരത്തിലുള്ള റോഡ് നിർമാണമാണ് ഇതുമൂലം വൈകുന്നത്. ദേശം മുതൽ വല്ലംകടവ് വരെയാണ് അത്യാധുനിക രീതിയിൽ സിയാൽ ഫണ്ടുപയോഗിച്ച് റോഡ് നവീകരിക്കുന്നത്. നിലവിലെ കുഴികളും വെള്ളക്കെട്ടും പൂർണമായി ഒഴിവാക്കിയും താഴ്ന്നപ്രദേശങ്ങൾ ഉയരം കൂട്ടിയുമാണ് നിർമാണം പുരോഗമിക്കുന്നത്.
എന്നാൽ, ജല അതോറിറ്റിയും ജലസേചന വകുപ്പും അടിസ്ഥാനസൗകര്യമൊരുക്കുന്നതിൽ വീഴ്ച വരുത്തുന്നുവെന്നും റോഡ് നിർമാണത്തിന് കാലതാമസം വരാൻ ഇടവരുത്തിയെന്നുമാണ് ആക്ഷേപം. ജലജീവൻ പദ്ധതിയുടെ പൈപ്പുകൾ അധികം താഴ്ചയില്ലാതെയാണ് സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ റോഡ് റോളർ ഓടിക്കുമ്പോൾ പൈപ്പുകൾ തകർന്ന് വെള്ളം പാഴായി ഒഴുകുകയാണ്. യഥാസമയങ്ങളിലുണ്ടാകുന്ന പോരായ്മകളും പ്രശ്നങ്ങളും ബന്ധപ്പെട്ട ഏജൻസികൾ യഥാസമയം പരിഹരിക്കുന്നില്ല. മേഖലയിലെ വിവിധ കുടിവെള്ള പദ്ധതി പൈപ്പുകളിലെ ചോർച്ചയാണ് വെള്ളം കുത്തിയൊഴുകി റോഡിൽ കുണ്ടും കുഴികളും രൂപപ്പെടാനും യാത്രക്കാർ അപകടത്തിൽപെടാനും സഞ്ചാരം ദുഷ്കരമാകാനും ഇടയാക്കുന്നത്.
സ്വകാര്യ ബസ് സർവിസുകൾ, സ്കൂൾ ബസുകൾ, ഭാരവാഹനങ്ങൾ, വിവിധ തീർഥാടന വാഹനങ്ങൾ അടക്കം സഞ്ചരിക്കുന്ന റോഡാണിത്. റോഡിലെ വളവും ചരിവും ഉയർച്ചയും താഴ്ചയും മറ്റ് പ്രശ്നങ്ങളും പരിഹരിച്ച് ഭാവിയിൽ വെള്ളക്കെട്ടോ കുണ്ടും കുഴികളോ ഉണ്ടാകാത്തവിധം ശാസ്ത്രീയനിർമാണമാണ് വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ, ദേശം മുതൽ ആരംഭിച്ച നിർമാണത്തിന്റെ തുടക്കം മുതൽ പൈപ്പുകൾ പൊട്ടി റോഡിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. പൊടിശല്യവും രൂക്ഷമാണ്. പ്രശ്നം ജനപ്രതിനിധികളും നാട്ടുകാരും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയെടുക്കാത്തതിനാൽ ഓഫിസ് ഉപരോധമടക്കമുള്ള സമരപരിപാടികളെക്കുറിച്ച് ആലോചിക്കുകയാണ് നാട്ടുകാർ.
ആലുവ: കോടികൾ ചെലവഴിച്ച് നിർമിച്ച ജില്ല ആശുപത്രിയിലെ ജെറിയാട്രിക് വാര്‍ഡ് നോക്കുകുത്തിയാകുന്നു. ജില്ല പഞ്ചായത്തിന്റെ രണ്ടുകോടി രൂപ ഫണ്ട് വിനിയോഗിച്ച് നിർമിച്ച വാര്‍ഡാണ് ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസമായിട്ടും അടഞ്ഞുകിടക്കുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയും തയാറാക്കിയ വാർഡ് ഒക്ടോബർ രണ്ടിന് മന്ത്രി വീണ ജോർജാണ് നാടിന് സമർപ്പിച്ചത്.
ആശുപത്രിയിലെ കാഷ്വൽറ്റി ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് ജെറിയാട്രിക് വാര്‍ഡ്. ഇവിടെ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം വാർഡുണ്ട്. ഇരു വിഭാഗത്തിലുമായി 60 പേരെ പ്രവേശിപ്പിക്കാനാകും. വിവിധ രോഗങ്ങളുമായി വരുന്ന വയോധികർക്ക് ചികിത്സ നൽകാനാണ് വാർഡ് തയാറാക്കിയത്. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. നഴ്സ് ഡ്യൂട്ടി റൂം, രോഗികളുടെയും മറ്റും വസ്തുക്കൾ സൂക്ഷിക്കാൻ സ്റ്റോർ റൂം തുടങ്ങിയവയും ഇവിടെയുണ്ട്. എന്നാൽ, ജെറിയാട്രിക് വാർഡ് സ്ഥിതിചെയ്യുന്ന മൂന്നാം നിലയിലേക്ക് ലിഫ്റ്റ് ഇല്ല. നിലവിൽ രണ്ടാമത്തെ നിലവരെ മാത്രമാണ് ലിഫ്റ്റ് സൗകര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.