ആലുവ: കുന്നത്തേരി മദ്റസ നൂറുൽ ഇർഫാൻ അറബിക് കോളജ് 56ാം വാർഷിക നിറവിൽ. 1967ൽ ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്വദേശി കുന്നത്തേരി തങ്ങൾ എന്നറിയപ്പെടുന്ന സയ്യിദ് മുഹമ്മദ് ജലാലുദ്ദീനാണ് മദ്റസ നൂറുൽ ഇർഫാൻ അറബി കോളജ് സ്ഥാപിച്ചത്. സ്ഥാപനത്തിന്റെ 56ാം വാർഷികവും ആറാം സനദ് ദാനവും ബഹുമുഖ പരിപാടികളോടെ 13 മുതൽ 15വരെ നൂറുൽ ഇർഫാൻ കാമ്പസിൽ നടക്കും.
13ന് വൈകീട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ എം.പി, മുഹമ്മദ് ഫൈസൽ എം.പി, അൻവർ സാദത്ത് എം.എൽ.എ തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. 14ന് നൂറുൽ ഇർഫാൻ സ്ഥാപകനായ കുന്നത്തേരി തങ്ങളുടെ പ്രശസ്ത മാപ്പിളപ്പാട്ട് കാവ്യമായ താജുൽ അഖ്ബാർ എന്ന യൂസുഫ് ഖിസ്സപ്പാട്ടിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷം നടക്കും.
ഇതോടനുബന്ധിച്ച് കുന്നത്തേരി തങ്ങളുടെ പേരിൽ മദ്റസ നൂറുൽ ഇർഫാൻ അറബി കോളജ് ഏർപ്പെടുത്തിയ എ.ഐ. മുത്തുകോയ തങ്ങൾ മെമ്മോറിയൽ അവാർഡ്, മാപ്പിളപ്പാട്ട് രംഗത്തെ സ്തുത്യർഹ സേവനത്തിന് ഒ.എം. കരുവാരക്കുണ്ട്, എം.എച്ച്. വെള്ളുവങ്ങാട്, ഫൈസൽ എളേറ്റിൽ എന്നിവർക്ക് സമർപ്പിക്കും. ചടങ്ങിനോട് അനുബന്ധിച്ച് അഖിലേന്ത്യ സൂഫി ഗാനാലാപന മത്സരവും നടക്കും. പ്രശസ്ത പ്രഭാഷകൻ നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നടത്തും. 15ന് ആറാം സനദ് ദാന മഹാസമ്മേളനം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.