ആലുവ: പൊതുജനാരോഗ്യരംഗത്ത് സംസ്ഥാനത്തിനുതന്നെ മാതൃകയായ ആലുവ ബ്ലഡ് ബാങ്ക് പ്ലേറ്റ്ലെറ്റ്സ് ശേഖരണ - വിതരണ രംഗത്തും കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു. റീജനൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻറർ എന്ന ആലുവ ബ്ലഡ് ബാങ്കിൽ ഒരാളിൽനിന്ന് ഒരേസമയം കൂടുതൽ പ്ലേറ്റ്ലെറ്റ് ശേഖരിക്കുന്ന പ്ലേറ്റ്ലെറ്റ്സ് ഫെറേസിസ് സൗകര്യവും ഒരുങ്ങി. സംസ്ഥാനത്തെ മൂന്ന് മെഡിക്കൽ കോളജുകളിൽ മാത്രമാണ് ആരോഗ്യവകുപ്പിനുകീഴിൽ ഈ സൗകര്യമുള്ളത്. നിലവിൽ ഒരാളിൽനിന്ന് ഒരേസമയം ഒരു യൂനിറ്റ് പ്ലേറ്റ്ലെറ്റ് മാത്രമാണ് ശേഖരിക്കാൻ കഴിയുക. അത് നൽകുന്നയാൾക്ക് പിന്നീട് മൂന്നുമാസം കഴിഞ്ഞശേഷമേ വീണ്ടും നൽകാൻ കഴിയൂ. അതിനാൽ എട്ട് യൂനിറ്റ് പ്ലേറ്റ്ലെറ്റ്സ് ഒരു രോഗിക്ക് ആവശ്യം വന്നാൽ എട്ട് ദാതാക്കളെ കണ്ടെത്തേണ്ടതുണ്ട്.
പ്ലേറ്റ്ലെറ്റ്സ് ഫെറേസിസ് സൗകര്യമുണ്ടെങ്കിൽ ഈ പ്രയാസങ്ങളില്ല. ഒരാളിൽനിന്ന് ഒരേസമയം ആറുമുതൽ എട്ടു യൂനിറ്റ് വരെ പ്ലേറ്റ്ലെറ്റ് ശേഖരിക്കാൻ ഈ യന്ത്രത്തിലൂടെ സാധിക്കും. ദാതാവിന് ഒരാഴ്ച കഴിഞ്ഞാൽ വീണ്ടും പ്ലേറ്റ്ലെറ്റ് നൽകുകയും ചെയ്യാം. ദാതാവിന്റെ ശരീരത്തിൽ ഘടിപ്പിക്കുന്ന ഈ യന്ത്രത്തിലൂടെ ദാതാവിന്റെ രക്തം മുഴുവൻ കടത്തിവിട്ട് തിരികെ ശരീരത്തിലേക്ക് പ്രവേശിപ്പിക്കും. ഇതിനിടയിൽ യന്ത്രത്തിലെ പ്രത്യേക അരിപ്പയിലൂടെ ആവശ്യത്തിനുള്ള പ്ലേറ്റ്ലെറ്റ് മാത്രം വേർതിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. രണ്ട് മണിക്കൂറോളമാണ് ഇതിന് വേണ്ടിവരുക. ഇത്തരത്തിൽ ഒരാളിൽനിന്ന് േപ്ലറ്റ്ലെറ്റ് ശേഖരിക്കുന്നതിനുള്ള കിറ്റിന് 8500 രൂപയോളം ചെലവ് വരും.
ബ്ലഡ് ബാങ്ക് ഉപകരണങ്ങൾ നിർമിക്കുന്ന ജാപ്പനീസ് ഇന്ത്യൻ കമ്പനിയായ ടെർമോ പെൻപോൾ കമ്പനിയാണ് അവരുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് ആലുവ ബ്ലഡ് ബാങ്കിന് ഈ യന്ത്രം നൽകിയത്. 20 ലക്ഷത്തോളം രൂപയാണ് ഇതിന്റെ വില. ഈ മാസം പത്തിനാണ് ആലുവ ബ്ലഡ് ബാങ്കിൽ േപ്ലറ്റ് ഫെറേസിസ് സൗകര്യമുപയോഗിച്ച് ആദ്യമായി േപ്ലറ്റ് ലെറ്റ് എടുക്കുന്നത്. 25 വർഷമായി ഇവിടെ സേവനം ചെയ്യുന്ന ടെക്നീഷൻ ബീനയാണ് ആദ്യമായി േപ്ലറ്റ് ലെറ്റ് നൽകുന്നതെന്ന് ബ്ലഡ് ബാങ്ക് ഇൻ-ചാർജ് ഡോ.എൻ.വിജയകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.