ആലുവ: കടുങ്ങല്ലൂർ പഞ്ചായത്തിലെ വിശാല പാടശേഖരമായ എടയാറ്റുചാൽ വീണ്ടും നെൽകൃഷിക്കൊരുങ്ങുന്നു. സെപ്റ്റംബറിൽ കൃഷിപ്പണി പുനരാരംഭിക്കാനാണ് എടയാറ്റുചാൽ നെല്ലുൽപാദകസമിതി തീരുമാനം. അതിനുള്ള മുന്നൊരുക്കം ആരംഭിച്ചു.
300 ഏക്കർ വിസ്തൃതിയുള്ള എടയാറ്റുചാൽ പാടശേഖരം 25 വർഷത്തോളം തരിശുകിടക്കുകയായിരുന്നു. 2016 _17 വർഷം എടയാറ്റുചാൽ നെല്ലുൽപാദകസമിതി 10 ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്ത് നല്ല രീതിയിൽ വിളവെടുത്തു. നെല്ലുകുത്തി അരിയാക്കി 'എടയാറ്റുചാൽ കുത്തരി' എന്ന പേരിൽ വിപണനം ചെയ്തു. എന്നാൽ, ചാലിലെ അധികവെള്ളം വറ്റിക്കുന്ന പെട്ടിയും പറയും ഉപയോഗിക്കാനാവാത്ത വിധം കേടുവന്നതുമൂലം തുടർന്ന് കൃഷി നടത്താൻ കഴിഞ്ഞില്ല. തുടർന്ന് പുതിയ പമ്പ് സ്ഥാപിക്കുന്നതിനുള്ള ശ്രമം നെല്ലുൽപാദക സമിതി ആരംഭിച്ചു.
16 ലക്ഷം രൂപ വിലവരുന്ന കൂടുതൽ കുതിര ശക്തിയുള്ള പമ്പ് സെറ്റും മോട്ടോറും ജലസേചന വകുപ്പിൽനിന്ന് ലഭ്യമാക്കാൻ ഒന്നരവർഷം വേണ്ടി വന്നു. സർക്കാർ ഫണ്ട് ലഭിച്ചെങ്കിലും പ്രത്യേകതരം മോട്ടോർ ആവശ്യമായതുകൊണ്ട് അത് രൂപകൽപന ചെയ്ത് നിർമിച്ചെടുക്കാൻ കാലതാമസം ഉണ്ടാവുകയായിരുന്നു. പിന്നീട് ജലസേചനവകുപ്പ് പുതിയ പമ്പ് ഷെഡിെൻറ നിർമാണത്തിന് എട്ടുലക്ഷം രൂപ അനുവദിച്ചു.
പമ്പ് ഷെഡ് നിർമാണവും അസാധാരണ രീതിയിൽ വേണമായിരുന്നു. അതിനും കാലതാമസം നേരിട്ടു. ഇപ്പോൾ ഷെഡിെൻറ പ്ലാറ്റ് ഫോം നിർമിച്ച് അതിൽ മോട്ടോറും പമ്പുസെറ്റും സ്ഥാപിച്ചു കഴിഞ്ഞു. ഈ ഷെഡിന് മേൽക്കൂരയും വയറിങ്ങും പൂർത്തിയാക്കേണ്ടതുണ്ട്. അത് ഈ മാസം അവസാനത്തോടെ പൂർത്തിയാകും. അതോടെ എടയാറ്റുചാലിൽ കൃഷി ആരംഭിക്കാനുള്ള എല്ലാ വാതിലുകളും തുറക്കപ്പെടും.
കുട്ടനാട്ടിലെ അനുഭവസമ്പന്നരായ മൂന്ന് കർഷകരുടെ നേതൃത്വത്തിലാണ് ഇത്തവണ കൃഷി നടത്താൻ ഉദ്ദേശിക്കുന്നത്. അവർ സ്ഥലത്തെത്തി പാടശേഖരത്തിൽ കൃഷി ഇറക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തും കടുങ്ങല്ലൂർ കൃഷി ഭവനും എടയാറ്റുചാൻ നെല്ലുൽപാദക സമിതിയും സഹകരിച്ചാണ് ഇവിടെ പൊൻകതിർ വിളയിക്കാനൊരുങ്ങുന്നതെന്ന് എടയാറ്റുചാൽ നെല്ലുൽപാദകസമിതി പ്രസിഡൻറും ആലങ്ങാട് ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ പി.എ. അബൂബക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.