ആലുവ: ആശുപത്രി അധികൃതർ മരണം ഉറപ്പിച്ച വയോധികന് പുനർജന്മം. മസ്തിഷ്കമരണം സംഭവിച്ചെന്നും വെൻറിലേറ്റർ നീക്കിയാൽ ഒരുമണിക്കൂറിനകം മരണം ഉറപ്പാണെന്നും എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ വിധിയെഴുതിയ ആളാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ആലുവ കൊടികുത്തുമല ആയത്ത് വീട്ടിൽ മൂസക്കാണ് (72) എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ മരണം ഉറപ്പിച്ചത്. ഒരുവർഷം മുമ്പ് ഹൃദയാഘാതത്തെത്തുടർന്ന് മൂസയെ എറണാകുളത്തെ ഇതേ ആശുപത്രിയിൽ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. തുടർന്ന് ഇവിടത്തെ ചികിത്സയിലായിരുന്നു.
കഴിഞ്ഞ എട്ടിന് ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് ആലുവ നജാത്ത് ആശുപത്രിയിലെത്തിച്ചപ്പോൾ ഹൃദയാഘാത സാധ്യതയാണെന്ന സംശയത്തെത്തുടർന്ന് എറണാകുളത്ത് നേരേത്ത ചികിത്സിച്ച ആശുപത്രിയിലേക്ക് മടക്കി. അവിടെയെത്തിയ ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ വെറ്റിലേറ്ററിലാക്കി. മൂസക്ക് മസ്തിഷ്ക മരണം സംഭവിച്ചെന്നും വെൻറിലേറ്റർ നീക്കിയാൽ ഒരു മണിക്കൂറിനകം മരണം ഉറപ്പാണെന്നും അന്ന് രാത്രിതന്നെ ഡോക്ടർമാർ അറിയിച്ചു. തുടർന്നാണ് വീട്ടിലേക്ക് മാറ്റാൻ ബന്ധുക്കൾ തീരുമാനിച്ചത്. ആംബുലൻസ് ആശുപത്രിയിൽനിന്ന് മൂന്ന് കിലോമീറ്റർ പിന്നിട്ട് പാലാരിവട്ടം എത്തിയപ്പോഴേക്കും മൂസയുടെ കണ്ണുകൾ നന്നായി തുറക്കുകയും ശ്വാസം നന്നായി വലിക്കുകയും ചെയ്തു.
ഇതോടെ ബന്ധുക്കൾ ആലുവ നജാത്ത് ആശുപത്രിയിലേക്ക് മൂസയെ എത്തിച്ചു. ഇവിടെയുള്ള ഡോക്ടർമാരുടെ പരിശോധനയിൽ മസ്തിഷ്കമരണം സംഭവിച്ചിട്ടില്ലെന്ന് ബോധ്യമായി. ആദ്യം സാധാരണ മുറിയിൽ പ്രവേശിപ്പിക്കപ്പെട്ട മൂസയെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റി. ഇവിടത്തെ ചികിത്സയെ തുടർന്ന് ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട മൂസയെ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തിയ മൂസക്ക് തനിയെ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും സാധിക്കുന്നുണ്ട്. എറണാകുളത്തെ ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. എറണാകുളത്തെ ആശുപത്രിയിൽ 50,000 രൂപയും
ചികിത്സക്ക് ചെലവായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.