ആലുവ: തിരക്കേറിയ ആലുവ-കാലടി റോഡിൽ യാത്രക്കാരുടെ ദുരിതയാത്ര തുടരുന്നു. ഇടക്കിടെ ദീർഘനേരം അടഞ്ഞുകിടക്കുന്ന പുറയാർ റെയിൽവേ ഗേറ്റാണ് ഇതിന് കാരണം.
യാത്രക്കാരുടെ ദുരിതം തുടരുമ്പോഴും റെയിൽവേ മേൽപാലം സ്വപ്നമായി തുടരുന്നു. ആലുവ നിയോജകമണ്ഡലത്തിലെ സ്വപ്ന പദ്ധതികളിലൊന്നായ റെയിൽവേ പാലം നിർമാണ പ്രഖ്യാപനം നടന്നിട്ട് ഏഴുവർഷമായി. എന്നാൽ, തുടർ നടപടികളുണ്ടായില്ല. ഇതുമൂലം ഇതുവഴി യാത്ര ചെയ്യുന്നവർ നരകയാതനയിലാണ്.
തുരുത്ത്-മഹിളാലയം പാലം വന്നതോടെ നിരവധി ടോറസ്, ടിപ്പർ ലോറികളുമടക്കമുള്ള ധാരാളം വാഹനങ്ങൾ ഈ വഴി സഞ്ചാരപാതയാക്കി. അതോടെ റോഡിലും വാഹന തിരക്കായി.
ജോലി സ്ഥലത്തും സ്കൂളുകളിലും സമയത്ത് എത്തിപ്പെടാൻ കഴിയാതെ വിഷമിക്കുകയാണ് തൊഴിലാളികളും വിദ്യാർഥികളും. നീണ്ട സമയത്തെ ഗേറ്റ് അടക്കൽ കഴിഞ്ഞ് തുറക്കുമ്പോൾ സമയക്രമം പാലിക്കാൻ കഴിയാതെ വരുന്ന സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലാണ്. ഇത് പലപ്പോഴും വാഹനാപകടങ്ങൾക്ക് ഇടയാക്കുന്നു.
വർഷങ്ങൾ പിന്നിട്ട മേൽപാലത്തിനുള്ള കാത്തിരിപ്പിന് ഇനിയും നീളാതെ റെയിൽവേ മേൽപാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് റെയിൽവേ മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകുമെന്ന് ഭാരവാഹികൾ
പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.